മുംബൈ: വിവാഹം കഴിഞ്ഞ് നാല്‍പ്പത്തിയെട്ടാം ദിവസം യുവതി ഭര്‍തൃവീട്ടില്‍ ജീവനൊടുക്കി. മുംബൈ, താനെ സ്വദേശി വിശാഖ തില്‍ക്കര്‍ (26) ആണ് ജീവനൊടുക്കിയത്. ഏപ്രില്‍ 30 ന് ആണ് വിശാഖയും ഡോക്ടര്‍ നിതിനും തമ്മില്‍ വിവാഹിതരായത്.
വിവാഹം കഴിഞ്ഞതിന്റെ പിറ്റേ ദിവസം തൊട്ട് സ്ത്രീധനത്തിന്റെ പേരില്‍ വിശാഖയ്ക്കു പീഡനം അനുഭവിക്കേണ്ടിവന്നതായി ബന്ധുക്കള്‍ ആരോപിച്ചു. തങ്ങളുടെ അന്തസിനു അനുസരിച്ച് സ്ത്രീധനം നല്‍കിയില്ലെന്ന് ആരോപിച്ചാണ് മാനസിക- ശാരീരിക പീഡനം ആരംഭിച്ചതെന്നു പറയുന്നു. കൂടുതല്‍ സ്വര്‍ണ്ണവും പണവും കൊണ്ടുവരണമെന്നായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പ്രധാന ആവശ്യം. എന്നാല്‍ വിശാഖ അതിനു തയ്യാറായില്ല. ഇതിനു ശേഷം യുവതിയുടെ കിടപ്പു മുറിയിലും പുറത്തും സി സി ടി വി ക്യാമറകള്‍ സ്ഥാപിച്ച് വിശാഖയുടെ ഓരോ ചലനങ്ങളും ഭര്‍ത്താവും വീട്ടുകാരും നിരീക്ഷിച്ചിരുന്നുവെന്നു പറയുന്നു. രണ്ടുദിവസം മുമ്പ് അയല്‍ക്കാരിയായ ഒരു സ്ത്രീയോട് വിശാഖ സംസാരിച്ചിരുന്നു. ഇതിന്റെ പേരില്‍ ഭര്‍ത്താവ് വിശാഖയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നു യുവതിയുടെ വീട്ടുകാര്‍ ആരോപിച്ചു.







