കൈകൂപ്പി അപേക്ഷിച്ചിട്ടും വിദ്യാര്‍ഥികളെ ബസില്‍ കയറ്റിയില്ല; സ്വകാര്യ ബസ് കണ്ടക്ടറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന സ്വകാര്യ ബസ് കണ്ടക്ടർക്കെതിരെ നടപടിയെടുത്ത് ഗതാഗത വകുപ്പ്. വടക്കാഞ്ചേരി-കുന്നംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന റോയക്‌സ് ഗ്രൂപ്പിന്റെ പ്രിയമോള്‍ ബസിലെ കണ്ടക്ടര്‍ മംഗലം ചീരോത്ത് വളപ്പില്‍ രാമദാസിന്റെ ലൈസന്‍സ് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇതോടൊപ്പം കണ്ടക്ടര്‍ നിര്‍ബന്ധിത ബോധവല്‍ക്കരണ ക്ലാസിനും ഹാജരാകണമെന്നും ജോയിന്റ് ആര്‍ടിഒ നിർദ്ദേശിച്ചു. കുട്ടികള്‍ കൈകൂപ്പി അപേക്ഷിച്ചിട്ടും കണ്ടക്ടര്‍ ഇവരെ ബസില്‍ കയറ്റാന്‍ തയ്യാറായില്ല. സമീപത്തുണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്റെ വീഡിയോ എടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. ക്ലേലിയ ബാര്‍ബിയേറി ഹോളി ഏയ്ഞ്ചല്‍സ് ഹൈസ്‌കൂളിലെ പത്താം ക്ലാസിലെ എട്ട് ആണ്‍കുട്ടികള്‍ സ്‌പെഷല്‍ ക്ലാസിനു ശേഷം വീട്ടിലേക്കു ബസില്‍ മടങ്ങാന്‍ സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് സംഭവം. ബസ്സിൽ കയറാൻ വന്ന വിദ്യാർത്ഥികളെ കണ്ടക്ടര്‍ മാറ്റി നിര്‍ത്തി. ബസ് പുറപ്പെടുമ്പോള്‍ കയറിയാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. വരിയായി ഇവര്‍ കാത്തു നിന്നെങ്കിലും നാലു കുട്ടികളെ മാത്രം കണ്ടക്ടര്‍ ബസിനുള്ളിലേക്കു കടത്തിവിടുകയും മറ്റുള്ളവരെ തടഞ്ഞു വെക്കുകയും ചെയ്തു. ബസ് പുറപ്പെടാൻ ഒരുങ്ങിയതോടെ കണ്ടക്ടറോട് കയറാന്‍ അനുവാദം തേടിയ വിദ്യാര്‍ഥികളിലൊരാള്‍ ഒടുവില്‍ കൈകൂപ്പി അപേക്ഷിച്ചെങ്കിലും കണ്ടക്ടര്‍ തയ്യാറായില്ല. ഈ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page