കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്ത് ഒന്നാം വാര്‍ഡായ കുണിയയില്‍ തെരുവുനായ ശല്യം അതിരൂക്ഷം. സ്‌കൂള്‍,മദ്രസ കുട്ടികള്‍ യാത്ര ചെയ്യുന്നത് ഭീതിയോടെ. ഇതിനിടയില്‍ കുണിയ, തെക്കേക്കുന്നില്‍ നാസറിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട് തകര്‍ത്ത തെരുവുനായക്കൂട്ടം 18 കോഴികളെ കൊന്നു. അഞ്ചു പൂവന്‍കോഴികളെയും പത്തോളം പിടക്കോഴികളെയും കുഞ്ഞുങ്ങളെയുമാണ് കൊന്നത്. നാലു കോഴികളെ തെരുവുനായകള്‍ കടിച്ചുകൊണ്ടു പോയതായി വീട്ടുകാര്‍ പറഞ്ഞു. ഇന്ന് (വ്യാഴം) രാവിലെയാണ് കോഴികളെ കൊന്നൊടുക്കിയ നിലയില്‍ കണ്ടതെന്നു വീട്ടുകാര്‍ പറഞ്ഞു.
കുണിയ വാര്‍ഡിലെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നേരത്തെയുണ്ട്. കുണിയ സ്‌കൂള്‍ പരിസരം, തെക്കേക്കുന്ന്, കപ്പണക്കാല്‍, സ്‌കൂള്‍ ഗ്രൗണ്ട്, ബിലാല്‍നഗര്‍ ഭാഗങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിട്ടുള്ളത്. നായകളുടെ ആക്രമണ ഭീഷണി കാരണം കുട്ടികള്‍ സ്‌കൂളിലും മദ്രസയിലും പോകാന്‍ ഭയപ്പെടുന്നുവെന്നു നാട്ടുകാര്‍ പറഞ്ഞു. പ്രശ്‌നത്തിനു അടിയന്തിര നടപടി വേണമെന്ന് കൂട്ടിച്ചേര്‍ത്തു.







