കാസര്‍കോട് : ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളില്‍ മഴക്കാലം തുടങ്ങിയതോടെ ഈച്ചകളുടെ ശല്യം രൂക്ഷമാവുന്നു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ട്. മീന്‍ മാര്‍ക്കറ്റുകളിലും ഇറച്ചി കടകളിലും ഈച്ച ശല്യം വര്‍ദ്ധിക്കുന്നുണ്ട്. ഈച്ചകളെ കുറച്ചെങ്കിലും നിയന്ത്രിക്കാവുന്ന ‘ഇന്‍സ്‌കട് കില്ലര്‍’ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കച്ചവടക്കാര്‍ ഉപയോഗപ്പെടുത്തുമില്ല. ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് കണ്ണടക്കുന്നതായും ആക്ഷേപമുണ്ട്.
പനിയും വയറിളക്കവും ഛര്‍ദിയും രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങളിലെ ഈച്ച ശല്യം വ്യാപകമാകുന്നത്. ഇത് രോഗവ്യാപനത്തിനു ഇടയാക്കുമെന്ന് ആശങ്കയുണ്ട്.
സംസ്ഥാനത്ത് ഗുരുതരമായ ഷിഗല്ല, നിപ്പ അടക്കമുള്ള രോഗങ്ങള്‍ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ഭക്ഷ്യവകുപ്പ് പരിശോധന കര്‍ശനമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. ഭക്ഷ്യ സുരക്ഷാവകുപ്പിനോട് പരിശോധന ശക്തമാക്കാന്‍ ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്. ഭക്ഷ്യവസ്തുക്കള്‍ മൂടിവെക്കാതെയും പ്രതിരോധ മാര്‍ഗങ്ങള്‍ തേടാതെയും അലക്ഷ്യമായി വില്‍പ്പനക്ക് വെക്കുന്നത് കര്‍ശനമായി നിയന്ത്രിക്കണമെന്നു ഉപഭോക്താക്കളും ആവശ്യപ്പെടുന്നു.







