മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം; ആള്‍ക്കൂട്ടം ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുള്ളിലിട്ട് ചുട്ടുകൊന്നു

റായ്പുര്‍: ഛത്തീസ്ഗഢില്‍ മണല്‍ ഖനനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ ആള്‍ക്കൂട്ടം കാറിനുള്ളിലിട്ട് ചുട്ടുകൊന്നു. കോറിയ ജില്ലയിലെ സോന്‍ഹട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നൗഗൈന്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.
ബിജെപി നേതാവും മുന്‍ ജനപദ പഞ്ചായത്ത് പ്രസിഡന്റുമായ ഭരത് സിംഗ് (ലല്ല സിംഗ്), ബന്ധുവും അധ്യാപകനുമായ നാഗേന്ദ്ര സിംഗ്, വീരേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മണല്‍ ഖനന കരാറിനെച്ചൊല്ലി ഭരത് സിംഗിന്റെ കുടുംബവും മറ്റൊരു ബിജെപി നേതാവായ മനോജ് ത്രിപാഠിയുടെ കുടുംബവും തമ്മില്‍ മാസങ്ങളായി പ്രശ്‌നം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. തര്‍ക്കത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച നടത്താന്‍ ഭരത് സിംഗ് പോയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. പരിഹാരമാകാതെ തിരിച്ചുവരുന്നതിനിടെ ഭരത് സിംഗും സംഘവും സഞ്ചരിച്ച വാഹനം ഒരുസംഘം ആളുകള്‍ തടഞ്ഞു. പിന്നാലെ പെട്രോള്‍ ഒഴിച്ച് കാറിന് തീയിടുകയായിരുന്നു. ഭരത് സിംഗ് വാഹനത്തിനുള്ളില്‍ വെച്ച് തന്നെ മരിച്ചു. നാഗേന്ദ്ര സിംഗും വീരേന്ദ്ര സിംഗും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. സംഭവത്തില്‍ അക്ഷത് ത്രിപാഠി, വിശാല്‍ ത്രിപാഠി, സത്യപ്രകാശ് ത്രിപാഠി, മന്നു ത്രിപാഠി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒമ്പത് പേര്‍ക്കെതിരെ കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു. സംഘര്‍ഷം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page