പി പി ചെറിയാൻ
വാഷിംഗ്ടൺ: അമേരിക്കയിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഡ്യുലോക്സെറ്റിൻ’ എന്ന വിഷാദരോഗ മരുന്ന് വിപണിയിൽ നിന്ന് വൻതോതിൽ തിരിച്ചുവിളിക്കുന്നു. മരുന്നിൽ ക്യാൻസറിന് കാരണമായേക്കാവുന്ന ‘എൻ-നൈട്രോസോ-ഡ്യുലോക്സെറ്റിൻ’എന്ന രാസവസ്തുവിന്റെ അളവ് അനുവദനീയമായതിലും കൂടുതലായി കണ്ടെത്തിയതിനെ തുടർന്നാണിത് .
ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ‘തോവ’ ഉത്പാദിപ്പിച്ച 3,70,000-ത്തോളം കുപ്പി മരുന്നുകളാണ് യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടത്. ‘സിംബാൽറ്റ’എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന ഈ മരുന്ന് വിഷാദം, ഉത്കണ്ഠ, വിട്ടുമാറാത്ത ശരീരവേദന എന്നിവയ്ക്കാണ് സാധാരണയായി നൽകാറുള്ളത്.
തൽക്കാലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി. എന്നാൽ, ഡോക്ടറുടെ നിർദ്ദേശമില്ലാതെ രോഗികൾ ഈ മരുന്ന് കഴിക്കുന്നത് പെട്ടെന്ന് നിർത്തരുതെന്നും, പകരം സംവിധാനങ്ങൾക്കായി ഫാർമസിസ്റ്റിനെയോ ഡോക്ടറെയോ സമീപിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







