കാട്ടുപോത്തിറങ്ങിയെന്ന പ്രചരണം പുല്ലൂരിലും പരിസരങ്ങളിലും പരിഭ്രാന്തി പരത്തി; സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ…

കാസര്‍കോട്: പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ ഹരിപുരം, പുല്ലൂര്‍ നിവാസികള്‍ ഇന്ന് രാവിലെ ഉണര്‍ന്നത് നാട്ടില്‍ രണ്ടു കാട്ടുപോത്തുകള്‍ ഇറങ്ങിയെന്ന വാര്‍ത്ത കേട്ടാണ്. പുല്ലൂര്‍ പഴയ പാലം വഴി വെള്ളിക്കോത്ത് ഭാഗത്ത് നിന്നാണ് കാട്ടുപോത്തുകളെത്തിയതെന്നാണ് പ്രചാരണം ഉണ്ടായത്. പോത്തുകള്‍ ജീവനും കൊണ്ടോടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ നാടെങ്ങും പരിഭ്രാന്തി പടര്‍ന്നു.
പുല്ലൂര്‍ പാലത്തില്‍ നിന്നു ദേശീയ പാതയില്‍ കയറിയ പോത്തുകള്‍ പടിഞ്ഞാറ്റയില്‍ തറവാട് വളപ്പിലെത്തി. ആള്‍ക്കാര്‍ ഓടിക്കൂടിയതോടെ പോത്തുകള്‍ മതിലുകൾ ചാടി കടന്ന് നിരവധി വീട്ടുവളപ്പുകള്‍ വഴി കണ്ണാങ്കോട്ടേക്കു കടന്നു. നിരവധി വീടുകള്‍ ഉള്ള പ്രദേശമാണ് കണ്ണാങ്കോട്. പോത്തുകളുടെ മുന്നില്‍ അകപ്പെട്ടാല്‍ വലിയ അപകടത്തിനു ഇടയാക്കുമെന്ന ഭീതി ഉയര്‍ന്നതോടെ ചിലര്‍ വിവരം വകുപ്പ് അധികൃതരെയും പൊലീസിനെയും അറിയിച്ചു. കുട്ടികള്‍ സ്‌കൂളുകളില്‍ പോകുന്ന നേരമായതിനാല്‍ അധികൃതര്‍ വിവരം അതിഗൗരവത്തിലെടുത്തു. ഇതിനിടയിലാണ് ചിത്താരി ഭാഗത്ത് നിന്ന് രണ്ട് പേര്‍ സ്ഥലത്തെത്തിയത്. അറവു കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ട പോത്തുകളെ തേടിയാണ് ആള്‍ക്കാര്‍ എത്തിയത്. ഇതോടെ പുല്ലൂരിൽ കണ്ടത് കാട്ടുപോത്തല്ല എന്ന പ്രചരണവും ഉണ്ടായി. എന്നാൽ വനം വകുപ്പ് അധികൃതർ ബുധനാഴ്ച ഉച്ചകഴിഞ്ഞ് പുല്ലൂർ, സുവർണമൊട്ടയിലെത്തി നടത്തിയ പരിശോധനയിൽ നാട്ടിലിറങ്ങിയത് കാട്ടുപോത്തുകളാണെന്നു തിരിച്ചറിഞ്ഞു. രാത്രിയോടെ പോത്തുകളെ സുരക്ഷിത കേന്ദ്രത്തിലേയ്ക്ക് മാറ്റാനാണ് വനം വകുപ്പ് അധികൃതരുടെ തീരുമാനം. സ്ഥലത്ത് നിരവധി പേർ എത്തിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page