കാസർകോട് : മോദി സർക്കാരിന്റെ 12 വർഷത്തെ ഭരണം രാജ്യത്തെ വികസനരംഗത്തെ സുവർണ്ണകാലമാണെന്ന് ബിജെപി മേഖല പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു. കേരളത്തിന്റെ സമസ്ത മേഖലകളിലും പ്രയോജനപ്രദമായ വികസന മാതൃകകൾ സൃഷ്ടിക്കാൻ മോദി സർക്കാരിന് കഴിഞ്ഞെന്നു കാസർകോട്ട് വാർത്താസമ്മേളന ത്തിൽ അദ്ദേഹം പറഞ്ഞു.യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ വികസനത്തിനു കേരളത്തിന് ലഭിച്ചത് 372 കോടി രൂപ ആയിരുന്നു. അതേസമയം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽകേന്ദ്ര സർക്കാർ 3,042 കോടി രൂപ അനുവദിച്ചു. സംസ്ഥാനത്ത് റെയിൽവേ വൈദ്യുതീകരണം 100 ശതമാനം പൂർത്തിയാക്കി.യുപിഎ സർക്കാരിന്റെ 10 വർഷ കാലയളവിൽ കേരളത്തിന് കേന്ദ്ര ഗ്രാന്റ്-ഇൻ-എയ്ഡ് ആയി കേവലം 25,629.7 കോടി രൂപ ലഭിച്ചപ്പോൾ, 2014-24 കാലയളവിൽ എൻഡിഎ സർക്കാരിന്റെ കീഴിൽ കേരളത്തിന് ഗ്രാന്റ്-ഇൻ-എയ്ഡ് ആയി 1,43,117 കോടി രൂപ മോദി സർക്കാർ നൽകി. കേരളത്തിന്റെ വികസനത്തിനായി 3.13 ലക്ഷം കോടി രൂപ നരേന്ദ്ര മോദി സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടിവെള്ളം, പാർപ്പിടം, വൈദ്യുതി, ജൻധൻ ബാങ്ക് അക്കൗണ്ടുകൾ, പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതികൾ, ഉജ്ജ്വല ഗ്യാസ് കണക്ഷൻ തുടങ്ങിയ ജനക്ഷേമ പദ്ധതികൾ മോദിസർജക്കാർ കേരളത്തിൽ നടപ്പിലാക്കി. അഞ്ച് ലക്ഷം രൂപ വരെ സൗജന്യ കിടത്തി ചികിത്സ ലഭ്യമാക്കുന്ന പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് പദ്ധതിയും ലോക റെക്കോർഡ് നേടിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.90 ശതമാനം വരെ വിലക്കുറവിൽ മരുന്നുകൾ ജൻ ഔഷധി കേന്ദ്രങ്ങൾ വഴി ലഭ്യമാക്കാൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 2026 ഫെബ്രുവരി വരെ കേരളത്തിൽ 1,775 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിച്ചതായും ശ്രീകാന്ത് അറിയിച്ചു.പെരിയയിലെ കേന്ദ്ര സർവകലാശാലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി വിവിധ പദ്ധതികളിലൂടെ 130 കോടി രൂപയ്ക്ക് പുറമെ സാമൂഹ്യനീതി വകുപ്പ് 15 കോടി രൂപയും ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് 90 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. അക്കാദമിക ആവശ്യങ്ങൾക്കായി കഴിഞ്ഞ വർഷം 70 കോടി രൂപ കേന്ദ്ര സർവകലാശാലയ്ക്ക് വേണ്ടി നരേന്ദ്ര മോദി സർക്കാർ നൽകിയിട്ടുണ്ട്.കാസർഗോഡ് റെയിൽവേ സ്റ്റേഷനെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മികച്ച ആധുനിക റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. കാഞ്ഞങ്ങാട് ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ വികസനത്തിനും കാര്യമായ ധനസഹായം അനുവദിച്ചുകൊണ്ട് കാസർകോട് ജില്ലയെയും കേന്ദ്ര സർക്കാർ ചേർത്തുപിടിച്ചക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.







