കാസർകോട്: പത്തു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 31 വർഷം കഠിനതടവും ഇരുപത്തിയേഴായിരം രൂപ പിഴയും ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ 8 മാസം അധികം തടവിനും ശിക്ഷ വിധിച്ചു. കരുവഞ്ചാൽ വായാട്ട് പറമ്പ് തെക്കയിൽ വീട്ടിൽ ജോഷി ജോസഫിനെ(56) യാണ് ഹോസ്ദുർഗ് അതിവേഗ സ്പെഷൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെ ആണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്.
പെൺകുട്ടി താമസിച്ചിരുന്ന വീടിന്റെ തൊട്ടടുത്ത മുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു.
കേസിൽ ആദ്യാന്വേഷണം നടത്തിയത് അന്നത്തെ ഇൻസ്പെക്ടർ ഓഫ് പോലീസ് ആയിരുന്ന കെ പി ഷൈൻ ആണ്. തുടർന്നുള്ള അന്വേഷണം നടത്തി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ എസ് എം എസ് ഡിവൈഎസ് പി ടി ഉത്തംദാസുമാണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ എ ഗംഗാധരൻ ഹാജരായി. എയ്ഡ് പ്രോസിക്യൂഷൻ ഡ്യൂട്ടിയിൽ എഎസ്ഐ ശോഭനയും കോടതിയിൽ ഹാജരായി.






