കാസർകോട്: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പൊലീസ് നടത്തിയ റെയ്ഡിൽ പട്ളയിൽ വൻ ലഹരി വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 21,873 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. മധൂർ പട്‌ള ലക്ഷംവീട് കോളനിയിലെ കെ ഇബ്രാഹിം ബാത്ഷ(36) ആണ് അറസ്റ്റിലായത്. നിരോധിത പാൻമസാലയും കടത്താൻ ഉപയോഗിച്ച കാറും വിൽപ്പനയിലൂടെ ലഭിച്ച പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചയോടെ വിദ്യാനഗർ സബ് ഇൻസ്പെക്ടർ എസ് അനൂപും സംഘവും നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. ‘ഓപ്പറേഷൻ തൂഫാൻ’ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സ്റ്റേഷൻ പരിധിയിൽ വാഹന പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് പട്‌ള സ്കൂളിന് സമീപം സംശയാസ്പദമായ രീതിയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. കാറിന്റെ ഗ്ലാസിലൂടെ നോക്കിയപ്പോൾ അകത്ത് ചാക്കുകെട്ടുകൾ കണ്ടതിനെ തുടർന്ന് ഡോഗ് സ്ക്വാഡിന്റെ സഹായം തേടി. പിന്നീട് നാട്ടുകാരുടെയും സഹായത്തോടെ കാറിന്റെ പിൻസീറ്റിൽ ഒളിപ്പിച്ച ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തി. കാറിന്റെ ഡാഷ് ബോർഡിൽ സൂക്ഷിച്ചിരുന്ന 1,040 രൂപയും പിടിച്ചെടുത്തു. എസ്, ജൂനിയർ എസ്.ഐ ഉമേശൻ, സി.പി.ഒമാരായ രമേഷ്, നജേഷ്, ബിനു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.







