കല്പറ്റ: കമ്പളക്കാട് കോട്ടത്തറ വൈപ്പടിയില്‍ 85 കാരിയുടെ മരണത്തില്‍ വഴിത്തിരിവ്. വയോധികയെ കൊലപ്പെടുത്തിയത് പതിനാറുകാരന്‍. പണംചോദിച്ചത് നല്‍കാത്തതിലുള്ള വിരോധമാണ് കൊലയ്ക്ക് കാരണമായത്. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പില്‍ ഹാജരാക്കി. കഴിഞ്ഞ മെയ് 24-ന് വൈകീട്ടാണ് കോട്ടത്തറ വൈപ്പടിയില്‍ തനിച്ചുതാമസിച്ചിരുന്ന കുത്തിനി വീട്ടില്‍ പാത്തു(85)വിനെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വയനാട് ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റ്മോര്‍ട്ടത്തിലാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്. ശരീരത്തിലെ പല ഭാഗങ്ങള്‍ക്കും പരിക്കുകളും
കഴുത്തിലെ എല്ലുകള്‍ക്കും ഇടതു വാരിയെല്ലുകള്‍ക്കും പൊട്ടലുമുണ്ടായിരുന്നു. പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ കല്പറ്റ ഡിവൈ.എസ്.പി. അഷ്റഫ് തേങ്ങലക്കണ്ടിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ്, പൊലീസിലെ മറ്റു വിഭാഗങ്ങളെല്ലാം ചേര്‍ന്ന് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കുട്ടിയെ സംശയിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടി കുറ്റം സമ്മതിച്ചു. ക്രൂരമായി മര്‍ദിച്ച് വീടിന്റെ കിടപ്പുമുറിയില്‍വെച്ച് കഴുത്തില്‍ വള്ളിചുറ്റിയാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
നിരന്തരം ശല്യക്കാരനായതിനെ തുടര്‍ന്ന് കുട്ടിയെക്കുറിച്ച് മുന്‍പും പരാതികള്‍ ലഭിച്ചിട്ടുണ്ട്. പണത്തിന് വേണ്ടി സ്ത്രീകളെ നിരന്തരം ശല്യം ചെയ്യുന്നതായി പരാതിയുണ്ടായിരുന്നു.







