അരീക്കോട്: മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഹരിവില്‍പന നടത്തിവന്ന അന്തര്‍സംസ്ഥാന ശൃംഖലയിലെ പ്രധാനികള്‍ പൊലീസിന്റെ പിടിയിലായി. അരീക്കോട് കൈപ്പകുളത്തെ ഒരു സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് നാലംഗ സംഘത്തെ പിടകൂടിയത്. മുഹമ്മദ് ദില്‍ഷാദ് (24), ഷഹല്‍ നമാസ് (21), സജ്മീര്‍ (34), ഫിദാ ഫാത്തിമ (20) എന്നിവരാണ് പിടിയിലായ പ്രതികള്‍. ഇവരില്‍ നിന്നും വിപണിയില്‍ വന്‍ വിലമതിക്കുന്ന 14.120 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. മഞ്ചേരി, അരീക്കോട്, കാവനൂര്‍, പൂക്കളത്തൂര്‍, തൃപ്പനച്ചി തുടങ്ങിയ പ്രദേശങ്ങളിലെ ലഹരി വിതരണത്തിന്റെ പ്രധാന ഉറവിടമായിരുന്നു ഈ സംഘമെന്ന് പൊലീസ് പറയുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി എഎസ്പി കാര്‍ത്തിക് ബാലകുമാര്‍, അരീക്കോട് ഇന്‍സ്പെക്ടര്‍ ശൈലേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഡാന്‍സാഫ് സംഘവും അരീക്കോട് പൊലീസും സംയുക്തമായി ‘ഓപ്പറേഷന്‍ തൂഫാന്‍’ എന്ന പേരില്‍ ലോഡ്ജില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. പിടിയിലായവരില്‍ മുഹമ്മദ് ദില്‍ഷാദ്, സജ്മീര്‍ എന്നിവര്‍ മുന്‍പും സമാനമായ ലഹരിക്കടത്ത് കേസുകളില്‍പ്പെട്ട് ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഫാത്തിമ ബംഗളൂരുവിലെ കോളേജ് വിദ്യാര്‍ഥിനിയാണ്. വിദ്യാര്‍ത്ഥികളെ കെണിയിലാക്കാന്‍ പെണ്‍കുട്ടികളെ അടക്കം സംഘത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.







