ഷാങ്ഹായ് നഗരത്തിലെ രണ്ടു വിസ്മയങ്ങൾ – ഷുജിയാജിയോവിലെ ജല നഗരവുംഷാങ്ഹായ് നഗരത്തിലെ അക്രോബാറ്റിക് ഷോയും

കൊടക്കാട് നാരായണൻ

ഷാങ്ഹായുടെ തിരക്കേറിയ നഗരഹൃദയത്തിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്ത് ഞങ്ങൾ എത്തിയത് പുരാതന ജലനഗരമായ ഷുജിയാജിയോവിൽ.
കൽപ്പാലങ്ങളും ഇടുങ്ങിയ കനാലുകളും തുഴഞ്ഞുനീങ്ങുന്ന ചെറുവഞ്ചികളും നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന വീടുകളും ചേർന്ന് ചിത്രകാരന്റെ ക്യാൻവാസ് പോലെ മനോഹരമായ കാഴ്ച. നമ്മുടെ കുമരകവും ആലപ്പുഴ കായലും കാസർകോട്ടുകാരുടെ ഇടയിലെക്കാടും വലിയ പറമ്പും പോലെ രമണീയം.
ഷുജിയാജിയോവിലെ കനാലുകൾക്കരികിലൂടെ നടക്കുമ്പോൾ കേരളത്തിലെ ശാന്തമായ പ്രഭാതങ്ങളാണ് ഓർമ്മയിലോടിയെത്തിയത്.. ജലപാതകളിലൂടെ നീങ്ങുന്ന വഞ്ചികൾ കാണുമ്പോൾ കോട്ടപ്പുറത്തെ കെട്ടുവള്ളങ്ങളുടെ മന്ദഗതിയിലുള്ള യാത്ര മനസ്സിൽ തെളിഞ്ഞു.

ജല നഗരത്തിൽ ഏറ്റവും കൂടുതൽ ആകർഷിച്ചത് കടകളിൽ തുറന്നു വെച്ച വേറിട്ട വിഭവങ്ങളാണ്.
തേൾ, ഓന്ത്, പട്ടുനൂൽ പുഴുവിന്റെ കോശം,
പച്ചത്തുള്ളൻ,ചീവീട്,
ഝിംഗുര്‍ പ്രാണി അഥവാ സിക്കാഡ,വണ്ട്,
പാറ്റ,പഴുതാര,വലിയ ചിലന്തി,കടൽക്കുതിര,
കടൽനക്ഷത്രം,നീരാളി,കണവ,കടൽച്ചൊറി,പാമ്പ്,തവളക്കാൽ, താറാവിന്റെ നാവ്,
താറാവിന്റെ കാൽ,വിവിധ തരം കീടങ്ങൾ, കടൽജീവികൾ …….. കമ്പികളിൽ തൂക്കിയും , റാക്കുകളിൽ നിരത്തിയിട്ടും പ്രദർശിപ്പിച്ചിരിക്കുന്നു. എല്ലാം ചൈനക്കാരുടെ വിശിഷ്ട ഭക്ഷണങ്ങളാത്രെ. കണ്ടപ്പോൾ ആദ്യം തോന്നിയത് അത്ഭുതവും ചെറിയൊരു ഭയവും. എന്നാൽ യാത്ര എന്നത് പുതിയ അനുഭവങ്ങളെ സ്വീകരിക്കലാണല്ലോ.ശരി തന്നെ. 34 അംഗ . ടീമിൽ പരീക്ഷണത്തിന് എന്നോടൊപ്പം തയ്യാറായത് കോഴിക്കോട് നിന്നുള്ള രഘുനാഥ് മാത്രം ! തേൾ തന്നെയാകട്ടെ ആദ്യം.
ചൂടായ എണ്ണയിൽ സ്വർണവർണമാകുന്നതുവരെ വറുത്തെടുത്ത തേൾക്കഷണങ്ങൾ കൈയിലെത്തിയപ്പോൾ മനസ്സിൽ ആദ്യം തെളിഞ്ഞത് നമ്മുടെ നാട്ടിലെ ചെമ്മീൻ വറുത്തതായിരുന്നു. ധൈര്യം സമ്പാദിച്ച് ഒരു കഷണം രുചിച്ചപ്പോൾ പുറംഭാഗത്ത് നല്ല ക്രിസ്പിനസ്സും ഉള്ളിൽ നേരിയ കടൽവിഭവസമാനമായ രുചിയും അനുഭവപ്പെട്ടു. പ്രതീക്ഷിച്ചതുപോലെ ഭയാനകമൊന്നുമല്ലായിരുന്നു.
പട്ടുപുഴുവിന്റെ കോശങ്ങൾക്കും ചിലന്തിക്കും വണ്ടിനും സൂപ്പർ ടേസ്റ്റ് . എല്ലാം വറുത്തെടുക്കുന്ന രീതി കൗതുകം നിറഞ്ഞതാണ്. മുളകുപൊടിയും വിവിധ മസാലകളും ചേർത്ത് പാകം ചെയ്ത അവയുടെ രുചി മലയാളിക്ക് എളുപ്പം സ്വീകരിക്കാൻ പ്രയാസമായിരിക്കും.. സാമ്പാറും ചിക്കനും മാത്രം നിറയുന്ന തീൻ മേശയിലെ വ്യത്യസ്തമായ അനുഭവമായി ചൈനീസ് സ്പെഷൽ .

ചില കടകളിൽ ചെറുമീനുകൾ, ഒക്ടോപസ്, കടൽച്ചിപ്പികൾ തുടങ്ങിയവ തീയിൽ ചുട്ടും മസാലകൾ പുരട്ടിയും വിൽക്കുന്നുണ്ടായിരുന്നു. അവയുടെ സുഗന്ധം പരിചിതമായിരുന്നെങ്കിലും രൂപം അപരിചിതമായതിനാൽ ഓരോ കഷണവും ഒരു ചെറിയ സാഹസിക പരീക്ഷണം പോലെ അനുഭവപ്പെട്ടു.
അവിടുത്തെ വ്യാപാരികൾ ഈ വിഭവങ്ങളെ നൂറ്റാണ്ടുകളായി പ്രാദേശിക ഭക്ഷ്യസംസ്കാരത്തിന്റെ ഭാഗമായി കാണുമ്പോൾ, ഒരു മലയാളി യാത്രികന് അത് ഭക്ഷണത്തെക്കാൾ കൂടുതൽ സംസ്കാരങ്ങളെ മനസ്സിലാക്കാനുള്ള അവസരമായിരുന്നു.
അവസാനം വാട്ടർ സ്ട്രീറ്റിൽ നിന്ന് മടങ്ങുമ്പോൾ മനസ്സിൽ സ്പെഷൽ ചിന്തയും ചേക്കേറി.
“രുചി നാവിനുള്ളത് മാത്രമല്ല; അത് സംസ്കാരങ്ങളുടെ കഥ പറയുന്ന ഒരു ഭാഷ കൂടിയാണ്. തേൾ വറുത്തതും പട്ടുപുഴു പൊരിച്ചതും എനിക്ക് മുൻപ് പരിചിതമല്ലെങ്കിലും , ലോകത്തെ വ്യത്യസ്ത കണ്ണുകളിലൂടെ കാണാൻ അവ എന്നെ പഠിപ്പിച്ചു.”
ഷുജിയാജിയോയിലെ വാട്ടർ സ്ട്രീറ്റ് അതിനാൽ ഒരു ഭക്ഷണവിപണി മാത്രമല്ല; ലോകത്തിന്റെ വൈവിധ്യമാർന്ന രുചികളും ജീവിതരീതികളും ഒത്തുചേരുന്ന ഒരു തുറന്ന സാംസ്കാരിക പാഠശാല കൂടിയാണ്.
ഷാങ് ഹായ് നഗരത്തിലെ വെനീസ് എന്നറിയപ്പെടുന്ന ഷുജിയാജിയോവിലെ ജലനഗര സഞ്ചാരം വേറിട്ട അനുഭവമാണെങ്കിലും സമയക്കുറവ് കാരണം ഉപേക്ഷിച്ചു.
പുലരിയുടെ മൃദുലപ്രകാശത്തിൽ കനാലുകളുടെ തീരത്തെത്തിയപ്പോൾ, വെള്ളത്തിനുമേൽ ഒഴുകുന്ന ചെറു വഞ്ചികളും ഇരുവശങ്ങളിലുമായി നിരന്നുനിൽക്കുന്ന മിംഗ്-ക്വിങ് കാലഘട്ടത്തിലെ കെട്ടിടങ്ങളും കണ്ണിൽ പതിഞ്ഞു. കല്ലുപാകിയ ഇടവഴികളിലൂടെ നടക്കുമ്പോൾ, ഓരോ ചുവടും നൂറ്റാണ്ടുകളുടെ കഥകൾ പറഞ്ഞുപോവുന്നതുപോലെ തോന്നി.
പുരാതന പാലങ്ങളുടെ നഗരം
ഷുജിയാജിയോവിന്റെ മറ്റൊരു പ്രത്യേകത അതിന്റെ കൽപ്പാലങ്ങളാണ്. 30-ലധികം പുരാതന പാലങ്ങൾ വിവിധ കനാലുകളെ ബന്ധിപ്പിക്കുന്നു. അവയിൽ ഏറ്റവും പ്രശസ്തമായത് ഫാങ്ഷംഗ് പാലമാണ്. 1571-ൽ നിർമ്മിക്കപ്പെട്ട ഈ അഞ്ചു കമാനങ്ങളുള്ള കൽപ്പാലം ജലനഗരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. പാലത്തിന്റെ മുകളിലെത്തി നോക്കുമ്പോൾ കനാലുകളിലൂടെ സഞ്ചരിക്കുന്ന വഞ്ചികളും വെള്ളത്തിൽ പ്രതിഫലിക്കുന്ന പഴയ വീടുകളും ചേർന്ന് വേറിട്ട കാഴ്ച ഒരുക്കി.
ഏകദേശം 1700 വർഷത്തിലേറെ പഴക്കമുള്ള ഷുജിയാജിയോവ് പുരാതനകാലത്ത് വ്യാപാരകേന്ദ്രമായിരുന്നു. യാങ്‌സി നദീതടത്തെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിച്ചിരുന്ന ജലപാതകളിലൂടെ അരി, പട്ട്, ചായ, കരകൗശല വസ്തുക്കൾ എന്നിവയുടെ വ്യാപാരം നടന്നിരുന്നു. ഈ ജലവ്യാപാരമാണ് പട്ടണത്തെ സമ്പന്നമാക്കിയത്. അതുകൊണ്ടുതന്നെ “വാട്ടർ മാർക്കറ്റ് ടൗൺ” എന്ന വിശേഷണവും ലഭിച്ചു. പതിനേഴ് നൂറ്റാണ്ട് പഴക്കമുള്ള വ്യാപാര കേന്ദ്രത്തെ യാതൊരു പോറലുമേൽക്കാതെ കാലത്തിന് യോജിച്ച മാറ്റങ്ങളോടെ നിലനിർത്തുന്നതിൽ ചൈന കാണിക്കുന്ന മാതൃക അതുല്യമാണ്.
ഇന്നും കനാലുകളുടെ കരകളിൽ പരമ്പരാഗത കടകൾ, ചായക്കടകൾ, കൈത്തറി ഉൽപ്പന്നങ്ങൾ, പ്രാദേശിക വിഭവങ്ങൾ എന്നിവ കാണാം. വഞ്ചിയിൽ എത്തി സാധനങ്ങൾ വാങ്ങിയിരുന്ന പഴയകാലത്തിന്റെ ഓർമ്മകൾ ഇന്നും ഈ മാർക്കറ്റിന്റെ അന്തരീക്ഷത്തിൽ ജീവിക്കുന്നു എന്നത് വിസ്മയം തന്നെയാണ്.
ഇനി മറ്റൊരു വിസ്മയം.

ഷാങ്ഹായിലെ അക്രോബാറ്റിക് ഷോകൾ:

.ഷാങ്ഹായിലെ അക്രോബാറ്റിക് ഷോകൾ ലോകപ്രശസ്തമാണ്. പ്രത്യേകിച്ച് ഇറ : ഇന്റർ സെക്ഷൻ ഓഫ് ടൈം പോലുള്ള പരിപാടികൾ ചൈനയുടെ പുരാതന സർക്കസ് പാരമ്പര്യവും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിക്കുന്ന വിസ്മയ കാഴ്ചകളാണ്.
ഷാങ്ഹായുടെ രാത്രിവെളിച്ചങ്ങൾക്കിടയിൽ വേദി തെളിഞ്ഞപ്പോൾ, മനുഷ്യശരീരം ഗുരുത്വാകർഷണത്തെ വെല്ലുവിളിക്കുന്ന കാഴ്ചകളുടെ ഉത്സവമായി മാറി. ആകാശത്ത് പറക്കുന്നവരെപ്പോലെ കലാകാരന്മാർ, സംഗീതത്തിന്റെ താളത്തിൽ വിസ്മയങ്ങൾ തീർത്തു. ഓരോ ചാട്ടവും, ഓരോ സന്തുലനവും, ഓരോ പുഞ്ചിരിയും വർഷങ്ങളുടെ പരിശീലനത്തിന്റെയും അർപ്പണബോധത്തിന്റെയും കഥ പറഞ്ഞു. ആ രാത്രി ഞങ്ങൾ കണ്ടത് ഒരു ഷോ മാത്രമായിരുന്നില്ല; മനുഷ്യസാധ്യതയുടെ അതിരുകൾ കടന്ന ഒരു കലാവിസ്മയമായിരുന്നു.
ജീവൻ തുലാസിലാടുന്ന ഗ്ലോബ് ബൈസിക്കിൾ റൈഡ് തന്നെയാണ് ഷോയിലെ ആവേശകരമായ പ്രകടനം. ഇരുമ്പുകമ്പികൾ കൊണ്ട് തീർത്ത 6 മുതൽ 8 മീറ്റർ വരെ വ്യാസമുള്ള
ഒരു ഭീമൻ അത്ഭുത ഗോളം!
പുറത്തുനിന്ന് നോക്കുമ്പോൾ ഒരു സാധാരണ കൂടു പോലെ തോന്നുമെങ്കിലും, അതിനുള്ളിൽ അരങ്ങേറുന്നത് മനുഷ്യ ധൈര്യത്തിന്റെ അതിരുകൾ ഭേദിക്കുന്ന ഒരു വിസ്മയമാണ്.
ആദ്യം ഒരു അഭ്യാസി സൈക്കിൾ ഓടിച്ചു കൊണ്ട് ഗോളത്തിനുള്ളിലേക്ക് കടക്കുന്നു. പിന്നെ രണ്ടാമൻ, മൂന്നാമൻ… അങ്ങനെ ഒന്നിനു പുറകെ ഒന്നായി എട്ട് സൈക്കിളുകൾ!
നിമിഷങ്ങൾക്കകം ഗോളം മുഴുവൻ ചക്രങ്ങളുടെ ഗർജനം കൊണ്ട് മുഖരിതമാവു ന്നു. ഒരാൾ മുകളിലേക്ക് പായുമ്പോൾ മറ്റൊരാൾ താഴേക്ക് കുതിക്കുന്നു; ഒരാൾ ഇടത്തേക്ക് ചുറ്റുമ്പോൾ മറ്റൊരാൾ വലത്തേക്ക് പാഞ്ഞടുക്കുന്നു. ഒരു ചെറുപിഴവ് പോലും കൂട്ടിയിടിയായി മാറാവുന്ന ആ നിമിഷങ്ങളിൽ, ഓരോ സവാരിക്കാരനും മറ്റുള്ളവരുടെ ജീവന്റെ കാവൽക്കാരനായി മാറുന്നു.
ഗോളത്തിനുള്ളിൽ മിന്നലുകൾ പായുന്നതുപോലെ ചക്രങ്ങൾ കറങ്ങുമ്പോൾ, പ്രേക്ഷകരുടെ ഹൃദയങ്ങളും അതേ വേഗത്തിൽ മിടിക്കുന്നു. ഭൗതികശാസ്ത്രത്തിന്റെ നിയമങ്ങളെയും മനുഷ്യന്റെ ഭയങ്ങളെയും ഒരുപോലെ വെല്ലുവിളിക്കുന്ന ആ കാഴ്ച, ധൈര്യവും പരിശീലനവും വിശ്വാസവും ചേർന്നൊരു മഹാസിംഫണിയാണ്.
വേഗവും കേന്ദ്രാഭിമുഖബലവും റൈഡർമാർ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന കേന്ദ്രാഭിമുഖബലം അവരെ ഗോളത്തിന്റെ ഭിത്തിയോട് ചേർത്തുനിർത്തുന്നു. അതുകൊണ്ടാണ് തലകീഴായി പോലും അവർ സഞ്ചരിക്കുന്നത്.
ഓരോ റൈഡർക്കും നിശ്ചിത പാതയും സമയക്രമവുമുണ്ട്. ഒരു സെക്കൻഡിന്റെ ചെറിയ പിഴവ് പോലും അപകടത്തിന് കാരണമായേക്കാം.
റൈഡർമാർ തമ്മിലുള്ള പരസ്പര വിശ്വാസവും ഏകോപനവുമാണ് ഈ പ്രകടനത്തിന്റെ വിജയത്തിന് ഏറ്റവും പ്രധാനം. ഓരോരുത്തരും മറ്റുള്ളവരുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കണം.
ഈ കലാകാരന്മാർ വർഷങ്ങളോളം പരിശീലനം നേടിയവരാണ്. ആദ്യം ഒരാൾ മാത്രം ഗോളത്തിനുള്ളിൽ അഭ്യാസം നടത്തും. തുടർന്ന് ക്രമേണ രണ്ടും മൂന്നും പേരായി വർധിപ്പിച്ചാണ് പരിശീലനം. സുരക്ഷാ സംവിധാനങ്ങളോടെയാണ് പരിശീലനഘട്ടങ്ങൾ നടക്കുന്നത്.
തലകീഴായുള്ള സഞ്ചാരം,
അതിവേഗ ക്രോസിംഗുകൾ,
ഒരേസമയം നിരവധി മോട്ടോർസൈക്കിളുകളുടെ ചലനം,
എൻജിനുകളുടെ മുഴക്കവും ലൈറ്റ് ഇഫക്റ്റുകളും,
ഇവയൊക്കെയാണ് പ്രേക്ഷകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്.
ഇരുമ്പുഗോളത്തിനുള്ളിൽ ചക്രങ്ങൾ കൊടുങ്കാറ്റായി പായുമ്പോഴും, ആകാശത്ത് മനുഷ്യർ പക്ഷികളായി പറക്കുമ്പോഴും, ഇവരുടെ പ്രകടനം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു സത്യമാണ് — ധൈര്യം എന്നത് ഭയമില്ലായ്മയല്ല; ഭയത്തെ കൂട്ടുപിടിച്ച് അസാധ്യത്തെ സാധ്യമാക്കുന്ന മനസ്സിന്റെ പേരാണ്.
അവസാനമായി താരങ്ങളെല്ലാം വേദിയിൽ അണി നിരന്നപ്പോൾ പ്രേക്ഷകരുടെ നിർത്താത്ത കയ്യടി. എട്ടംഗ സംഘത്തിലെ ഏക വനിതയെ കാണികൾ ഹർഷാരവത്തോടെയാണ് അഭിനന്ദിച്ചത്.

ജീവൻ പണയം വെച്ച ആകാശ നൃത്തമാണ് മറ്റൊന്ന്.
ഷാങ്ഹായിലെ അക്രോബാറ്റിക് ഷോകളുടെ ആത്മാവെന്ന് വിശേഷിപ്പിക്കാവുന്ന ഇനമാണ് ആകാശനൃത്തം . ഭൂമിയുടെ അതിരുകൾ മറികടന്ന് ആകാശത്ത് മനുഷ്യശരീരം എഴുതുന്ന കവിതയാണ് ഈ കലാരൂപം.
നിലത്തുനിന്ന് പതിനായിരക്കണക്കിന് അടി ഉയരമല്ലെങ്കിലും, വേദിക്ക് മുകളിൽ 10 മുതൽ 30 മീറ്റർ വരെ ഉയരത്തിൽ തൂക്കിയിട്ടിരിക്കുന്ന കയറുകൾ, സിൽക്ക് തുണിത്തരങ്ങൾ, വളയങ്ങൾ, ട്രാപ്പീസ് എന്നിവയുടെ സഹായത്തോടെയാണ് കലാകാരന്മാർ പ്രകടനം നടത്തുന്നത്.
പ്രകടനത്തിനിടെ അവർ വായുവിൽ പറക്കുന്നതുപോലെ ചലിക്കുന്നു.
തലകീഴായി തൂങ്ങുന്നു.
കറങ്ങുകയും മലക്കംമറിയുകയും ചെയ്യുന്നു.
ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വായുവിൽ ചാടി പിടിക്കുന്നു.

ആകാശനർത്തകർക്ക് സാധാരണ നർത്തകരേക്കാൾ കഠിനമായ പരിശീലനമാണ് ലഭിക്കുന്നത്.
ശാരീരിക ശക്തി കൈകൾ, തോളുകൾ, വയറിലെ പേശികൾ, കാലുകൾ എന്നിവ അസാധാരണമായ ശക്തിയുള്ളവയായിരിക്കണം.
വഴക്കം പ്രധാനമാണ്. ശരീരം പലവിധ ആകൃതികളിലേക്ക് വളയ്ക്കാൻ കഴിയണം.
ഏകാഗ്രതയാണ് മറ്റൊന്ന്. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും അപകടത്തിന് കാരണമായേക്കാം..
പല കലാകാരന്മാരും ബാല്യകാലം മുതൽ തന്നെ പരിശീലനം ആരംഭിക്കുന്നു.
കമ്പ്യൂട്ടർ നിയന്ത്രിത ലൈറ്റുകൾ,
ലേസർ ഇഫക്റ്റുകൾ,
പ്രത്യേക സംഗീതസംവിധാനങ്ങൾ,
സുരക്ഷിതമായ സ്റ്റീൽ കേബിളുകൾ,തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഷോയുടെ മികവ്കൂട്ടുന്നു.
തുടരും…..
നാളെ: ചൈന അതി വേഗം ചലിക്കുന്നു. ഉയരങ്ങളിലേക്ക്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page