ബംഗ്‌ളൂരു: ഭര്‍ത്താവിന്റെ ഓണ്‍ലൈന്‍ ഗെയിമില്‍ പൊറുതിമുട്ടി മക്കളെയും കൂട്ടി പിണങ്ങിപ്പോയ ഭാര്യയെ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ബംഗ്‌ളൂരു, മഹാദേവപുരത്താണ് അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. ഹോംഗാര്‍ഡായ മഞ്ജുള (32)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിനു ശേഷം കാണാതായ ഭര്‍ത്താവ് പ്രദീപി (36)നെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.
സംഭവത്തെ കുറിച്ച് അധികൃതര്‍ പറയുന്നത് ഇങ്ങിനെ-”പതിനഞ്ചു വര്‍ഷം മുമ്പാണ് പ്രദീപും മഞ്ജുളയും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തില്‍ രണ്ടു മക്കളുണ്ട്. അടുത്ത കാലത്തായി ഓണ്‍ലൈന്‍ ഗെയിമിനു അടിമപ്പെട്ട പ്രദീപ് കുറച്ചു കാലമായി കുടുംബകാര്യങ്ങളിലൊന്നും ശ്രദ്ധിക്കാതെയായി. ഇത് കുടുംബ പ്രശ്നങ്ങൾക്ക് ഇടയാക്കി . ഇതേ തുടര്‍ന്ന് ഹോംഗാര്‍ഡായ മഞ്ജുള മക്കളെയും കൂട്ടി കഴിഞ്ഞദിവസം സ്വന്തം വീട്ടിലേയ്ക്ക് പോയി. പിറ്റേ ദിവസം പ്രദീപ്, ഭാര്യാ വീട്ടിലെത്തി. തെറ്റുപ്പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞ് ഭാര്യയെ കെട്ടിപ്പിടിച്ചു ആശ്വസിപ്പിച്ചു. തൊട്ടു പിന്നാലെ സ്വഭാവം മാറിയ പ്രദീപ് കൈയില്‍ കരുതിയിരുന്ന കത്തി കൊണ്ട് ഭാര്യയെ മക്കളുടെ കണ്‍മുന്നിലിട്ട് തുരാതുരാ കുത്തുകയായിരുന്നു. 22 തവണ കുത്തേറ്റ മഞ്ജുള സ്ഥലത്തു തന്നെ മരിച്ചു വീണു. കുട്ടികളുടെ നിലവിളി കേട്ട് അയല്‍ക്കാരും മറ്റും ഓടിക്കൂടുന്നതിനിടയില്‍ പ്രദീപ് ഓടി രക്ഷപ്പെടുകയായിരുന്നു. ”







