കാസർകോട്: പള്ളിക്കര കല്ലിങ്കാലിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് മുങ്ങി മരിച്ച ചങ്ങനാശ്ശേരി സ്വദേശികളായ യുവാക്കളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും. അപ്പു ടി എബ്രഹാം (20), അങ്കിത്(20) എന്നിവരാണ് മരിച്ചത്. ബാർ ജീവനക്കാരായിരുന്ന മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം ജോലിക്കുശേഷം നാട് കാണാനിറങ്ങിയതിനിടയിലാണ് പള്ളിക്കരയിലെത്തിയത്.
പള്ളിക്കര ചേറ്റുകുണ്ടിനും കല്ലിങ്കലിനും ഇടയിൽ ആളൊഴിഞ്ഞ കടൽത്തീരത്ത് ഇവർ കുളിക്കാൻ ഇറങ്ങുകയായിരുന്നു. അതിനിടെ അങ്കിതിനെയും അപ്പുവിനെയും കടലിൽ കാണാതായി. വിവരത്തെ തുടർന്ന് എത്തിയ നാട്ടുകാരും പോലീസും ഫയർഫോഴ്സും ഞായറാഴ്ച രാത്രി വരെ തിരച്ചിൽ നടത്തിയിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
തളങ്കരയിലെ ബേക്കൽ തീരദേശ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ശേഷം അവർ മൃതദേഹങ്ങൾ ചങ്ങനാശ്ശേരിയിലേക്ക് കൊണ്ടുപോയി. അങ്കിതിന്റെ സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നിന് ചീരംചിറ സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ നടക്കും.
ചങ്ങനാശ്ശേരി ചീരഞ്ചിറ ചാത്തൻതറ ബാലന്റെയും ആശയുടെയും മകനാണ് അങ്കിത്. സഹോദരങ്ങൾ: അമല, അൽക്ക. പാത്താമുട്ടം തേമ്പള്ളിൽ പരേതനായ എബിയുടെയും ലൈസാമ്മയുടെയും മകനാണ് അപ്പു ടി. എബ്രഹാം. സഹോദരൻ: അച്ചു ടി. എബ്രഹാം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11-ന് വീട്ടിലെ ശുശ്രൂഷയ്ക്കുശേഷം വാകത്താനം സെയ്‌ൻറ് ജോൺസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ നടക്കും.






