മഞ്ചേശ്വരത്തു നിന്നു കാണാതായ മദ്രസ വിദ്യാര്‍ത്ഥികളായ രണ്ടു പേരെ ബംഗ്‌ളൂരുവില്‍ കണ്ടെത്തി; ഹോസ്റ്റലില്‍ നിന്നു കാണാതായ 2 പെണ്‍കുട്ടികള്‍ ബന്ധുവീട്ടിലേക്ക് തിരിച്ചെത്തി

കാസര്‍കോട്: രണ്ടു വ്യത്യസ്ത സംഭവങ്ങളില്‍ മഞ്ചേശ്വരത്തു നിന്നു കാണാതായ രണ്ടു പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നാലു വിദ്യാര്‍ത്ഥികളും സുരക്ഷിതര്‍. ആണ്‍കുട്ടികളെ ബംഗ്‌ളൂരുവില്‍ നിന്നു കണ്ടെത്തിയപ്പോള്‍, രണ്ടു പെണ്‍കുട്ടികള്‍ സുരക്ഷിതരായി കാസര്‍കോട്ടെ ബന്ധുവീട്ടില്‍ തിരിച്ചെത്തി.
കുഞ്ചത്തൂര്‍, സ്വാഗത് ഹോട്ടലിനു സമീപത്തെ 13,14 വയസ്സുള്ള മദ്രസാ വിദ്യാര്‍ത്ഥികളായ രണ്ടു ആണ്‍കുട്ടികളെ ശനിയാഴ്ച വൈകുന്നേരം അഞ്ചരമണിയോടെയാണ് വീടുകളില്‍ നിന്നു കാണാതായത്. ബന്ധു നല്‍കിയ പരാതി പ്രകാരം മഞ്ചേശ്വരം പൊലീസ് കേസെടുത്ത് കേരളത്തിലും കര്‍ണ്ണാടകയിലും തെരച്ചില്‍ നടത്തുന്നതിനിടയിലാണ് ഇരുവരെയും ബംഗ്‌ളൂരു ബസ് സ്റ്റാന്റില്‍ കണ്ടെത്തിയത്. മഞ്ചേശ്വരം പൊലീസ് നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ബസ് സ്റ്റാന്റില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന കര്‍ണ്ണാടക പൊലീസാണ് കുട്ടികളെ ഇന്നലെ (ഞായര്‍)വൈകുന്നേരത്തോടെ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസും കുട്ടികളുടെ ബന്ധുക്കളും ബംഗ്‌ളൂരുവിലേക്ക് പോയി. ഇന്ന് (തിങ്കള്‍) ഉച്ചയോടെ കുട്ടികളെ മഞ്ചേശ്വരത്ത് എത്തിച്ച് മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

മറ്റൊരു സംഭവത്തില്‍ വൊര്‍ക്കാടി, നീരോളിക്കെയിലെ സ്വകാര്യ ട്രസ്റ്റിന്റെ കീഴിലുള്ള ഹോസ്റ്റലില്‍ നിന്നു 15,14 വയസ്സ് പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെ ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയാണ് കാണാതായത്. ട്രസ്റ്റ് അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. റെയില്‍വെ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ കോട്ടയം ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറിപ്പോയതായി കണ്ടെത്തിയിരുന്നു. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടയില്‍ രണ്ടു കുട്ടികളും ഞായറാഴ്ച രാത്രിയോടെ കാസര്‍കോട്ടെ ബന്ധുവീട്ടില്‍ എത്തുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മൊഴിയെടുത്ത ശേഷം പെൺകുട്ടികളെ കോടതിയില്‍ ഹാജരാക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page