ദൈവസ്മരണയോടെ ക്ഷേത്ര മോഷണം; അമ്പലക്കള്ളന്‍ അറസ്റ്റില്‍

കൊല്ലം: ദൈവഭക്തിയും ക്ഷേത്രത്തിന്റെ പരിപാവനതയെക്കുറിച്ചുള്ള ആത്മീയ ബോധവും ക്ഷേത്രക്കവര്‍ച്ചയിലും പാലിച്ച മോഷ്ടാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റു ചെയ്തു.
കൊല്ലം നെടുമ്പന വേപ്പിന്‍മുക്കിനടുത്തെ തടത്തില്‍ പുത്തന്‍വീട്ടില്‍ രതീഷി(30)നെയാണ് കണ്ണനെല്ലൂര്‍ പൊലീസ് പിടികൂടിയത്. ജൂണ്‍ 10ന് ഉച്ചക്ക് പുലയില വേങ്ങനാട് ശ്രീ ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നിന്ന് ഓടുകൊണ്ടുണ്ടാക്കിയ വിളക്കുകളും മറ്റു പൂജാ സാധനങ്ങളും ഇയാള്‍ മോഷ്ടിച്ചിരുന്നു. ഉച്ചക്ക് നടയടച്ച് പൂജാരിയും മറ്റും ഭക്ഷണം കഴിക്കാന്‍ പോയ നേരം നോക്കി ക്ഷേത്രത്തിലെത്തിയ രതീഷ് ഗേറ്റിനടുത്തെത്തിയപ്പോള്‍ ചെരുപ്പൂരി വച്ചു. അതിനു ശേഷം നെഞ്ചിലും നെറ്റിയിലും തൊട്ടു ദൈവത്തെ വന്ദിച്ചു. തുടര്‍ന്ന് മതില്‍ കടന്ന് ക്ഷേത്ര കോമ്പൗണ്ടിലെത്തിയ ഇയാള്‍ ഓടു കൊണ്ടുണ്ടാക്കിയ നിലവിളക്കുകളും മറ്റു പൂജാ ഉപകരണങ്ങളും വാരിയെടുത്തു കൈയില്‍ കരുതിയിരുന്ന ചാക്കില്‍ നിറച്ചു. ഓരോ സാധനങ്ങള്‍ അപഹരിക്കുമ്പോളും ദൈവഭക്തി പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, അമ്പലത്തിന്റെയും അമ്പലപരിസരത്തിന്റെയും ശുദ്ധിയും പവിത്രതയും പരിരക്ഷിക്കുന്നതില്‍ ഇയാള്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. കളവു മുതലുമായി ക്ഷേത്രം കടന്നതും ദൈവത്തോട് ഭക്തി പ്രകടിപ്പിച്ച ശേഷമായിരുന്നു.

അമ്പലവാസികള്‍ ഭക്ഷണം കഴിഞ്ഞു മടങ്ങിയെത്തിയപ്പോഴാണ് ദീപം തെളിക്കുന്ന നിലവിളക്കും ചന്ദനത്തിരിയും കര്‍പ്പൂരവും കത്തിക്കുന്ന ഓടുകൊണ്ടുണ്ടാക്കിയ പാത്രങ്ങളും കാണാതായ കാര്യം അറിഞ്ഞത്. അവര്‍ വിവരം ഉടന്‍ ക്ഷേത്ര ഭാരവാഹികളെ അറിയിച്ചു. അവര്‍ ക്ഷേത്രത്തിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം കണ്ണനല്ലൂര്‍ പൊലീസില്‍ പരാതിപ്പെട്ടു.
സ്ഥലത്തെത്തിയ പൊലീസ് സിസിടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് മോഷ്ടാവിന്റെ ദൈവഭക്തി കണ്ടെത്തിയത്. ഭക്തനായതു കൊണ്ട് കാര്യമില്ലല്ലോ അമ്പലക്കളനായിപ്പോയില്ലേ. പൊലീസിനു വെല്ലുവിളി ഉയര്‍ത്തിയ കള്ളനെ കണ്ടെത്താന്‍ അവര്‍ നാടാകെ അരിച്ചുപെറുക്കി. അതിനിടയിലാണ് പൊലീസ് സ്റ്റേഷനടുത്തെ ഒരു ആളൊഴിഞ്ഞ വീട്ടില്‍ നിന്നു ദൈവഭക്തനായ മോഷ്ടാവിനെ പൊലീസ് പിടികൂടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മറ്റു ചില അമ്പലങ്ങളിലും ഇയാള്‍ കളവു നടത്തിയ വിവരം കണ്ടെത്തി. കൂടുതല്‍ ക്ഷേത്രങ്ങളില്‍ ഇയാള്‍ കവര്‍ച്ച നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. എല്ലായിടത്തും പകല്‍നേരങ്ങളിലായിരുന്നു കവര്‍ച്ചയെന്നു പ്രതി പൊലീസിനോടു സമ്മതിച്ചതായി അറിയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page