കാസര്‍കോട്: കുപ്രസിദ്ധ അന്തര്‍ സംസ്ഥാന വാഹന കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍. ഹരിയാന പല്‍വാല്‍, ലാല്‍ഘോഡി സ്വദേശി ബല്‍ദേവ് സിംഗി(60)യാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശ പ്രകാരം അറസ്റ്റു ചെയ്തത്. ഉത്തര്‍ പ്രദേശ് യമുന നദിക്കരികിലെ ടപ്പല്‍ എന്ന സ്ഥലത്തെ ഒളിവു കേന്ദ്രത്തില്‍ വച്ച് ക്രൈം ബ്രാഞ്ച് എസ് ഐ മധുസൂദനന്‍, എ എസ് ഐ മാരായ ബിജു, രാജേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്.
22 വര്‍ഷം മുമ്പ് കണ്ണൂര്‍ ടൗണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വാഹനമോഷണക്കേസിലെ പിടികിട്ടാപ്പുള്ളിയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇതു കൂടാതെ മറ്റു ഒന്‍പതു കവര്‍ച്ചാ കേസുകളിലും ബല്‍ദേവ് പ്രതിയാണ്. ഇയാള്‍ക്കെതിരെ തലശ്ശേരി കോടതിയില്‍ പത്തു അറസ്റ്റു വാറന്റുകള്‍ നിലവിലുള്ളതായി പൊലീസ് പറഞ്ഞു. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം നടന്നുവെങ്കിലും ഹരിയാന, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒളിത്താവളങ്ങള്‍ മാറിക്കൊണ്ടിരിക്കുകയായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു.






