‘ഇപ്പോള്‍ ഒന്നും പറയാനില്ല’, വിസിമാര്‍ ആര്‍ എസ് എസ് വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെഎം ഷാജി

കാസര്‍കോട്: വിസിമാര്‍ ആര്‍ എസ് എസ് വേദിയില്‍ പങ്കെടുത്ത സംഭവത്തില്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി മന്ത്രി കെ എം ഷാജി. വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയാനില്ല. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകളോട് എതിര്‍പ്പുണ്ടെന്നും മൈക്ക് കാണുമ്പോള്‍ എപ്പോഴും പ്രതികരിക്കണമെന്നില്ലെന്നും കെഎം ഷാജി പറഞ്ഞു. കാസര്‍കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ വലുതാണ്. ഉടന്‍ പരിഹാരം സാധ്യമാകുന്ന ഒന്നല്ല. തല്‍ക്കാലം സഹിക്കുകയെ നിവൃത്തിയുള്ളു. അത് സര്‍ക്കാരിന്റെ വീഴ്ച്ച ആണെന്ന് വേണമെങ്കില്‍ വിമര്‍ശിച്ചോളൂ. ഈസര്‍ക്കാര്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നു കെഎം ഷാജി പറഞ്ഞു. അതേസമയം കാസര്‍കോടിന്റെ വികസനകാര്യത്തില്‍, മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആരോഗ്യ മേഖലയിലെ വിഷയങ്ങള്‍ പരിഹരിക്കുന്നതിനാണ് പ്രധാന പരിഗണന നല്‍കുകയെന്ന് മന്ത്രി പറഞ്ഞു. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി കാണുന്നു. മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കും. നിലവില്‍ ആനുകൂല്യ പട്ടികയില്‍ നിന്ന് പുറത്തായവരെ ഉള്‍പ്പെടുത്തുന്ന കാര്യവും പരിശോധിക്കും. അര്‍ഹരായ ഒരാളും സര്‍ക്കാര്‍ സഹായങ്ങളില്‍ നിന്ന് പുറത്താകാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page