നാരായണന്‍ പേരിയ
നാട്ടിലുണ്ടാവുന്ന ജനക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കാന്‍ എം എല്‍ എ മാരും എം പി മാരും ആണ് പരിഗണിക്കപ്പെടുന്നതെങ്കിലും പ്രഥമ പരിഗണന മന്ത്രിമാര്‍ക്കാണ്. നാട്ടില്‍ നടക്കുന്നത് എന്തും ഉദ്ഘാടനം ചെയ്യണം. അത് നാട്ടുനടപ്പ്. തുടക്കം കുറിക്കുക എന്നാണ് ഉദേശിക്കുന്നത്. പ്രയോഗത്തിന്റെ അര്‍ത്ഥം തുറക്കുക എന്നാണ്.
ഉദ്ഘാടനച്ചടങ്ങിന്റെ നടപടി ക്രമം നിര്‍ദ്ദേശിക്കുന്നത് പരിപാടിയുടെ സംഘാടകരാണ്. കെട്ടിടത്തിന്റെ ഉദ്ഘാടനമാണെങ്കില്‍, പ്രധാന പ്രവേശന കവാടത്തില്‍ വിലങ്ങനെ വലിച്ചു കെട്ടിയ റിബ്ബണ്‍ മുറിച്ച് സാങ്കല്‍പ്പികമായ തടസ്സം നീക്കി ഉദ്ഘാടകനായ വിശിഷ്ടാതിഥി ആദ്യം അങ്ങോട്ട് പ്രവേശിക്കും. പിന്നാലെ മറ്റുള്ളവരും. പുതുതായി നിര്‍മ്മിച്ച കെട്ടിടം തുറന്നു കൊടുക്കുന്ന ചടങ്ങാണിത്. നിലവിളക്കില്‍ തിരി കൊളുത്തുക ഏത് പരിപാടിയുടെയും ഉദ്ഘാടന രീതിയാണ്.
ഇവിടെ അതും വിവാദ ഹേതുവാകുന്നു. ഇക്കാലത്ത് ആകുന്നതല്ല, ആക്കുന്നത്- മതപരമായ വിശ്വാസാചാരങ്ങളുടെ പേരില്‍ എന്തും തല്‍പ്പര കക്ഷികള്‍ക്കു തര്‍ക്കത്തിനു കാരണമാണല്ലോ. നിലവിളക്കില്‍ തിരി കൊളുത്തുക എന്നത് ഹൈന്ദവാചാരമാണത്രേ. മെഴുകുതിരി കൊളുത്തുക ക്രൈസ്തവാചാരം. ഇതുപോലെ ഇസ്ലാമികാചാരമുണ്ടോ? അറിയില്ല. ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിക്കുന്ന വിശിഷ്ടാതിഥികളില്‍ ഹൈന്ദവേതരന്മാര്‍ ഉണ്ടെങ്കില്‍, തിരികൊളുത്താന്‍ നേരത്ത് അവര്‍ മാറി നില്‍ക്കും. മറ്റുള്ളവര്‍ തിരികൊളുത്തും. തുടര്‍ന്ന് പ്രോട്ടോക്കോള്‍ എന്ന മുന്‍ഗണനാക്രമപ്രകാരം പ്രസംഗങ്ങള്‍.
നമ്മുടെ സംസ്ഥാനത്ത് ഒരിടത്ത് കഴിഞ്ഞ ദിവസം ഒരു ഹോട്ടലിന്റെ ഉദ്ഘാടനച്ചടങ്ങ് വിവാദമായി. പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട എം എല്‍ എ പരിപാടിയില്‍ സംബന്ധിച്ചു. സാന്നിധ്യം മാത്രം പോരല്ലോ. ചടങ്ങ് നിര്‍വ്വഹിക്കണം. അപ്പോഴാണ് ആശയക്കുഴപ്പം. നിലവിളക്ക് കൊളുത്തിക്കൊണ്ടുവേണം ചടങ്ങ് നിര്‍വ്വഹിക്കാന്‍- നിലവിളക്ക് കൊളുത്തുക എന്നത് അനാചാരമായിക്കരുതുന്ന മതക്കാരന്‍-മതക്കാരി- എന്തു ചെയ്യും? സാന്നിധ്യം മാത്രം മതിയാകുമോ? പ്രധാന ചടങ്ങായി നിശ്ചയിച്ചിട്ടുള്ള തിരികൊളുത്താതിരിക്കുന്നതെങ്ങനെ? അത് മര്യാദകേടായി മറ്റുള്ളവര്‍ പരിഗണിക്കില്ലേ? ധിക്കാരി എന്ന് കണ്ടു നില്‍ക്കുന്നവരും മനസ്സില്‍ പറയും. അടുത്ത ദിവസം കോളം നിറയ്ക്കാന്‍ വാര്‍ത്തയായി.
പേരാമ്പ്ര മണ്ഡലത്തില്‍ നിന്നും നിയമസഭയിലേയ്ക്ക് ജയിച്ച ഫാത്തിമ തഹിലിയ വിശിഷ്ടാതിഥി എന്ന നിലയില്‍ ഹോട്ടല്‍ ഉദ്ഘാടനച്ചടങ്ങ്- നിലവിളക്ക് കൊളുത്തല്‍- വിധി പ്രകാരം നിര്‍വ്വഹിച്ചു. സ്വന്തം പാര്‍ട്ടിയില്‍ നിന്നല്ല, വിമര്‍ശിക്കപ്പെട്ടത്, മതനേതൃത്വത്തില്‍ നിന്നാണ്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ അധ്യക്ഷനായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കേന്ദ്ര മുശാവറയോഗത്തില്‍ ഫാത്തിമാ തഹിലിയ എം എല്‍ എയെ കടുത്ത ഭാഷയില്‍ ശാസിക്കുകയുണ്ടായി. അന്യമതക്കാര്‍, അവരുടെ മാതാചാരമായി കരുതുന്ന ചടങ്ങുകള്‍ മുസ്ലീങ്ങള്‍ അനുകരിക്കാന്‍ പാടില്ല ഒഴിവാക്കേണ്ടതാണ്.
(തങ്ങളുടെ വാക്കുകള്‍ മാതൃഭൂമി 6-6-2026)
നിലവിളക്ക് കത്തിക്കല്‍ അമുസ്ലീങ്ങളുടെ ചടങ്ങാണ്. അവരുടെ വിശ്വാസ പ്രകാരം അനുഷ്ഠിക്കുന്നത്. ഇസ്ലാമിക വിരുദ്ധമാണ് അത്. ഒരു മുസ്ലീം അത് അനുകരിച്ചാല്‍, നിലവിളക്ക് കത്തിച്ചാല്‍- ഇസ്ലാം മതത്തില്‍ നിന്നു പുറത്തു പോകാന്‍ കാരണമാകും. (അതായത്, മത്തതില്‍ നിന്ന് പുറത്താക്കും) അമുസ്ലീങ്ങളോട് സാദൃശ്യം പുലര്‍ത്തുക എന്ന നിലയിലാണ് അപ്രകാരം ചെയ്തതെങ്കില്‍ അത് അങ്ങേയറ്റം നിഷിദ്ധവും കുറ്റവുമാണ്. എന്നാല്‍, ഒരു മുസ്ലീം വെളിച്ചം കിട്ടാന്‍ മാത്രം ഉദ്ദേശിച്ചാണ് നിലവിളക്ക് കൊളുത്തിയതെങ്കില്‍, അത് അനുവദനീയമാണ്. മുശാവറയോഗം അഭിപ്രായപ്പെട്ടു.
ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രഖ്യാപനം -അതും മുശുവറാ യോഗത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് നടത്തിയത്- ആവര്‍ത്തിച്ച് മാധ്യമ പ്രവര്‍ത്തകര്‍ എം എല്‍ എ, ഫാത്തിമ തഹിലിയയെ സമീപിച്ച് പ്രതികരണം ആരാഞ്ഞു; ജിഫ്രി തങ്ങള്‍ പറഞ്ഞതിനെകുറിച്ച് എന്ത് പറയുന്നു എന്ന്. ഈവിഷയത്തില്‍ താന്‍ പ്രതികരിക്കുന്നില്ല എന്ന് എം എല്‍ എ പറഞ്ഞു. ഉടനെ മാധ്യമ പ്രവര്‍ത്തകര്‍ മുത്തുക്കോയ തങ്ങളുമായി ബന്ധപ്പെട്ടു- എം എല്‍ എ പറഞ്ഞതിനെക്കുറിച്ച് എന്ത് പറയാനുണ്ട് എന്ന് ചോദിച്ചു. അദ്ദേഹവും പ്രതികരിക്കാന്‍ തയ്യാറായില്ലത്രേ. മതാധ്യക്ഷന്‍ എന്ന നിലയ്ക്ക് പറയാനുള്ളത്, പറയേണ്ടത്- പൊതുയോഗത്തില്‍ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഇനി എന്തു പറയാന്‍?
എം എല്‍ എ ഒരു ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു. അവരുടെ പാര്‍ട്ടിക്കാരുടെ സ്ഥാപനമാകാന്‍ സാധ്യതയില്ല. മുന്നണിയില്‍പ്പെട്ട ആരുടെയെങ്കിലും ഹോട്ടലായിരിക്കണം. ക്ഷണിക്കുമ്പോള്‍ അത് സ്വീകരിച്ച് പോകാതിരിക്കാനൊക്കുമോ? സ്ഥാനം കിട്ടിയപ്പോള്‍ ഭാവം മാറി, എന്നൊക്കെ പരസ്യമായി പറഞ്ഞില്ലെങ്കിലും ഉള്ളില്‍ മന്ത്രിക്കുകയെങ്കിലും ചെയ്യുകയില്ലേ.
ഹോട്ടല്‍ ഉടമയുടെ മതാചാരപ്രകാരമായിരിക്കും നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത്. തന്റെ വിശ്വാസത്തിന് വിരുദ്ധമാണ് നിലവിളക്ക് കൊളുത്തല്‍ എന്ന് പറയാമായിരുന്നു. അതിനുള്ള വിവേകം വകതിരിവ് എം എല്‍ എയ്ക്ക് ഇല്ലാതായി.
മറ്റൊരു കാര്യം എം എല്‍ എ, ഹോട്ടല്‍ ഉദ്ഘാടനം ചെയ്യുന്നതെന്തിന്? ആ ഹോട്ടലില്‍ ഭാവിയില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍? അനിഷ്ടസംഭവം? അങ്ങനെ സംഭവിക്കാതിരിക്കട്ടെ. പേരാമ്പ്ര എം എല്‍ എയ്ക്കുണ്ടായ ദുരനുഭവം എല്ലാവര്‍ക്കും പാഠമാകട്ടെ. ഉദ്ഘാടനം പോലുള്ള ചടങ്ങുകള്‍ അക്ഷരാര്‍ത്ഥത്തില്‍ മതനിരപേക്ഷമാക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക.







