കാസര്‍കോട്: പള്ളിക്കരയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ടുയുവാക്കളുടെയും മൃതദേഹം കണ്ടെത്തി. ചങ്ങനാശേരി സ്വദേശി അപ്പു ടി എബ്രഹാം(20), സുഹൃത്ത് അംഗിതി(20) എന്നിവരാണ് മരിച്ചത്. എബ്രഹാമിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചിത്താരി അഴിമുഖത്ത് നാട്ടുകാര്‍ കണ്ടെത്തിയിരുന്നു. അംഗിതിന്റെ മൃതദേഹം ഒരുമണിയോടെ മുട്ടുംന്തല അഴിമുഖത്താണ് കണ്ടത്. മൃതദേഹം ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പെട്ട മല്‍സ്യത്തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച വൈകീട്ടാണ് ഇരുവരെയും കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പെട്ട് കാണാതായത്. തുടര്‍ന്ന് തീരദേശ പൊലീസും നാട്ടുകാരും മല്‍സ്യത്തൊഴിലാളികളും രാത്രിവരെ തിരച്ചില്‍ നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും. വിവരമറിഞ്ഞ് ബന്ധുക്കള്‍ കാഞ്ഞങ്ങാട്ട് എത്തിയിട്ടുണ്ട്.







