ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സമാധാന കരാർ ഉടൻ.
​അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന് സൂചനകൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമായത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ കരാർ സഹായിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇലക്ട്രോണിക് സംവിധാനം വഴി കരാറിൽ ഉടൻ അന്തിമതീരുമാനമുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഇസ്രായേലിന്റെ നിലപാടുകളിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

​ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾ ജൂലൈ 9-ന് നടക്കുമെന്ന് ഇറാൻ ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി 28-നാണ് അദ്ദേഹം കൊല്ലപ്പെട്ടത്. മുഹറം മാസത്തിലെ പരമ്പരാഗത ചടങ്ങുകൾക്കും വിലാപയാത്രകൾക്കും തടസ്സമുണ്ടാകാതിരിക്കാനാണ് സംസ്കാരം നീട്ടിവെച്ചത്. രാജ്യത്ത് 3 ദിവസത്തെ വിലാപയാത്രയും പ്രഖ്യാപിച്ചിട്ടുണ്ട്.

​ ഇറാന്റെ യുറേനിയം ശേഖരം രഹസ്യ തുരങ്കങ്ങളിലേക്ക് മാറ്റിയതായി റിപ്പോർട്ട്
​യു.എസ് ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാൻ തങ്ങളുടെ അതീവ സമ്പുഷ്ട യുറേനിയം ശേഖരം ഇസ്ഫഹാൻ ആണവ സമുച്ചയത്തിന് താഴെയുള്ള ആഴമേറിയ തുരങ്കങ്ങളിലേക്ക് മാറ്റിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യു.എസിന്റെ പദ്ധതികളെ മറികടക്കാനാണ് ചുറ്റും കുഴിബോംബുകൾ സ്ഥാപിച്ച് ഇറാൻ ഈ സുരക്ഷാ നീക്കം നടത്തിയത്.

​ജി7 ഉച്ചകോടിക്കിടെ മോദി-ട്രംപ് കൂടിക്കാഴ്ച സ്ഥിരീകരിച്ചു.
16 മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തും. ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്കിടെ ഇരുവരും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.

പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ്, സ്ലൊവാക്യ സന്ദർശനങ്ങൾക്ക് തുടക്കമായിട്ടുണ്ട്.

റഷ്യൻ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് ഫിൻലൻഡിന്റെ പിന്തുണ.
​റഷ്യയിൽ നിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിനെച്ചൊല്ലിയുള്ള ആഗോള ചർച്ചകൾക്കിടെ ഇന്ത്യയുടെ നിലപാടിന് ഫിൻലൻഡിന്റെ പിന്തുണ. യൂറോപ്യൻ രാജ്യങ്ങളുടെ ഇരട്ടത്താപ്പിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഹെൽസിങ്കിയിൽ ശക്തമായി പ്രതികരിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ ജയശങ്കറും ഫിൻലൻഡ് മന്ത്രിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ധാരണയായി.

​പാകിസ്ഥാനിൽ വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് പത്തിൽ മൂന്ന് പേരും ദാരിദ്ര്യത്തിലാണെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

​ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്നതിനെതിരെ യു.എസ് ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതായും സൂചനകളുണ്ട്.

​ അസമിൽ വ്യോമസേന വിമാനം തകർന്നു 5 മരണം.
​അസമിലെ ജോർഹാട്ടിൽ ഇന്ത്യൻ വ്യോമസേനയുടെ എ എൻ – 32 ട്രാൻസ്‌പോർട്ട് വിമാനം തകർന്നുവീണ് അഞ്ച് സൈനികർ വീരമൃത്യു വരിച്ചു. ലാൻഡിംഗിന് തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിച്ചതായാണ് പ്രാഥമിക വിവരം .

​ഇന്ത്യയുടെ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിനെ നിയമിച്ചു. നിലവിലെ മേധാവി ഉപേന്ദ്ര ദ്വിവേദി വിരമിക്കുന്ന ഒഴിവിലാണ് നിയമനം. ജൂൺ 30-ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.

​തൃണമൂൽ കോൺഗ്രസിൽ വൻ രാഷ്ട്രീയ പൊട്ടിത്തെറി.
​തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുന്നു. പാർട്ടിയിലെ വിമത കലാപത്തെ തുടർന്ന് മമത ബാനർജി സംഘടനയിൽ വൻ അഴിച്ചുപണി നടത്തി. അതിനിടെ, മമതയുടെ വിശ്വസ്തനായിരുന്ന സുദിപ് ബന്ദോപാധ്യായ അടക്കം 19 എംപിമാർ വിമത ക്യാമ്പിലേക്ക് മാറിയതായും ലോക്‌സഭയിൽ ഇവർക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

​നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ, കേന്ദ്ര-സംസ്ഥാന സർവകലാശാലകളിലേക്കുള്ള സിയുഇടി പിജി പരീക്ഷയിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി റിപ്പോർട്ടുകൾ. ചില വിദ്യാർഥികൾക്ക് മാത്രം രഹസ്യമായി രണ്ടാമതും പരീക്ഷ നടത്തിയതാണ് വിവാദമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധം ശക്തമാകുകയാണ്.

റിലയൻസിന് ട്രംപിന്റെ മകന്റെ സ്റ്റാർട്ടപ്പിൽ വൻ നിക്ഷേപം.
​യുഎസുമായുള്ള താരിഫ് ചർച്ചകൾ നിലനിൽക്കെ, മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ഡൊണാൾഡ് ട്രംപിന്റെ മകന് പങ്കാളിത്തമുള്ള യുഎസ് ടെക്സസ് സ്റ്റാർട്ടപ്പിൽ 830 കോടി രൂപയുടെ നിക്ഷേപം നടത്തി.

​ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂൺ 16-ന് ഫ്രാൻസിലേക്ക് തിരിക്കും. ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയേക്കും.

​കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്ര ജൂൺ 15 മുതൽ ആരംഭിക്കും. പ്രായപരിധിയില്ലാതെ 7 വിഭാഗം ഓർഡിനറി ബസുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക. അതേസമയം, ഡീസൽ അടിക്കാൻ പോലും പണമില്ലാത്ത സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകൾ പ്രതിഷേധത്തിലേക്ക് നീങ്ങുന്നതായും സൂചനയുണ്ട്.

​ആലുവ – മൂന്നാർ നാലുവരിപ്പാത: ആലുവ – മൂന്നാർ റോഡ് നാലുവരിപ്പാതയാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുന്നു. ഇതിനായി 14 വില്ലേജുകളിലായി ഏകദേശം 102 ഏക്കർ സ്ഥലം ഏറ്റെടുക്കേണ്ടി വരും.

​പകർച്ചവ്യാധി ജാഗ്രത: സംസ്ഥാനത്ത് മഴക്കാലത്തോട് അനുബന്ധിച്ച് പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോർട്ട് ചെയ്തു. തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

​കോളറ, നിപ പ്രതിരോധം: പാലക്കാട് കോളറ സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് ആദ്യമുണ്ടായ ആശയക്കുഴപ്പങ്ങൾ ഡിഎംഒ തിരുത്തി—ഇത് കോളറ സംശയം മാത്രമാണെന്നാണ് പുതിയ വിശദീകരണം.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ കൃത്യമായി മുന്നോട്ട് പോകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

​ കെഎസ്ആർടിസി ഡ്രൈവർ യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി ജോലി നൽകി. ചാണ്ടി ഉമ്മൻ എംഎൽഎ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി.

​ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡർ രാജിവെച്ചു: ശബരിമല സ്വർണ്ണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ ദേവസ്വം വകുപ്പ് സ്പെഷ്യൽ പ്ലീഡർ കെ.ബി. പ്രദീപ് രാജിവെച്ചു. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ കൂടുതൽ സാമ്പിളുകൾ ശേഖരിക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

​സർവകലാശാല വിസിമാരുടെ പങ്കാളിത്തം: ആർഎസ്എസ് പരിപാടിയിൽ സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

​ സംസ്ഥാനത്ത് കാലവർഷത്തിന്റെ ശക്തി കുറയുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

​ ജില്ലയിൽ മയക്കുമരുന്ന് മാഫിയകൾക്കെതിരെ പോലീസ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു. നിലവിൽ 55-ലധികം പേരെ ഈ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലയിൽ ​കാലവർഷം കനക്കുന്നു. പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. നദികളിലും പുഴകളിലും ജലനിരപ്പ് ഉയരുന്നതിനാൽ തീരവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

നീലേശ്വരത്ത് കനത്ത മഴയെത്തുടർന്ന് സർക്കാർ സ്കൂൾ മുറ്റത്തെ മൂടിയ കിണറിന്റെ ഒരു ഭാഗം താഴേക്ക് ഇരുന്ന് വലിയ ദ്വാരം രൂപപ്പെട്ടു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാരും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

​ മടിക്കൈ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ 252-ലധികം വൈവിധ്യമാർന്ന ചക്ക വിഭവങ്ങളുമായി ഫെസ്റ്റ് സംഘടിപ്പിച്ചു. ചക്കയുടെ ഔഷധഗുണവും പ്രാധാന്യവും പൊതുജനങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം.

ജില്ലയിൽ വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page