കൊടക്കാട് നാരായണൻ
ടിയാൻസി എന്ന വാക്കിന് ചൈനീസ് ഭാഷയിൽ സ്വർഗ്ഗ പുത്രൻ എന്നാണർഥം. . 14-ാം നൂറ്റാണ്ടിൽ മിങ് ഭരണാധികാരികൾക്കെതിരെ പോരാടിയ തുജിയ വർഗ്ഗ നേതാവായ ഷിയാങ് ഡാക്കൂൺ സ്വയം “ടിയാൻസി” എന്ന് വിശേഷിപ്പിച്ചതിൽ നിന്നാണ് ഈ മലയുടെ പേര് ഉണ്ടായതെന്ന് കരുതപ്പെടുന്നു.
ചൈനയിലെ ടിയാൻസി മല നിരകൾ ലക്ഷ്യമാക്കി ഞങ്ങളുടെ യാത്ര ആരംഭിക്കുമ്പോൾ, പ്രകൃതി ഒരുക്കിയ അത്ഭുതങ്ങളുടെ ഒരു ലോകത്തേക്കാണ് ഞങ്ങൾ പ്രവേശിക്കുന്നതെന്ന തോന്നലായിരുന്നു മനസ്സിൽ. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,200 മുതൽ 1,260 മീറ്റർ വരെ ഉയരത്തിൽ എത്തിയാൽ ‘സ്വർഗ്ഗം’ തൊടാം. ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നായ ഹീ ലോങ് പാർക്ക് ഏകദേശം 1,250 മീറ്റർ ഉയരത്തിലാണ് 500 പടികൾ കയറി എത്താൻ കാലുകൾ കൂടെ നടക്കാൻ തയ്യാറാകാത്തതു കൊണ്ടാണത്രേ ഷിജിൻ പറമ്പത്തിൻ്റെ നേതൃത്വത്തിലുള്ള 34 അംഗ യാത്രാ സംഘത്തിൽ ഞാനടക്കം അഞ്ചു പേർ മാത്രമേ ലക്ഷ്യത്തിലെത്തി യുള്ളൂ. ചാറ്റൽ മഴയിൽ ആകാശത്തെ ആലിംഗനം ചെയ്തു കൊണ്ടുള്ള മല കയറ്റം സ്വർഗ്ഗീയ അനുഭവം തന്നെയായിരുന്നു. ആടിയും പാടിയും കുളിർ കാറ്റേറ്റുമുള്ള യാത്രയിൽ വിശപ്പോ ദാഹമോ ക്ഷീണമോ അറിഞ്ഞില്ല. ഉച്ചിയിലെത്തി നോക്കുമ്പോൾ
നൂറുകണക്കിന് മണൽക്കൽ തൂണുകൾ മേഘസമുദ്രത്തിനിടയിൽ ഉയർന്നുനിൽക്കുന്ന അത്ഭുതദൃശ്യം വല്ലാത്തൊരനുഭൂതി പകർന്നു. ഷാങ്ജിയാജി ദേശീയ വനോദ്യാനത്തിൽ നിന്ന് ബൈ ലോങ് എലിവേറ്റർ വഴിയാണ് ഇവിടെ എത്തിയത്.

ലോകത്തിലെ ഏറ്റവും ഉയരമുള്ള ഔട്ട്ഡോർ ഗ്ലാസ് എലിവേറ്ററെന്ന ഖ്യാതി ഇതിന് ഉണ്ട്.
2002 ൽ പൂർത്തിയായ ബൈ ലോങ് എന്ന ആകാശത്തിലേക്കുള്ള ലിഫ്റ്റിൻ്റെ നീളം ഏകദേശം 326 മീറ്റർ (1,070 അടി) ആണ്.
ബൈലോങ് എന്നതിന് “നൂറ് ഡ്രാഗണുകളുടെ ലിഫ്റ്റ്” എന്നാണർഥം.
മലഞ്ചെരിവിൽ ഭാഗികമായി തുരന്ന്, ഭാഗികമായി പുറം ഭാഗത്ത് ഗ്ലാസ് ഘടനയോടെയാണ് ഇതിൻ്റെ നിർമ്മാണം.
ഒരേസമയം നിരവധി വിനോദസഞ്ചാരികളെ മുകളിലെ പീഠഭൂമിയിലേക്ക് എത്തിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയുടെ മഹാത്ഭുതം!
പണ്ട് ഈ ഉയരത്തിലേക്ക് എത്താൻ സന്ദർശകർക്ക് മണിക്കൂറുകളോളം കൽപ്പടികൾ കയറേണ്ടി വന്നിരുന്നു. ബൈലോങ് എലിവേറ്റർ വന്നതോടെ ഏതാനും മിനിറ്റുകൾക്കുള്ളിൽ മലമുകളിലെത്തി കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുന്നു.
ഗ്ലാസ് ഭിത്തികളിലൂടെ യാത്ര ചെയ്യുമ്പോൾ
ആയിരക്കണക്കിന് വർഷം പഴക്കമുള്ള മണൽക്കൽ പാറത്തൂണുകൾ,
ആഴമേറിയ താഴ് വരകൾ,
വനസമൃദ്ധമായ മലഞ്ചെരിവുകൾ, എന്നിവ തൊട്ടടുത്ത് കാണാൻ കഴിയും.

ഭൂമിയുടെ നെഞ്ചിൽ കോടിക്കണക്കിന് വർഷങ്ങളായി പ്രകൃതി കൊത്തിവച്ച ശിലാശിൽപങ്ങളുടെ മഹാഗാലറിയാണ് ടിയാൻസി മൗണ്ടൻ.
ആദ്യം ഞങ്ങൾ എത്തിയത് യുവാൻജിയാജി സീനിക്ക് മേഖയിലേക്കാണ്. മേഘങ്ങൾക്കിടയിൽ ഉയർന്നുനിൽക്കുന്ന പാറത്തൂണുകൾ കണ്ട് ഒരു നിമിഷം അത്‌ഭുത സ്തബ്ധരായി നിൽക്കാനേ കഴിഞ്ഞുള്ളൂ കണ്ണുകളെ വിശ്വസിക്കാൻ പറ്റാത്തത്ര അപൂർവ ദൃശ്യ വിരുന്ന്. പ്രകൃതിയുടെ കരങ്ങളാൽ രൂപംകൊണ്ട മഹത്തായ ശിൽപങ്ങൾ പോലെ തോന്നി. ദൂരെയായി മഞ്ഞും മേഘവും പൊതിഞ്ഞ പർവതനിരകൾ ഭൂമിയിലെ സ്വർഗത്തിന്റെ കവാടം തുറന്നിട്ടതുപോലെയായിരുന്നു.
തുടർന്ന് ഞങ്ങൾ കയറിയത് ടിയാൻസി മൗണ്ടന്റെ കേബിൾ കാറിലേക്കാണ്. മേഘങ്ങളെ തൊട്ടുകൊണ്ട് മുന്നേറുന്ന ആ യാത്രയിൽ ഭൂമിയുടെയും ആകാശത്തിന്റെയും ഇടയിൽ തൂങ്ങിക്കിടക്കുന്നതുപോലെയായിരുന്നു അനുഭവം. താഴെ അനന്തമായി വിരിഞ്ഞ വനങ്ങളും ഉയർന്നുനിൽക്കുന്ന പാറത്തൂണുകളും ദൂരെയായി ഒഴുകുന്ന മേഘ സമുദ്രവും ചേർന്ന് വരച്ച ചിത്രം ജീവിതകാലം മുഴുവൻ മനസ്സിൽ പതിഞ്ഞുനിൽക്കുന്ന ഒന്നാണ്.
മലമുകളിലെത്തിയപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത് അവിടത്തെ പരിസ്ഥിതി സൗഹൃദ ബോർഡ്വാക്കുകളും നടപ്പാതകളുമായിരുന്നു.

പാറകളെ തുരന്നോ മരങ്ങൾ വെട്ടിനശിപ്പിച്ചോ അല്ല, മറിച്ച് പ്രകൃതിക്ക് പരമാവധി സംരക്ഷണം നൽകുന്ന രീതിയിൽ ഉയർത്തിനിർമിച്ച മര-ലോഹ പാതകൾ. മലയുടെ സ്വാഭാവിക ഭംഗിക്ക് മങ്ങലേൽപ്പിക്കാതെ വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സൗകര്യമാണ് ഇവ. ഇടയ്ക്കിടെ വിശ്രമകേന്ദ്രങ്ങളും കാഴ്ചാവേദികളും ഒരുക്കിയിട്ടുണ്ട്. പരിപാലനത്തിലെ കൃത്യതയും ശുചിത്വവും സന്ദർശകരിൽ പ്രകൃതിയോടുള്ള ബഹുമാനം വളർത്തുന്ന തരത്തിലായിരുന്നു.
ചിലയിടങ്ങളിൽ മേഘങ്ങൾ താഴെ ഒഴുകുന്നു; മറ്റുചിലയിടങ്ങളിൽ പാറത്തൂണുകൾ മേഘങ്ങളെ തുളച്ച് ആകാശത്തിലേക്ക് ഉയരുന്നു. സൂര്യപ്രകാശം പാറകളിൽ പതിക്കുമ്പോൾ നിറങ്ങളും നിഴലുകളും ചേർന്ന് മാറിമാറി വരയ്ക്കുന്ന ചിത്രങ്ങൾ പ്രകൃതിയുടെ ജീവനുള്ള ക്യാൻവാസായി മാറുന്നു.
ഇവിടെയെത്തുന്ന ഓരോ യാത്രികനും ഒരു സാധാരണ സന്ദർശകനല്ല; പ്രകൃതിയുടെ മഹത്തായ കലാ ഗാലറിയിലെ അതിഥിയാണ്. അതുകൊണ്ടുതന്നെയാണ് ടിയാൻസി മൗണ്ടനെ പലരും “വിനോദസഞ്ചാരികളുടെ പറുദീസ” എന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ പർവതങ്ങൾ സംസാരിക്കുന്നു; മേഘങ്ങൾ പാടുന്നു, കാറ്റ് കഥകൾ പറയുന്നു.
കേബിൾ കാറിലൂടെയായിരുന്നു മടക്ക യാത്ര .
ലോകത്തിലെ ഏറ്റവും മനോഹരമായ കേബിൾ കാർ യാത്രകളിൽ ഒന്നാണ് ഇത്. യഥാർഥത്തിൽ അത് ശരിയാണെന്ന് ഓരോ യാത്രാളും(പുതിയ പ്രയോഗം, കടപ്പാട്: പ്രശസ്ത നിരൂപകൻ ഇ.പി.രാജഗോപാലൻ ) സമ്മതിക്കും.

ടിയാൻസി മൗണ്ടന്റെ മേഘപ്പാളികളിൽ നിന്ന് പതുക്കെ താഴേക്കിറങ്ങുന്ന കേബിൾ കാർ, ഒരു ഗതാഗത മാർഗം മാത്രമല്ല; ആകാശത്തിനും ഭൂമിക്കും ഇടയിൽ പ്രകൃതി എഴുതിയ കവിതയുടെ താളുകളിലൂടെ നടത്തുന്ന ഒരു സ്വപ്ന യാത്രയാണ്.
പർവതശിഖരത്തിലെ നിശ്ശബ്ദതയിൽ നിന്ന് കേബിൾ കാർ ചലിച്ചു തുടങ്ങുമ്പോൾ, താഴെ ആയിരക്കണക്കിന് വർഷങ്ങളായി കാറ്റും മഴയും കൊത്തിയെടുത്ത കൽത്തൂണുകൾ ഒരു മഹാകാവ്യത്തിന്റെ കഥാപാത്രങ്ങളെപ്പോലെ നിരന്നു നിൽക്കുന്നു. മേഘങ്ങൾ അവയുടെ ചുമലിൽ വെള്ളി മുണ്ടു പുതച്ചതുപോലെ ഒഴുകുന്നു. ഒരുനിമിഷം അവ ദൃശ്യമാണ്; അടുത്ത നിമിഷം മഞ്ഞിന്റെ തിരശ്ശീലയിൽ മറയുന്നു.
കേബിൾ കാർ പതുക്കെ താഴേക്ക് നീങ്ങുമ്പോൾ, മലനിരകൾ പിന്നിലേക്കൊഴുകുന്ന ചിത്ര ശാലയിലെ ഭിത്തിച്ചിത്രങ്ങൾപോലെ മാറിമാറി പ്രത്യക്ഷപ്പെടുന്നു. അഗാധമായ താഴ് വരകൾ, പച്ചപ്പിന്റെ സമുദ്രം പോലെ വിരിഞ്ഞ വനങ്ങൾ, പാറക്കൂട്ടങ്ങൾക്കിടയിലൂടെ ഒഴുകുന്ന കാറ്റിന്റെ സംഗീതം—എല്ലാം ചേർന്ന് യാത്രക്കാരന്റെ മനസ്സിൽ അവാച്യമായ അനുഭവം നിറയ്ക്കുന്നു.
ഉയരങ്ങളിൽ നിന്ന് ഭൂമിയിലേക്കുള്ള ഈ പറക്കൽ, ഒരു പക്ഷിയുടെ കാഴ്ചപ്പാടിൽ നിന്ന് മനുഷ്യലോകത്തിലേക്കുള്ള മടങ്ങിവരവാണ്. മുകളിലെ മേഘരാജ്യത്തിൽ നിന്ന് താഴെയുള്ള നഗരത്തിന്റെ തിരക്കിലേക്കെത്തുമ്പോൾ, ദൂരെയായി കെട്ടിടങ്ങളും റോഡുകളും ചെറു കളിപ്പാട്ടങ്ങളെപ്പോലെ കാണാൻ തുടങ്ങും. പ്രകൃതിയുടെ മഹത്വവും മനുഷ്യന്റെ സൃഷ്ടിപരതയും ഒരേ ഫ്രെയിമിൽ ഒത്തുചേരുന്ന നിമിഷം.
അവസാനം കേബിൾ കാർ നഗരത്തിന്റെ മടിത്തട്ടിൽ എത്തിനിൽക്കുമ്പോൾ, യാത്ര അവസാനിക്കുന്നില്ല; മറിച്ച് മനസ്സിൽ ഒരു പുതിയ അധ്യായം തുടങ്ങുന്നു. കാരണം ടിയാൻസിയുടെ ഉയരങ്ങളിൽ നിന്ന് കണ്ട ആ ദൃശ്യങ്ങൾ, മേഘങ്ങൾക്കിടയിലൂടെ ഒഴുകിയ ആ നിമിഷങ്ങൾ, ഭൂമിയിലേക്കിറങ്ങിയ ശേഷവും ഓർമ്മകളുടെ ആകാശത്ത് ഏറെക്കാലം പറന്നുനിൽക്കും.
“മേഘങ്ങളുടെ മേൽക്കൂരയിൽ നിന്ന് ഭൂമിയുടെ മുറ്റത്തേക്കിറങ്ങിയപ്പോൾ, ടിയാൻസി പർവതം കണ്ണുകൾക്ക് കാഴ്ച മാത്രമല്ല, ആത്മാവിന് ഒരു കവിതയും സമ്മാനിച്ചു.”
ടിയാൻസി മൗണ്ടനിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങൾ കൊണ്ടുപോയത് ഫോട്ടോകൾ മാത്രമായിരുന്നില്ല; പ്രകൃതിയുടെ മഹത്വത്തോടുള്ള പുതിയൊരു ആദരവും കൂടിയായിരുന്നു. മണ്ണിനെയും ജലത്തെയും അത്യാർത്തിയോടെ കവർന്നെടുക്കുന്ന അശാസ്ത്രീയ ടൂറിസം നയത്തിനൊരു ബദലുണ്ടെന്ന തിരിച്ചറിവായിരുന്നു.

മനുഷ്യനും പ്രകൃതിയും കൈകോർക്കുമ്പോൾ സൃഷ്ടിക്കപ്പെടുന്ന സൗന്ദര്യത്തിന്റെ അപൂർവ പാഠവുമായിരുന്നു.
“മേഘങ്ങൾ താഴെ ഒഴുകുകയും പർവതങ്ങൾ ആകാശത്തെ തൊടുകയും ചെയ്യുന്നിടത്ത്, പ്രകൃതി സ്വന്തം കൈകൊണ്ട് രചിച്ച മഹാകാവ്യമാണ് ടിയാൻസി മൗണ്ടൻ .
ചൈനയിലെ പ്രശസ്തമായ ഷാങ് യാജിയുടെ ഭാഗം തന്നെയാണിത്.
1980 കളിലാണ് ടിയാൻസി മൗണ്ടൻ പ്രദേശം വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. 1982-ൽ ഷാങ്ജിയാജി ദേശീയ വനോദ്യാനം ചൈനയിലെ ആദ്യത്തെ ദേശീയ വനോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടതോടെ ഈ പ്രദേശം അന്തർദേശീയ ശ്രദ്ധ നേടാൻ തുടങ്ങി. തുടർന്ന് റോഡുകൾ, കേബിൾ കാർ, നടപ്പാതകൾ തുടങ്ങിയ സൗകര്യങ്ങൾ വികസിപ്പിച്ചു.
ഷാങ്ജിയാജി നഗരകേന്ദ്രത്തിൽ നിന്ന് ഏകദേശം 35–40 കിലോമീറ്റർ ആണ് ടിയാൻസി മൗണ്ടനിലേക്കുള്ള ദൂരം.
ഷാങ്ജിയാജി ഹേഹ്വാ വിമാനത്താവളത്തിൽ നിന്ന്ഏകദേശം 40–45 കിലോമീറ്റർ ദൂരം.
റോഡ് മാർഗം സഞ്ചരിച്ചാൽ സാധാരണയായി 45 മിനിറ്റ് മുതൽ 1.5 മണിക്കൂർ വരെ സമയമെടുക്കും
ടൂറിസ്റ്റ് ബസുകൾ, ടാക്സി സേവനങ്ങൾ, വിനോദസഞ്ചാര ഷട്ടിൽ ബസുകൾ,
ടിയാൻസി മൗണ്ടൻ കേബിൾ കാർ , എന്നിവയാണ് ഗതാഗത സൗകര്യങ്ങൾ.
പാർക്കിനുള്ളിലെ പരിസ്ഥിതി സൗഹൃദ ഷട്ടിൽ ബസ് ശൃംഖല ഉണ്ട്
മാർച്ച്, മെയ് മാസങ്ങൾ വസന്തകാലമാണ്.

പച്ചപ്പും പൂക്കളും നിറഞ്ഞ പ്രകൃതിയും
സുഖകരമായ കാലാവസ്ഥ. സെപ്തംബർ മുതൽ നവംബർ വരെയാണ് ശരത് കാലം.ഏറ്റവും ജനപ്രിയ സീസൺ.
തെളിഞ്ഞ ആകാശം,മനോഹരമായ നിറമാറ്റങ്ങൾ ആണ് ഈ സീസണിലെ പ്രത്യേകത .
വേനൽക്കാലം ജൂൺ–ഓഗസ്റ്റ് മാസങ്ങളിൽ വേനലാണ്.പച്ചപ്പിന്റെ ഉത്സവം.
മേഘസമുദ്ര കാഴ്ചകൾ കൂടുതലായി ലഭിക്കും
ഡിസംബർ മുതൽ ഫെബ്രുവരി വരെ ശീതകാലം. മഞ്ഞു പുതച്ച പർവതങ്ങൾ .
തിരക്ക് കുറവ് ആയിരിക്കും.
ഫോട്ടോഗ്രാഫർമാർക്ക് പ്രിയപ്പെട്ട സമയമാണിത്.
തുടരും….
നാളെ: അവതാർ ഹിൽസും ഗ്ലാസ് ബ്രിഡ്ജ് വിത്ത് സിപ് ലൈൻ







