ഹണിട്രാപ്പ് ഭീഷണി: കൊടക്കാട്ടെ വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍; പിടിയിലായത് അസീസ് എന്ന് ആള്‍മാറാട്ടം നടത്തിയ ചെറുവത്തൂര്‍, കൈതക്കാട് സ്വദേശി

കാസര്‍കോട്: യുവതിക്കൊപ്പമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി വയോധികനില്‍ നിന്നു 20 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. ചെറുവത്തൂര്‍, കൈതക്കാട്, പയ്യങ്കിയിലെ കണ്ടത്തില്‍ ഹൗസില്‍ എം.സുല്‍ഫിക്കറി (30)നെയാണ് ചീമേനി എസ് ഐ പി വി രാമചന്ദ്രനും സംഘവും അറസ്റ്റു ചെയ്തത്. കൊടക്കാട്, ആനിക്കാടി സ്വദേശിയില്‍ നിന്നാണ് ഇയാള്‍ പണം തട്ടിയെടുത്തത്.

അസീസ് എന്ന വ്യാജ പേരിലാണ് ഇയാള്‍ ആനിക്കാടി സ്വദേശിയെ നേരത്തെ പരിചയപ്പെട്ടത്. പിന്നീട് പരാതിക്കാരന്റെ ഉടമസ്ഥതയില്‍ കാലിക്കടവ്, ആണൂരിലുള്ള വീട്ടില്‍ പ്രതിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നു. 2024ല്‍ ആയിരുന്നു താമസം. 2025ല്‍ പരാതിക്കാരന്റെ നഗ്ന ദൃശ്യങ്ങള്‍ കൈക്കലാക്കുകയും വീട് ഒഴിയുകയും ചെയ്തതായി പറയുന്നു. പിന്നീട് നഗ്ന ദൃശ്യങ്ങള്‍ ഒരു യുവതിയുടെ ദൃശ്യങ്ങളുമായി ചേര്‍ത്തു വച്ച് ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി.

മാനഹാനിഭയന്ന വയോധികൻ ,പ്രതി ആവശ്യപ്പെട്ടതു പ്രകാരം പല തവണകളായി 20 ലക്ഷം രൂപ കൈമാറി. കഴിഞ്ഞ ദിവസം രണ്ടു ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെയാണ് വയോധികന്‍ ഗത്യന്തരമില്ലാതെ ചീമേനി പൊലീസില്‍ പരാതി നല്‍കിയത്. ഇതു പ്രകാരം ബൈജു, അസീസ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. പൊലീസ് അന്വേഷണത്തിലാണ് അസീസ് എന്നത് വ്യാജ പേരാണെന്നും യഥാര്‍ത്ഥ പേര് സുല്‍ഫിക്കര്‍ ആണെന്നും കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ കഞ്ചാവ് ഉള്‍പ്പെടെയുള്ള കേസുള്ളതായി പൊലീസ് പറഞ്ഞു. കൂട്ടു പ്രതിക്കായി അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page