കാസര്‍കോട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 കാരി പീഡനത്തിനിരയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌നേഹ മെര്‍ലിന്‍ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ. കണ്ണൂരിലെ ജയിലില്‍ നിന്നാണ് സ്‌നേഹ പെണ്‍കുട്ടിയുടെ മാതാവിനെ പരിചയപ്പെടുന്നത്. ആ പരിചയത്തില്‍ ഒരുവര്‍ഷത്തോളം കാലം സ്‌നേഹ പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. ഈ കാലയളവിലാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായത്. മാതാവ് വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം നടന്ന സമയത്ത് ഭയം കാരണം പെണ്‍കുട്ടി ആരോടും വിവരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലിംഗ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് 16 കാരിയുടെ പരാതിയില്‍ മേല്‍പറമ്പ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇതേ കുട്ടിയെ പീഡിപ്പിച്ച കേസില്‍ പിതാവ് ജയിലിലാണ്. തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ലിനെതിരെ ഇതിനു മുമ്പ് മൂന്ന് പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.







