മലപ്പുറം: പൊട്ടക്കുളത്തിൽ രണ്ടു കുട്ടികളുടെ മൃതദേഹങ്ങൾ കാണപ്പെട്ടു. അരീക്കോട് കാവനൂർ ഇരുവേറ്റി ചാത്തൻപാറയിലെ ആരും ഉപയോഗിക്കാത്ത കുളത്തിലാണ് മൂന്നും നാലും ക്ലാസ് വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഗൂഡല്ലൂരിലെ ബാവയുടെ മക്കളായ അഫിയ, അഫ്നാൻ എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂളിൽ നിന്ന് തിരിച്ചെത്തിയശേഷം വീട്ടിൽ നിന്ന് പോയതായിരുന്നു. സ്കൂളിൽനിന്ന് തിരിച്ചെത്തിയശേഷം സാധാരണ കളിക്കാൻ പോകാറുള്ള കുട്ടികൾ തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടികളെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.







