കാസര്‍കോട്: ഉള്ളാള്‍ ദര്‍ഗ്ഗയില്‍ സിയാറത്ത് നടത്തി മടങ്ങുകയായിരുന്ന യുവതിയുടെ വാനിറ്റി ബാഗില്‍ നിന്നു എട്ടരപ്പവന്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടു. ആദൂര്‍, പടിയത്തടുക്ക സ്വദേശിനിയായ സക്കീന (40)യുടെ ബാഗില്‍ നിന്നാണ് സ്വര്‍ണ്ണം നഷ്ടമായത്. യുവതിയും കുടുംബാംഗങ്ങളും ഉള്ളാള്‍ ദര്‍ഗ്ഗയിലേക്ക് സിയാറത്തിനു പോയതായിരുന്നു. തിരികെ തൊക്കോട്ട് നിന്നാണ് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസില്‍ കയറിയത്.നല്ല തിരക്കുണ്ടായിരുന്ന ബസിന്റെ മുന്‍ ഭാഗത്ത് നിന്നാണ് സക്കീനയും മറ്റും യാത്ര ചെയ്തിരുന്നത്. ബസ് ഹൊസങ്കടിയില്‍ എത്തിയപ്പോള്‍ സീറ്റു ലഭിച്ചു. ഇരിക്കുന്നതിനിടയിലാണ് വാനിറ്റി ബാഗിന്റെ സിബ്ബ് തുറന്ന നിലയില്‍ കാണപ്പെട്ടത്. പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം നഷ്ടമായതായി വ്യക്തമായി. യുവതി ബഹളംവച്ചതോടെ ബസ് നേരെ ഉപ്പള ബസ്റ്റാന്റിലുള്ള പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിട്ടു. ബസ് യാത്രക്കാരെയെല്ലാം വനിതാ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സ്വര്‍ണ്ണം കൈക്കലാക്കിയ ആള്‍ ബസ് ഹൊസങ്കടിയില്‍ എത്തുന്നതിന് മുമ്പ് തന്നെ ഇറങ്ങിപ്പോയിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. മോഷ്ടാവിനെ കണ്ടെത്താന്‍ വിവിധ സ്ഥലങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നു മഞ്ചേശ്വരം പൊലീസ് അറിയിച്ചു.







