കാസര്‍കോട്: 16 വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്ന അബ്കാരി കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ഹൊസങ്കടിയിലെ പ്രശാന്തി (44)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ ജോസും സംഘവും അറസ്റ്റ് ചെയ്തത്. പൊലീസുകാരായ ചന്ദ്രന്‍, കിഷോര്‍, ഉദയന്‍ എന്നിവരും പ്രതിയെ അറസ്റ്റു ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
2006ല്‍ ആണ് പാക്കറ്റ് ചാരായവുമായി പ്രശാന്തിനെ കുമ്പളയില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തത്. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രശാന്ത് മുങ്ങുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 2010ല്‍ കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇതിനിടയിലാണ് പ്രശാന്ത് ഉള്ളാളിന് സമീപത്ത് തെക്കോട്ട് ഒളിവില്‍ കഴിയുന്നതായുള്ള വിവരം പൊലീസിനു ലഭിച്ചതും അവിടെയെത്തി അറസ്റ്റു ചെയ്തതും.






