കാസര്‍കോട്: കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി എത്തുന്ന പി .നിധിന്‍ രാജിനു സവിശേഷതകളേറെ. കാഞ്ഞങ്ങാടിനു സമീപത്തെ അജാനൂര്‍ പഞ്ചായത്തിലെ രാവണീശ്വരം, കളരിക്കാല്‍ സ്വദേശിയായ നിധിന്‍ രാജ് സ്വന്തം ജില്ലയില്‍ ജില്ലാ പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥന്‍ എന്നതാണ് ഏറ്റവും വലിയ സവിശേഷത. കളരിക്കാലിലെ രാജേന്ദ്രന്‍- പി. ലത ദമ്പതികളുടെ മകനായ നിധിന്‍രാജ് രാവണേശ്വരം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്.
ഹയര്‍സെക്കണ്ടറി പഠനം കാഞ്ഞങ്ങാട് ദുര്‍ഗ്ഗാ ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു. പിന്നീട് കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നു എഞ്ചിനീയറിംദ് ബിരുദം നേടി. എന്നാല്‍ തന്റെ ജീവിതം ഒരു എഞ്ചിനീയറില്‍ ഒതുങ്ങുന്നതല്ലെന്ന സ്വയം വിലയിരുത്തിയ നിധിന്‍രാജ് ഐ. എ. എസ് സ്വപ്‌നം കണ്ടു. പിന്നീട് ആ ലക്ഷ്യത്തില്‍ എത്തുന്നതിനായി ശ്രമം തുടങ്ങി. മാജികിനോട് കമ്പം തോന്നുകയും മാജിക് പഠിക്കുകയും ചെയ്തു. ഇതു മാനസികമായി വലിയ കരുത്തു നല്‍കി. പ്രസംഗ മത്സരങ്ങളില്‍ സംസ്ഥാന തലങ്ങളില്‍ സമ്മാനങ്ങള്‍ നേടിയതും കരുത്തായി. കഠിന പരിശ്രമത്തിനൊടുവില്‍ 2018ലെ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 210-ാം റാങ്ക് നേടിയാണ് പൊലീസ് സര്‍വ്വീസില്‍ എത്തിയത്. 2019 ഐ എ എസ് ബാച്ചുകാരനായ നിധിന്‍രാജിന്റെ ആദ്യ നിയമനം വയനാട് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു. പിന്നീട് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, വടകര റൂറല്‍ ജില്ലാ പൊലീസ് മേധാവി എന്നീ പദവികള്‍ വഹിച്ച ശേഷമാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണറായി നിയമിതനായത്. അവിടെ നിന്നാണ് നിധിന്‍ രാജ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി എത്തുന്നത്. ആലപ്പുഴ സ്വദേശിനിയും മംഗ്‌ളൂരുവില്‍ ഡോക്ടറുമായ ലക്ഷ്മി കൃഷ്ണന്‍ ആണ് ഭാര്യ. ഒരു കുട്ടിയുണ്ട്. അശ്വതി സഹോദരിയാണ്.






