പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി! ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയൻ, കണ്ണൂർ സിറ്റി കമ്മീഷണറായ പി. നിധിൻരാജ് കാസർകോട് ജില്ലാ പൊലീസ് ചീഫ്, ബി.വി. വിജയ ഭാരത് റെഡിയെ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് സമഗ്രമായ അഴിച്ചുപണി. സംസ്ഥാന പൊലീസ് മേധാവി ഒഴിച്ച് മറ്റെല്ലാ സ്ഥാനങ്ങളിലും വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്.  ഭരണപരമായ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരം സിറ്റി കമ്മീഷണര്‍, കോഴിക്കോട് സിറ്റി കമ്മീഷണര്‍, ക്രൈം ബ്രാഞ്ച് ഐജി, പൊലീസ് ആസ്ഥാനത്തെ എഐജി (ലോ ആന്‍ഡ് ഓര്‍ഡര്‍) എന്നീ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലിക പദവികള്‍ ഉണ്ടാക്കിയാണ് ഈ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇന്റലിജൻസ് എ.ഡി.ജി.പി ആയിരുന്ന പി. വിജയനെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി ആയി നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പിയുടെ പൂർണ്ണ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ടാകും. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയായിരുന്ന എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി മാറ്റി. ബൽറാം കുമാർ ഉപാധ്യായയെ ജയിൽ മേധാവി സ്ഥാനത്തുനിന്നും ആംഡ് പൊലീസ് ബറ്റാലിയൻ എ.ഡി.ജി.പി ആയി നിയമിച്ചു.ദിനേന്ദ്ര കശ്യപിനെ ആംഡ് പൊലീസ് ബറ്റാലിയനിൽ നിന്നും ഇന്റലിജൻസ് എ.ഡി.ജി.പി ആയി മാറ്റി നിയമിച്ചു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന എച്ച്. വെങ്കിടേഷിന് അതേ തസ്തികയിൽ പൂർണ്ണ ചുമതല നൽകി.ആർ. നിശാന്തിനിയെ പൊലീസ് ആസ്ഥാനത്തുനിന്നും ഇന്റലിജൻസ് ഐ.ജി ആയി മാറ്റി.കണ്ണൂർ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്രയെ എറണാകുളം റേഞ്ചിലേക്ക് മാറ്റി. ബി. കൃഷ്ണ കുമാറിനെ തൃശൂർ റൂറലിൽ നിന്നും റെയിൽവേ എസ്.പി ആയി മാറ്റി. കണ്ണൂർ സിറ്റി കമ്മീഷണർ പി. നിധിൻരാജിനെ കാസർകോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. കാസർകോട് എസ്.പി ബി.വി. വിജയ ഭാരത് റെഡിയാണ് പുതിയ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ. അനുജ് പലിവാലിനെ കണ്ണൂർ റൂറലിൽ നിന്നും പൊലീസ് ആസ്ഥാനത്ത് ലോ ആൻഡ് ഓർഡർ എ.ഐ.ജി ആയി നിയമിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page