കൊച്ചിയില്‍ ട്രെയിനില്‍ നിന്നു വീണു കാലുകള്‍ നഷ്ടപ്പെട്ട പെരുമ്പളയിലെ അര്‍ഷാദിന്റെ ചികിത്സാ ചെലവ് കല്ലട്ര മാഹിന്‍ഹാജി എം എല്‍ എ ഏറ്റെടുത്തു

ആലപ്പുഴ: മാറിക്കയറിയ ട്രെയിനില്‍ നിന്നു ചാടി ഇറങ്ങുന്നതിനിടയില്‍ ട്രെയിനിനും പ്ലാറ്റ് ഫോമിനും ഇടയില്‍ കുടുങ്ങി കാലുകള്‍ നഷ്ടപ്പെട്ട കാസര്‍കോട് പെരുമ്പള ലക്ഷം വീട് ഉന്നതിയില്‍ അര്‍ഷാദി (24)ന്റെ ചികിത്സാ ചെലവ് കാസര്‍കോട് എം എല്‍ എ കല്ലട്ര മാഹിന്‍ ഹാജി ഏറ്റെടുത്തു. ചികിത്സ കഴിഞ്ഞു അര്‍ഷാദിനെ വീട്ടിലെത്തിക്കുന്നതിനുള്ള ചെലവും അദ്ദേഹം വഹിക്കും.
കൊച്ചിയില്‍ ഡോക്ടറെ കാണുന്നതിനുവേണ്ടിയാണ് അര്‍ഷാദ് കഴിഞ്ഞ ദിവസം കാസര്‍കോടു നിന്നു പുറപ്പെട്ടത്. ഡോക്ടറെ കണ്ടു മരുന്നും വാങ്ങി എറണാകുളം സ്‌റ്റേഷനില്‍ നിന്നു കാസര്‍കോട്ടേക്കു മടങ്ങുന്നതിനു കയറിയ ട്രെയിന്‍ മാറിപ്പോവുകയായിരുന്നു. തിരുവവന്തപുരത്തേക്കുള്ള ട്രെയിന്‍ ആലപ്പുഴ ജില്ലയിലെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് താന്‍ ട്രെയിന്‍ മാറിക്കയറിയതാണെന്ന് അര്‍ഷാദ് അറിഞ്ഞത്. മാരാരിക്കുളം റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ സ്ലോ ചെയ്തപ്പോള്‍ അര്‍ഷാദ് ട്രെയിനില്‍ നിന്നു പ്ലാറ്റ് ഫോമിലേക്കു ചാടുകയായിരുന്നു. എന്നാല്‍ ലക്ഷ്യം തെറ്റി പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടക്കു വീണ അര്‍ഷാദിന്റെ ഒരു കാല്‍ വേര്‍പെട്ടു. റെയില്‍വെ അധികൃതര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതര നിലയിലായിരുന്ന മറ്റേകാലും മുറിച്ചു മാറ്റേണ്ടിവന്നു.
അര്‍ഷാദിന്റെ അപകടവിവരം ഇന്നലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ നിന്നു വിവരമറിഞ്ഞ മാഹിന്‍ഹാജി ആലപ്പുഴയിലുള്ള തന്റെ സുഹൃത്തും പ്രവാസി കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ ട്രഷററുമായ സാദിഖിനെ ആശുപത്രിയിലയച്ചു. ആശുപത്രിയിലെത്തിയ സാദിഖ്, അര്‍ഷാദിന്റെ മാതാവിനെ കല്ലട്ര മാഹിന്‍ ഹാജി വാഗ്ദാനം ചെയ്ത ചിക്തിസാ സഹായവിവരം അറിയിക്കുകയായിരുന്നു.
കാസര്‍കോട്ടെ സീതാംഗോളിയിലെ തെരുവോര തോര്‍ത്തു കച്ചവടമാണ് അര്‍ഷാദിന്റെയും മാതാവിന്റെയും ഏക ഉപജീവനമാര്‍ഗം. അര്‍ഷാദിനു നേരിയ മാനസികാസ്വാസ്ഥ്യവുമുണ്ട്. മാതാവ് ആമിന ഹൃദ്രോഗത്തിനു ചികിത്സയിലാണ്. അര്‍ഷാദിന്റെ കാലുകള്‍ നഷ്ടപ്പെട്ടതോടെ ഇവരുടെ ഉപജീവനമാര്‍ഗം അനിശ്ചിതത്വത്തിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page