തൃശൂര്‍: ഭാര്യയെ ക്രൂരമായി മര്‍ദിച്ചുവെന്ന പരാതിയില്‍ ബിജെപി നേതാവിനെതിരെ കേസ്. ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ശ്രീകുമാറിന് എതിരെയാണ് ജാമ്യമില്ലാ കുറ്റം ചുമത്തി വധശ്രമത്തിന് കേസെടുത്തത്. എന്തുകൊണ്ട് വീട്ടില്‍ എത്താന്‍ വൈകി എന്ന് ചോദിച്ച് ജൂണ്‍ 9ന് രാത്രി 7.30ന് ശ്രീകുമാര്‍ മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. കരണത്തടിച്ചു, കണ്ണിനു താഴെ മര്‍ദിച്ചു എന്നും പരാതിയില്‍ പറയുന്നു.
തോന്നുന്ന സമയത്ത് വരാന്‍ ഇത് സത്രമാണോ എന്ന് ചോദിച്ച് മുഖത്തടിച്ചെന്നും മുടിയില്‍ കുത്തിപ്പിടിച്ചെന്നും തല ഭിത്തിയില്‍ ഇടിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. ആ സമയത്ത് ഭിത്തിയില്‍ കൈവച്ചതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. അല്ലായിരുന്നെങ്കില്‍ മരണം വരെ സംഭവിക്കുമായിരുന്നെന്നും പരാതിയില്‍ പറയുന്നു. ക്രൂരമര്‍ദനമേറ്റതിന് പിന്നാലെ ഇവര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. മതിലകം പൊലീസാണ് കേസെടുത്തത്.
ഗാര്‍ഹിക പീഡനത്തിനും വധശ്രമത്തിനും ഉള്‍പ്പെടെയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.







