ബംഗളൂരു: ആറുവയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ മാതാവ് അറസ്റ്റിലായി. ബംഗളൂരുവില്‍ അഭിഭാഷകയായ പ്രിയങ്ക(44)യാണ് പിടിയിലായത്. ഹാസനിലെ സക്ലേശ്പുരിലെ ഒരു ഫാംഹൗസില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ആറുവയസ്സുകാരി വെണ്ണിലയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പ്രിയങ്കയുടെ ആണ്‍സുഹൃത്തായ ജി.എന്‍. മോഹനെ പൊലീസ് നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. പിയങ്കയും മോഹനും തമ്മില്‍ പ്രണയത്തിലായിരുന്നു. കുട്ടി തങ്ങളുടെ ബന്ധത്തിനും സ്വകാര്യതയ്ക്കും തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഇരുവരും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മാര്‍ച്ച് 24-നാണ് ദുരൂഹസാഹചര്യത്തില്‍ വെണ്ണില മരിച്ചത്. പ്രിയങ്കയും ഭര്‍ത്താവ് പ്രവീണും ഈ വര്‍ഷമാദ്യം വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു.
പിന്നീട് പ്രിയങ്ക ബംഗളൂരുവില്‍ കാമുകന്‍ മോഹനൊപ്പം താമസിച്ചുവരികയായിരുന്നു. മൂത്ത മകള്‍ ദാവണഗെരെയില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചപ്പോള്‍ വെണ്ണില പ്രിയങ്കയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.
ആഡംബരവില്ലയിലായിരുന്നു അഭിഭാഷകയായ പ്രിയങ്കയും ആണ്‍സുഹൃത്തും താമസിച്ചുവന്നിരുന്നത്. വെണ്ണിലയുടെ ദുരൂഹമരണത്തില്‍ പിതാവ് പ്രവീണ്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പൊലീസ് സംഘം ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് കുട്ടിക്ക് മര്‍ദനമേറ്റതടക്കം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഹനെ പിടികൂടി. ചോദ്യംചെയ്യലില്‍ കുട്ടിയെ മര്‍ദിച്ചതായും കരഞ്ഞപ്പോള്‍ വായയും മൂക്കും പൊത്തിപ്പിടിച്ചതായും ഇയാള്‍ സമ്മതിക്കുകയായിരുന്നു. കൊല നടന്ന ദിവസം ഷോപ്പിങിന് പോയി
തിരികെ കാറില്‍ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്ന ഐസ്‌ക്രീം കാറിനുള്ളില്‍ വീണു. അത് മോഹനെ പ്രകോപിതനാക്കി. പിന്നാലെ മറ്റൊരു ഐസ്‌ക്രീം വേണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി കരയാന്‍ തുടങ്ങി. ഇത് പ്രതിയെ കൂടുതല്‍ പ്രകോപിപ്പിച്ചെന്നും തുടര്‍ന്ന് കൈമുട്ട് കൊണ്ട് കുട്ടിയുടെ വയറില്‍ തുടരെ ഇടിച്ചെന്നുമാണ് പൊലീസ് പറയുന്നത്. കരച്ചില്‍ നിര്‍ത്താനായി കുട്ടിയുടെ വായും മൂക്കും പ്രതി പൊത്തിപ്പിടിച്ചെന്നും പൊലീസ് പറഞ്ഞു. അടുത്ത ദിവസം
രാവിലെയാണ് പ്രതികളായ പ്രിയങ്കയും മോഹനും കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ കുട്ടി മരിച്ചനിലയിലായിരുന്നു. തലേദിവസം ബിരിയാണി കഴിച്ചതോടെ കുട്ടി അവശയായിരുന്നുവെന്നാണ് ഇരുവരുടെയും ആദ്യത്തെ മൊഴി. എന്നാല്‍, കാറിനുള്ളില്‍ എസി ഓണ്‍ചെയ്ത് ഉറങ്ങിയതോടെയാണ് ആരോഗ്യനില വഷളായതെന്നും ഇവര്‍ പിന്നീട് മാറ്റിപ്പറഞ്ഞു.
പരസ്പരവിരുദ്ധമായ മൊഴികളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളുമാണ് പ്രതികള്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന സംശയം ബലപ്പെടുത്തിയത്.







