അതിവേഗ റെയിൽ

പുതുയുഗ യാത്ര നടത്തി,ഭരണം പിടിച്ചെടുത്ത യു ഡി എഫ് ഗവണ്മെന്റ് അതിവേഗ റെയിൽ പാത നിർമിച്ചു ജനങ്ങൾക്കാവശ്യമുള്ള സ്ഥലത്തേക്ക് അതിവേഗം യാത്ര ചെയ്യാൻ തീരുമാനമെടുത്ത സർക്കാരിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. തിരുവനന്തപുരത്തു നിന്നും കണ്ണൂർ വരെയാണ് അതിവേഗ റെയിൽ പാത നിർമിക്കാനുള്ള ഡി പി ആർ മെട്രോമാൻ തയ്യാറാക്കിയിട്ടുള്ളത്. കേരളമെന്നത് തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർകോട് വരെയുള്ള ജില്ലകളാണ്. പത്തു നാൽപത്തി രണ്ട് വർഷം മുമ്പാണെങ്കിൽ കണ്ണൂരായിരുന്നു വടക്കേ അറ്റത്തെ ജില്ല.അന്നായിരുന്നു ഈ പദ്ധതി വന്നിരുന്നതെങ്കിൽ ഞങ്ങൾ കാസർകോട്ടുകാർക്ക് വിഷമം ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ വടക്കേ അറ്റത്തെ ജില്ലയായ കാസർകോട് ജില്ലക്കാരുടെ നികുതിപ്പണം കൂടി കൂട്ടിയാണ് കേരളത്തിന്റെ ഖജനാവ് നിറയുന്നത്.അതി വേഗ റെയിൽ കണ്ണൂർ വരെ മാത്രമാണെങ്കിൽ അതിവേഗ റെയിൽ നിർമാണത്തിനു കാസർകോട്ടു കാരുടെ നികുതിപ്പണം ഉപയോഗിക്കുന്നില്ല എന്നു പറയാനുള്ള ആർജവം സർക്കാർ കാണിക്കണം.
എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും പല പേരുകളിൽ കേരള യാത്ര തുടങ്ങുന്നത് കാസർകോട്ടു നിന്നും തിരുവനന്തപുരത്തേക്കാണ്. ഇനി മുതൽ തിരുവനന്തപുരത്തു നിന്നും തുടങ്ങി കണ്ണൂർ വരെ മതി.കണ്ണൂരിനിപ്പുറം കേരളത്തിന്റെ ഭാഗമല്ല എന്നു സമ്മതിക്കുകയും വേണം.
അതിവേഗ റെയിൽ തിരുവനന്തപുരത്തു നിന്നു തുടങ്ങി കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും ബന്ധിപ്പിച്ചുള്ളതാണെത്രെ. അപ്പൊ ഈ അതിവേഗ ട്രെയിൻ വിമാനത്തിൽ യാത്ര ചെയ്യുന്ന പ്രവാസികൾക്കും സമൂഹത്തിലെ വി ഐ പി കൾക്കുമാണ് എന്ന് അനുമാനിക്കേണ്ടിവരും. കാസർകോട്ട് വിമാനത്താവളമില്ലാത്തത് കൊണ്ടായിരിക്കുമോ അതിവേഗ റെയിൽ കാസർകോട്ടുവരെ ദീർഘിപ്പിക്കാ ത്തിരുന്നത്. ഇപ്പോഴാണ് പഴയ തമാശ ഓർമ്മ വരുന്നത്. ഒരു ദിവസം ഒരാൾ എം എൽ എ യുടെ അടുത്ത് ചെന്ന് പറഞ്ഞുവത്രേ, എന്റെ വീട്ടിലേക്ക് ഒരു പാലം അനുവദിച്ചു തരണമെന്ന്.അവിടെ പുഴയുണ്ടോ എന്നു എം ൽ എ തിരിച്ചു ചോദിച്ചപ്പോൾ അയാൾ എം ൽ എ യോട് പറഞ്ഞു പോലും. പാലം വേണമെങ്കിൽ പുഴയും വേണമെന്ന് നിർബന്ധമാണേ എനിക്ക് പുഴയും കൂടി തന്നേക്കാൻ. വിമാനത്താവളമില്ലാത്തത് കൊണ്ടാണ് അതിവേഗ റെയിൽ കാസർകോട്ടു കാർക്ക് നിഷേധി ച്ചതെങ്കിൽ ഞങ്ങൾക്ക് ഒരു വിമാനത്താവളവും കൂടി തന്നേക്ക്. ആ വിമാനത്താവളം കിട്ടിയതിന്റെ പേരിൽ ഞങ്ങൾ ഗർവ് കാണിക്കത്തൊന്നുമില്ല.കാസർകോട്ടു കാരായ പ്രവാസികൾ കണ്ണൂർ, കോഴിക്കോട്, എറണാകുളം, മംഗലാപുരം വിമാനത്താവളങ്ങളാ ണ് വിദേശ യാത്രക്കായി ഉപയോഗിക്കുന്നത്.അതിവേഗ റെയിൽ കാസർകോട് വരെ നീട്ടിയാൽ അവർക്കും ഉപകാരമായിരിക്കും.
മുൻ ഗവണ്മെന്റ് കെ റെയിൽ കൊണ്ട് വരാൻ കൺസൻട്ടൻസിയെ വെച്ച് ഒരു പാട് കാശ് കളഞ്ഞു, മഞ്ഞകുറ്റിക്ക് 4500 രൂപ വെച്ചു എത്ര കുറ്റിയാ നാട്ടിയത് ? പ്രതിഷേധ സമരക്കാർ നാട്ടിയ കുറെ കുറ്റികൾ പറിച്ചെറിഞ്ഞു. പുതിയ സർക്കാർ കെ റെയിൽ വേണ്ടാന്നു വെച്ചപ്പോൾ നാട്ടിയ കുറ്റികൾ പറിക്കാൻ ഇനിയും കാശു മുടക്കേണ്ടിവരും. പണ്ട് കുറ്റിപറി സമരം നടത്തിയവരോട് കുറ്റി പറി സമരം തുടരാൻ പറഞ്ഞാൽ കുറ്റി പറിക്കാനുള്ള പൈസ കൂടി ലാഭിക്കായിരുന്നു. സ്വന്തം സർക്കാർ ആയത് കൊണ്ട് കുറ്റി പറിക്കൽ സമരമെന്നത് മാറ്റി കുറ്റിപറി മഹാമേള എന്നാക്കിയാൽ മതി.അപ്പോൾ സ്വന്തം ഗവണ്മെന്റിനെതിരെ സമരം ചെയ്യുന്നു എന്ന ചീത്ത പേര് മാറിക്കിട്ടും.അല്ലെങ്കിൽ കന്നുകാലി വളർത്തുകാർക്ക് കാലികളെ പുല്ലുമേയാൻ കെട്ടാൻ സൗജന്യമായി കൊടുക്കാമായിരുന്നു. ആവശ്യമുള്ളവർ മഞ്ഞകൂറ്റി പറിച്ചു കൊണ്ട് പോകാവുന്നതാണ് എന്ന നോട്ടീസ് ഇറക്കിയാൽ മതിയാവും.അങ്ങിനെയായാൽ മഞ്ഞകുറ്റി പറി ക്കാൻ ഖജനാവിൽ നിന്നും കാശു മുടക്കേണ്ടി വരില്ല.
കെ റെയിൽ വരുമെന്ന് പറഞ്ഞിട്ടും അഞ്ചു വർഷത്തിൽ കൂടുതലായിട്ടും കുറ്റി നാട്ടാനെ കഴിഞ്ഞിട്ടുള്ളൂ. പുതിയ റെയിലിന്റെ പേര് അതിവേഗം എന്നാണെങ്കിലും ഇതിന്റെ പരിസ്ഥിതിപഠനം, സ്ഥലമെടുപ്പിനു മുമ്പിൽ കുറ്റി നാട്ടൽ, കുറ്റി പറിക്കൽ സമരം ഒക്കെക്കഴിഞ്ഞു സ്ഥലമെടുപ്പ് തുടങ്ങാറാവുമ്പോ ഴേക്കും ഗവണ്മെന്റിന്റെ കാലാവധി കഴിയും. പിന്നെ ഇടതു മുന്നണി വന്നാൽ ഇതു ക്യാൻസൽ ചെയ്തു കെ റെയിൽ ചിലപ്പോൾ വീണ്ടും വരും. അങ്ങിനെ അതിവേഗ, കെ റെയിൽ,കസേരകളി പോലെ തുടർന്നു കൊണ്ടേയിരിക്കും. പദ്ധതി യാഥാർഥ്യമായാൽ മാത്രമേ അതിവേഗം ആവുന്നുള്ളു. ഒച്ചിന്റെ വേഗതയിൽ മാത്രമേ പദ്ധതി യഥാർഥ്യമാകുള്ളൂ.കാരണം ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണ്. ഇനി പൂച്ചയുടെ പേറ്റു കുളിയും കഴിഞ്ഞു പൂച്ച കുഞ്ഞുങ്ങളെയും കൊണ്ട് പുറത്തിറങ്ങിയിട്ട് വേണം ഖജനാവ് നിറക്കാൻ. അങ്ങിനെ ഖജനാവ് നിറഞ്ഞിട്ട് വേണം എല്ലാം തുടങ്ങാൻ. ഈയുള്ളവന്റെ ആയുസ്സിൽ അതിവേഗ ട്രെയിനിൽ കാസർകോട് നിന്നു കേറാനുള്ള യോഗമുണ്ടാവുമെന്ന് തോന്നുന്നില്ല.
വാൽകഷ്ണം… അതിവേഗ റെയിൽ കാസർകോട് വരെ നീട്ടിയില്ലെങ്കിൽ, ഭരണമുന്നണിയിലെ നാലു എം ൽ എ മാരാണ് കാസർകോട്ടു നിന്നുമുള്ളത്. നിയമസഭയിൽ വന്നു കാസർകോടിന്റെ ആവശ്യങ്ങൾ ഉന്നയിക്കാൻ അവർക്കും തിരുവനന്തപുരം വരണം. കാസർകോട് കാരുടെ പ്രതിഷേധ ശബ്ദം അവഗണിച്ചു കൊണ്ട് അതിവേഗ റെയിൽ കണ്ണൂരിൽ അവസാനിപ്പിച്ചാൽ കാസർകോടു കാരുടെ പ്രതിഷേധം സർക്കാരിന് കണ്ടില്ലന്നു നടിക്കാനാവില്ല.
ഇപ്പോൾ കാസർകോ ട്ടുകാർ പഠനത്തിനും ചികിത്സക്കും മംഗലാലാപുരത്തിനെയാണ് ആശ്രയിക്കുന്നത്. കാസർകോടിനെ കർണാടകത്തിൽ ലയിപ്പിക്കാൻ വേണ്ടി സമരം ചെയ്യാൻ കാസർകോട്ടുകാർക്ക് പ്രേരണയാവാൻ അതിവേഗ റെയിൽ ഇട വരുത്തരുത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page