ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് – ഇറാൻ സംഘർഷം രൂക്ഷമാകുന്നു.
​ഇറാനെതിരെ രണ്ടാമത്തെ ദിവസവും ശക്തമായ വ്യോമാക്രമണം നടത്തിക്കൊണ്ട് അമേരിക്കൻ സൈന്യം തിരിച്ചടി തുടരുകയാണ്. ഒരു അമേരിക്കൻ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിനെ തുടർന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. സമാധാന കരാറിന് ഇറാൻ തയ്യാറാകുന്നില്ലെങ്കിൽ അവർ വലിയ വില നൽകേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ തെക്കൻ തീരങ്ങളിൽ വലിയ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.

​അമേരിക്കയും ഇറാനും തമ്മിലുള്ള വ്യോമാക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിൽ ഒരു പൂർണ്ണമായ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭ മേധാവി ആന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി. ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ സംസാരിക്കവെ, ഇരുവിഭാഗത്തോടും അദ്ദേഹം സംയമനം പാലിക്കാൻ ആവശ്യപ്പെട്ടു

.
​ഒമാനിൽ കപ്പലിന് നേരെയുണ്ടായ ആക്രമത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ മരിച്ചു.
​ഇറാനിൽ നിന്നുള്ള എണ്ണയുമായി പോവുകയായിരുന്ന ഒരു കപ്പലിന് നേരെ ഒമാൻ തീരത്ത് യു.എസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. അമേരിക്കൻ നിർദ്ദേശങ്ങൾ കപ്പൽ അനുസരിക്കാതിരുന്നതിനെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്ന് യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

​പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോളതലത്തിൽ ഇന്ധനവില വർദ്ധിച്ചതോടെ യു.എസിലെ പണപ്പെരുപ്പം 4.2 ശതമാനമായി ഉയർന്നു. കഴിഞ്ഞ 3 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഇത് വരും ദിവസങ്ങളിൽ മറ്റ് രാജ്യങ്ങളിലെ വിപണികളെയും ബാധിച്ചേക്കാം.

​ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം.
​കായിക ലോകം കാത്തിരുന്ന ഫിഫ ലോകകപ്പ് 2026 ഇന്ന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി തുടക്കമാവുകയാണ്. അമേരിക്കൻ നഗരമായ മിയാമിയിലടക്കം വലിയ രീതിയിലുള്ള ആരാധക സംഗമങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡ് മറികടന്ന്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രധാനമന്ത്രി പദവിയിലിരുന്ന ജനപ്രതിനിധി എന്ന നേട്ടം നരേന്ദ്ര മോദി സ്വന്തമാക്കി.
ഡോണൾഡ് ട്രംപ് ഉൾപ്പെടെയുള്ള ലോകനേതാക്കൾ അദ്ദേഹത്തെ അഭിനന്ദിച്ചു.

​തൃണമൂൽ കോൺഗ്രസിൽ ഭിന്നത ശക്തമാകുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഏറ്റവും അടുത്ത വിശ്വസ്തയും ജാദവ്പൂർ എംപിയുമായ സായോണി ഘോഷ് ഉൾപ്പെടെയുള്ള 20 വിമത എംപിമാരുടെ സംഘം പാർട്ടി നേതൃത്വവുമായി അകലുന്നതായി റിപ്പോർട്ടുകൾ. പാർലമെന്റിലെ പ്രധാന മുഖങ്ങളിലൊന്നായ സുഷ്മിത ദേവ് പാർട്ടി വിട്ട് ബിജെപിയിലേക്ക് പോകുമെന്ന സൂചനകളും വരുന്നുണ്ട്.

​എൻഡിഎ സഖ്യത്തിലേക്ക് കൂടുതൽ എംപിമാർ അടുക്കുന്നു. പ്രതിപക്ഷ നിരയിലെ ശത്രുഘ്നൻ സിൻഹ, യൂസഫ് പഠാൻ അടക്കം 19 എംപിമാർ എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്നതായി സൂചന നൽകുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.

​മമത-സോണിയ കൂടിക്കാഴ്ച: തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. എന്നാൽ മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ചുവെന്ന വാർത്തകൾ കോൺഗ്രസ് നേതാവ് ജയറാം രമേശ് നിഷേധിച്ചു.

​ഇന്ത്യയുടെ പ്രതിരോധ ബജറ്റിൽ വൻ വർധനവ്: രാജ്യത്തെ സൈനിക ചെലവുകൾ 9,200 കോടി ഡോളർ കടന്നതായി റിപ്പോർട്ട്. സൈനിക ചെലവിന്റെ കാര്യത്തിൽ ലോകത്തിൽ അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.

​അമേരിക്കയോട് ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ: കടലിൽ ഇന്ത്യൻ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ അമേരിക്കയെ ശക്തമായ പ്രതിഷേധം അറിയിച്ചു. അക്രമത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുത്തതായാണ് വിവരം.

​ഗ്രേറ്റ് നിക്കോബാറിൽ പുതിയ വിമാനത്താവളം: ചൈനയുടെ നീക്കങ്ങളെ നിരീക്ഷിക്കുന്നതിനായി തന്ത്രപ്രധാനമായ മലാക്ക കടലിടുക്കിന് സമീപം ഗ്രേറ്റ് നിക്കോബാർ ദ്വീപിൽ 13,000 കോടി രൂപ ചെലവിൽ പുതിയ വിമാനത്താവളം വരുന്നു.


​ന്യൂസ്ക്ലിക്ക് കേസിൽ ഇഡിക്ക് തിരിച്ചടി: ന്യൂസ്ക്ലിക്ക് പ്രൊമോട്ടർ പ്രബീർ പുർകായസ്തക്കെതിരെയുള്ള ഇഡി കേസുകൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. അന്വേഷണ ഏജൻസിയുടെ നടപടി അധികാര ദുർവിനിയോഗമാണെന്ന് കോടതി വിമർശിച്ചു.

​നീറ്റ് പരീക്ഷാ വിവാദം: നീറ്റ് പരീക്ഷാ ചോർച്ചാ കേസിലെ പ്രതി പുനഃപരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

​സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു: കോഴിക്കോട് സ്വദേശിയായ രോഗിയിലാണ് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിലായവരോട് ക്വാറന്റീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.

​വയനാട്ടിൽ ഷിഗെല്ല ഭീതി: വയനാട് ജില്ലയിൽ കുട്ടികൾക്ക് ഉൾപ്പെടെ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി 4 തദ്ദേശ സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാല് ദിവസം അവധി പ്രഖ്യാപിച്ചു.

വനിതകൾക്കായി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി ആരംഭിക്കുന്നു.

​ അന്താരാഷ്ട്ര തലത്തിൽ ഇറാൻ-യുഎസ് തർക്കങ്ങളും കുവൈറ്റിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.


​ സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് ഇന്ന് വിവിധയിടങ്ങളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

​വയനാട്ടിൽ കാട്ടാന ആക്രമണം: വയനാട് കാട്ടിക്കുളത്ത് കൃഷിസ്ഥലത്ത് വെച്ച് കാട്ടാനയുടെ ആക്രമണമേറ്റ തോട്ടം തൊഴിലാളി മരിച്ചു. നാട്ടുകാരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്.

​നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡ് പരിശോധിച്ചതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിൽ നിന്നും ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ഹർജി ഇനി മറ്റൊരു ബെഞ്ചിലേക്ക് മാറ്റും.

കാസർകോട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ലഹരി മാഫിയക്കെതിരെ
‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു. എം.ഡി.എം.എയുമായി നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു.

​മഴക്കാലം ആരംഭിച്ചതിനാൽ മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും ഉള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page