കോഴിക്കോട് വീണ്ടും നിപ്പ; രോഗം സ്ഥിരീകരിച്ചത് 43കാരന്, ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

കോഴിക്കോട്: കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 43കാരനാണ് നിപ്പാ വൈറസ് സ്ഥിരീകരിച്ചത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇയാളെ അർദ്ധരാത്രി 12 മണിയോടെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. വാർഡിന് സമീപത്തേക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. പ്രത്യേക വാർഡ് പരിസരത്ത് ബാരിക്കേഡുകൾ സ്ഥാപിച്ചു. പരിസരത്തെ പാർക്കിങ്ങും പൂർണ്ണമായി നിരോധിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തിയ പരിശോധനയിൽ ആണ് ഫറൂഖ് സ്വദേശിക്ക് രോ​ഗം സ്ഥിരീകരിച്ചത്. പനിയും അനുബന്ധ ബുദ്ധിമുട്ടുകളും കാരണമാണ് യുവാവിനെ കുറച്ചു ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കൂടി കണ്ടതോടെയാണ് നിപ്പ രോഗത്തിനുള്ള പരിശോധന നടത്തിയത്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു. നിപ്പ രോഗം കണ്ടെത്താനുള്ള വിആർഡിഎൽ ലാബ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഉണ്ടെങ്കിലും പുനെയിൽ നടത്തുന്ന പിസിആർ പരിശോധനയ്ക്കു ശേഷമാകും ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുക. വ്യാഴാഴ്ച വൈകിട്ടോടെ ഈ ഫലം പുറത്തുവരുമെന്നാണ് വിവരം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page