മത്തിക്കും അയിലയ്ക്കും വില കിലോയ്ക്ക് 400 രൂപയായി; മീന്‍ വില കുത്തനെ ഉയരുന്നു, ഹോട്ടലുകളിലും തീവില, കഠിനമാകും ജൂണ്‍-ജൂലൈ കുടുംബ ബജറ്റ്

കാസര്‍കോട്: ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ മീന്‍ വില കുതിച്ചുയരുന്നു. മീന്‍വിഭവങ്ങള്‍ വാങ്ങുകയാണെങ്കില്‍ കീശ കാലിയാകുന്ന സ്ഥിതിയായി. നത്തോലി മുതല്‍ അയക്കൂറക്ക് വരെ വില വര്‍ദ്ധിച്ചിട്ടുണ്ട്. അയിലയ്ക്കും മത്തിയ്ക്കും കിലോ ഗ്രാമിന് 400 രൂപവരെയെത്തി. ചെമ്മീന് അഞ്ഞുറു രൂപവരെ വിലയെത്തി. അയക്കൂറയുടെ വില ആയിരം രൂപയ്ക്ക് മുകളിലാണ്. അയലയും മത്തിയും പേരിന് മാത്രമാണിപ്പോള്‍ ലഭിക്കുന്നത്. ട്രോളിംഗിന് മുമ്പ് തന്നെ മീനുകള്‍ക്ക് വില വര്‍ധിച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം മൂലം മീനുകള്‍ ആഴക്കടലിലേക്ക് നീങ്ങിയതും തൊഴിലാളി ക്ഷാമവും ഇന്ധന ചെലവ് വര്‍ദ്ധിച്ചതുമെല്ലാമാണ് വിലക്കയറ്റത്തിന് കാരണങ്ങളായി തൊഴിലാളികളും കച്ചവടക്കാരും പറയുന്നത്. വില വര്‍ധിച്ചതോടെ മീന്‍ പലരും ഒഴിവാക്കി തുടങ്ങിയിട്ടുണ്ട്. അതിനിടെ കോഴിയിറച്ചിക്കും വില വര്‍ധിച്ചിട്ടുണ്ട്. കിലോയ്ക്ക് 150 മുതല്‍ 170 രൂപവരെയാണ് വില. ഗ്യാസ് ക്ഷാമം, വിറക് വിലവര്‍ധന എന്നീ കാരണങ്ങളാല്‍ വലിയൊരു ശതമാനം ഹോട്ടലുടമകള്‍ ഊണ്‍വിലയില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. ഊണിന്റെ ഇരട്ടിയിലേറെ വിലയാണ് മീന്‍ സ്‌പെഷ്യല്‍ വിഭവങ്ങള്‍ക്ക്. ഹോട്ടലില്‍ ഒരു മത്തിക്ക് 30 രൂപയാണ് വാങ്ങുന്നത്. മഴ ശക്തമായതോടെ കായല്‍മീന്‍ ലഭ്യതയും കുറഞ്ഞു. ട്രോളിംഗ് പ്രാബല്യത്തില്‍ വന്നതോടെ ആഴക്കടല്‍ മീന്‍പിടിത്തം വിലക്കിയിരിക്കുകയാണ്. ചെറുവള്ളങ്ങളിലും മറ്റുമുള്ള പരമ്പരാഗത മത്സ്യബന്ധനമേ ഇനി അനുവദിക്കൂ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page