‘ഇടനിലക്കാരില്ല, ഖനിയില്‍ നിന്നുള്ള ശുദ്ധസ്വര്‍ണക്കട്ടികള്‍ തരാം’, വാഗ്ദാനത്തില്‍ വീണത് നിരവധി പേര്‍; ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സ്വര്‍ണകട്ടി കാട്ടി കെജിഎഫ് സ്വാമി തട്ടിയത് ലക്ഷങ്ങള്‍, ഒടുവില്‍ പിടിവീണു

തൃശ്ശൂര്‍: സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് എത്തിക്കുന്ന ശുദ്ധ സ്വര്‍ണക്കട്ടികള്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കെജിഎഫ് സ്വാമി എന്ന് വിളിക്കുന്ന പത്തനംതിട്ട മാധവ മംഗലത്ത് മനാഴിയില്‍ വീട്ടില്‍ ഷാജി(61)യാണ് പിടിയിലായത്. കൊടുങ്ങല്ലൂര്‍ ഉഴുവത്തുകടവിലെ വാടകവീട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
മാടവന സ്വദേശി ഷബീര്‍ എന്നയാളില്‍ നിന്ന് അഞ്ച് ലക്ഷത്തി അയ്യായിരം രൂപ തട്ടിയെടുത്ത കേസിലാണ് കെജിഎഫ് സ്വാമിയെ അറസ്റ്റുചെയ്തത്. ഇടനിലക്കാരില്ലാതെ ഖനിയില്‍ നിന്ന് നേരിട്ട് തനിത്തങ്കം എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. വിപണിവിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണക്കട്ടികള്‍ ലഭ്യമാക്കാമെന്നുമാണ് ഇയാള്‍ ആളുകളെ വിശ്വസിപ്പിച്ചിരുന്നത്. സാമ്പിളായി വെട്ടിത്തിളങ്ങുന്ന സ്വര്‍ണക്കട്ടിയും കാണിക്കും. അഡ്വാന്‍സായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങുന്നതാണ് രീതി. കൊടുങ്ങല്ലൂരിലായിരുന്നു ഷാജി ഏറെ നാളായി താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 25 മുതലാണ് സ്വാമിക്ക് ഷബീര്‍ പണം നല്‍കി തുടങ്ങിയത്. സുഹൃത്തു മുഖേനയാണ് ഷബീര്‍ ഷാജിയെ പരിചയപ്പെട്ടത്. നേരിട്ടും അക്കൗണ്ട് വഴിയായും പല തവണയായി അഞ്ച് ലക്ഷം രൂപ നല്‍കി. സ്വര്‍ണം കിട്ടാതെ വന്നതോടെയാണ് ഷബീര്‍ പൊലീസിനെ സമീപിച്ചത്. പരാതി അന്വേഷിച്ച കൊടുങ്ങല്ലൂര്‍ പൊലീസ് കെജിഎഫ് സ്വാമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വാമിയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണ കട്ടി ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റാണെന്ന് പിന്നീട് വ്യക്തമായി. ഇയാളില്‍ നിന്നും വലിയ കത്തി, ഒരു കിലോയോളം വരുന്ന വ്യാജ സ്വര്‍ണകട്ടി, ഒമ്പത് മാലകള്‍, അഞ്ച് വള എന്നിവ കണ്ടെത്തിയിട്ടുണ്ട്. പാറവട്ടിയില്‍ വ്യാജ സ്വര്‍ണ ഗണപതി വിഗ്രഹം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ പ്രതിയാണ് ഷാജി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി പി പ്രമോദിന്റെ നേതൃത്വത്തില്‍ ഷാജിയെപ്പറ്റിയുള്ള വിപുലമായ അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page