ടിയാൻമെൻ സ്ക്വയർ ( സ്വർഗീയ സമാധാനത്തിൻ്റെ കവാടം)

കൊടക്കാട് നാരായണന്‍

1989 ജൂൺ നാലിനു ടിയാനന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും നേരെ സൈന്യം വെടിയുതിർത്ത സംഭവത്തിന് 37 വയസ് പിന്നിടുമ്പോഴാണ് ചൈനയിലെ ടിയാനൻമെൻ സ്ക്വയർ സന്ദർശിക്കാൻ അവസരം കൈ വന്നത്. പ്രക്ഷോഭത്തെ അനുകൂലിച്ച മാർക്സിസ്റ്റ് ദാർശനികൻ പിഗോവിന്ദപിള്ളയ്‌ക്കെതിരെ സി.പി.എം നടപടി എടുത്ത വാർത്തകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്ന തൊണ്ണൂറുകളിലാണ് ആദ്യമായി ചൈനയിലെ ടിയാൻമെൻ സ്ക്വയറിനെ കുറിച്ച് കേൾക്കുന്നത് ചെന്നൈയിൽ 1992 ജനുവരിയിൽ നടന്ന സിപിഎമ്മിന്റെ 14-ാം പാര്‍ട്ടി .കോണ്‍ഗ്രസില്‍ വിഷയം ചർച്ചയ്ക്കു വന്നിരുന്നു.ടിയാനന്‍മെന്‍ സ്‌ക്വയര്‍ പ്രക്ഷോഭം അടിച്ചമർത്തിയ ചൈനീസ് ഗവ.ൻ്റെ സൈനിക നടപടിയെ പാർട്ടി അന്ന് ശരിവയ്ക്കുകയും ചെയ്തു.ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി നടത്തിയ ഏറ്റവും വലിയ പോരാട്ടമായി ടിയാനൻമെൻ സ്ക്വയർ പ്രക്ഷോഭം എന്നും ഓർമിക്കപ്പെടും. ലോകത്തിന്റെ ശ്രദ്ധ മുഴുവൻ സ്ക്വയറിലേക്കു തിരിച്ച 1989 ലെ വർഷ കാലം. രാഷ്ട്രീയ പരിഷ്കാരങ്ങളും കൂടുതൽ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ആയിരക്കണക്കിന് വിദ്യാർത്ഥികളും സാധാരണക്കാരും ഇവിടെ ഒത്തുകൂടി. ആഴ്ചകളോളം നീണ്ടുനിന്ന സമരങ്ങൾക്കൊടുവിൽ നടന്ന സൈനിക ഇടപെടൽ ലോകവ്യാപകമായ വിവാദങ്ങൾക്ക് വഴിവെച്ചു.

അന്ന് നടന്ന സംഭവങ്ങൾ വ്യക്തമാണ്: ടിയാൻമെൻ എന്ന പേര് ലോകചരിത്രത്തിൽ ജനകീയ പ്രക്ഷോഭങ്ങളുടെയും ഭരണകൂട അധികാരത്തിന്റെയും ബന്ധത്തെക്കുറിച്ചുള്ള ചർച്ചകളുടെ സ്ഥിരം പ്രതീകമായി മാറി.

രാജ്യത്ത് ജനാധിപത്യ ഭരണവ്യവസ്ഥ നടപ്പാക്കുന്നതിനെതിരെ 1989-ല്‍ ചൈനയില്‍ നടന്ന പ്രക്ഷോഭത്തില്‍ പതിനായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി പിന്നീട് ഉണ്ടായ വെളിപ്പെടുത്തല്‍ എത്രമാത്രം വസ്തുതാ പരമാണെന്ന് അറിയില്ല. പ്രക്ഷോഭം കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിന് ശേഷം 2020 ൽബ്രിട്ടന്‍ പുറത്തു വിട്ട പഴയരഹസ്യരേഖകളിലാണ് ഞെട്ടിപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്. പ്രക്ഷോഭത്തില്‍ പങ്കെടുത്ത 10,000 സാധാരണക്കാരെങ്കിലും കൊലപ്പെട്ടിട്ടുണ്ട്.. ചൈനയിലെ . അന്നത്തെ ബ്രിട്ടീഷ് അംബാസിഡറായ അലന്‍ ഡൊണാള്‍ഡ് ആ കാലഘട്ടത്തില്‍ ലണ്ടനിലേക്ക് അയച്ച കത്തിലാണ് ചൈനീസ് ഭരണ കൂടം ഇതു വരെ അംഗീകരിക്കാത്ത ആരോപണമുള്ളത്.ടിയാന്‍മെന്‍ കലാപം നടന്ന് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ആണ് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബ്രിട്ടീഷ് നാഷണല്‍ ആര്‍ക്കൈവ്‌സില്‍ ലഭ്യമായിരിക്കുന്നത്. കലാപത്തില്‍ 200 പ്രക്ഷോഭകാരികളും ഏതാനും സൈനിക-പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക വിശദീകരണം. കലാപം നടക്കുമ്പോള്‍ ബെയ്ജിംഗിലുണ്ടായിരുന്ന ബ്രിട്ടീഷ് അംബാസിഡര്‍ അലന്‍ ഡൊണാള്‍ഡിന് അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് ടിയാന്‍മെന്‍ സ്‌ക്വയറിലെ സൈനിക നടപടി സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റേറ്റ് കൗണ്‍സിലില്‍ അംഗമായിരുന്ന ഒരു ഉന്നതനേതാവില്‍ നിന്നാണ് ഈ വിവരങ്ങള്‍ ഡൊണാള്‍ഡിന്റെ സുഹൃത്തിന് ലഭിച്ചതത്രെ.ടിയാന്‍മെന്‍ പ്രക്ഷോഭത്തെക്കുറിച്ച് ഡൊണാള്‍ഡ് ലണ്ടനിലേക്ക് അയച്ച കത്തില്‍ പറയുന്നത് ഇപ്രകാരമാണ്. 1989 ജൂണ്‍ മൂന്നിനോ നാലിനോ രാത്രിയോടെയാണ് സൈന്യം ബെയ്ജിംഗ് നഗരത്തിലേക്ക് പ്രവേശിച്ചത്. രാജ്യത്ത് ജനാധിപത്യഭരണസംവിധാനം കൊണ്ടു വരണം എന്നാവശ്യപ്പെട്ട് ഏഴാഴ്ച്ചയായി യുവാക്കളുടെ നേതൃത്വത്തില്‍ ടിയാന്‍മെന്‍ സ്‌ക്വയറില്‍ പ്രക്ഷോഭങ്ങള്‍ നടക്കുകയായിരുന്നു.

ടിയാന്‍മെന്‍ സ്‌ക്വയറിലേക്ക് സൈന്യം പ്രവേശിച്ചതോടെ ഇനി എന്ത് നടക്കുമെന്ന് പ്രക്ഷോഭകാരികള്‍ക്ക് മനസ്സിലായിരുന്നു. ഒരു മണിക്കൂര്‍ കൊണ്ട് അവിടം വിട്ടു പോകാനായിരുന്നു കിട്ടിയ നിര്‍ദേശമെങ്കിലും പട്ടാളടാങ്കറുകള്‍ അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് പാഞ്ഞു കയറി. നിലവിളിച്ചോടിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈന്യം തുടരെ വെടിയുതിര്‍ത്തു. മരണപ്പെട്ടവരുടെ ദേഹത്തിലൂടെ പലവട്ടം ടാങ്കറുകള്‍ കയറി ഇറങ്ങി, മൃതദേഹങ്ങള്‍ ഛിന്നഭിന്നമായി. ഒടുവില്‍ അവയെല്ലാം കൂട്ടിയിട്ട് കത്തിച്ചു. പിന്നിലെ ഹോസിലെ വെള്ളം കൊണ്ട് ആ ചാരമെല്ലാം ഓവുചാലില്‍ ഒഴുകി……(അവലംബം : 2020 ലെ ഏഷ്യാനെറ്റ് റിപ്പോർട്ട്)

2020 ലെ വാർഷിക സമ്മേളനത്തിൽ ടിയാനൻമെൻ സ്ക്വയറിലെ 1989-ലെ സൈനിക നടപടിയെ വീണ്ടും ന്യായീകരിച്ച് ചൈന രംഗത്തെത്തിയിരുന്നു. അത് ശരിയായ തീരുമാനമായിരുന്നെന്ന് ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെൻസി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തി ആയിരക്കണക്കിന് ചെറുപ്പക്കാര്‍ ബെയ്ജിംഗിലെ വിഖ്യാതമായ ടിയാന്‍മെന്‍ സ്‌ക്വയറില്‍ 1989 ൽ തമ്പടിച്ചു. ചൈനയിലെ ഈ മുന്നേറ്റത്തെ പതുക്കെ ലോക സമൂഹം ശ്രദ്ധിക്കാന്‍ തുടങ്ങി. അന്നത്തെ ചൈനീസ് പ്രധാനമന്ത്രിയായിരുന്ന ഷാവൊ സിയാങ്ങിനു ജനാധിപത്യ വാദികളോട് അനുഭാവമുണ്ടായിരുന്നു. സമരത്തിന്റെ ഭാഗമായി ഷാങ്ങ്ഹായില്‍ ട്രെയിൻ തടയാന്‍ ശ്രമിച്ച ജനാധിപത്യ വാദികളെ അതേ ട്രെയിൻ കയറ്റി കൊന്നതിനെത്തുടര്‍ന്നു സമരക്കാര്‍ ട്രെയിനിനു തീവച്ചു. 1989 ജൂൺ നാലിന് അർധരാത്രി ടാങ്കുകളും കവചിത വാഹനങ്ങളുമടക്കമുള്ള സൈനിക വ്യൂഹം സമരക്കാർക്കു നേരേ ഇരച്ചു കയറി. നൂറുകണക്കിനു പേർ കൊല്ലപ്പെട്ടു. സമരക്കാരോട് അനുഭാവം പുലര്‍ത്തിയ ഷാവോ സിയാങ് തടങ്കലിലുമായി .

ടിയാൻമെൻ സ്ക്വയറിനെക്കുറിച്ച് വായിച്ചറിഞ്ഞ കഥകൾ മനസ്സിൽ വെടിയുതിർക്കുന്നതിനിടയിൽ നമ്മുടെ ബസ് ചരിത്രമുറങ്ങുന്ന ചത്വരത്തോടടുത്തു വരികയാണ്. സായാഹ്ന സൂര്യൻ്റെ നേർത്ത വെളിച്ചത്തിൽ ബീജിംഗിന്റെ വിശാലമായ പാതകളിലൂടെ ഞങ്ങളുടെ ബസ് മുന്നോട്ടു നീങ്ങുകയായിരുന്നു. യാത്രാ നന്ദ ട്രാവൽ ഫ്യൂഷൻ ടൂർ മാനേജർ ഷിജിൻ പറമ്പത്തിൻ്റെ നേതൃത്വത്തിൽ എത്തിയ 34 അംഗ മലയാളികൾ—ചരിത്രത്തോടും സംസ്കാരത്തോടും കൗതുകം പുലർത്തുന്ന യാത്രികർ. ജനലിനപ്പുറം നിരന്നുനിൽക്കുന്ന മരങ്ങളും ആകാശത്തെ തൊടുന്ന കെട്ടിടങ്ങളും പിന്നിലേക്ക് ഒഴുകിപ്പോകുമ്പോൾ, മനസ്സിൽ ഒരേയൊരു ലക്ഷ്യം മാത്രം—ലോകത്തിലെ ഏറ്റവും പ്രശസ്തമായ പൊതുസ്ഥലങ്ങളിലൊന്നായ ടിയാൻമെൻ സ്ക്വയർ.കേരളത്തിന്റെ പച്ചപ്പിൽനിന്ന് ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഒരു ഭൂഖണ്ഡത്തിൽ, മനുഷ്യചരിത്രത്തിന്റെ മറ്റൊരു മഹാഗാഥയെ സ്പർശിക്കാനുള്ള ആവേശത്തിലായിരുന്നു ഞങ്ങൾ.

ബസിന്റെ ചില്ലുജാലകങ്ങൾക്കപ്പുറം നഗരം നല്ല തിരക്കിലായിരുന്നു. ക്രമമായി നീങ്ങുന്ന വാഹനങ്ങൾ, വിശാലമായ റോഡുകൾ, പൂന്തോട്ടങ്ങൾ, ഉയർന്ന കെട്ടിടങ്ങൾ—ഇവയെല്ലാം ചേർന്ന് ഒരു ആധുനിക സാമ്രാജ്യത്തിന്റെ മുഖച്ഛായ വരച്ചുകാട്ടി. എന്നാൽ ഞങ്ങളുടെ മനസ്സ് തേടിയിരുന്നത് ഒരു തുറസ്സായ മൈതാനമായിരുന്നു; ലോക രാഷ്ട്രീയത്തിന്റെ അനേകം വഴിത്തിരിവുകൾക്ക് സാക്ഷിയായ ഒരു ഭൂവിഭാഗം—ടിയാൻമെൻ സ്ക്വയർ.

ബസിൽ ആരോ പതുക്കെ പറഞ്ഞു: “ഇതാണ് ചരിത്രം ശ്വസിക്കുന്ന നഗരം.” ആ വാക്കുകൾ കേട്ടപ്പോൾ, ബീജിംഗ് എന്ന നഗരം വെറും തലസ്ഥാനമല്ല; നൂറ്റാണ്ടുകളുടെ ഓർമ്മകൾ സൂക്ഷിക്കുന്ന ഒരു ജീവിക്കുന്ന മ്യൂസിയമാണെന്ന് തോന്നി. സൈന്യത്തിൻ്റെ പരിശോധനകളൊക്കെ പൂർത്തിയാക്കി അൽപസമയത്തിനകം ഞങ്ങൾ ടിയാൻമെൻ സ്ക്വയറിന്റെ സമീപത്തെത്തി. വിശാലതയുടെ മഹത്വം ആദ്യ നിമിഷം തന്നെ ഞങ്ങളെ അത്ഭുതപ്പെടുത്തി. ഏകദേശം 4.4 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ ചത്വരം ലോകത്തിലെ ഏറ്റവും വലിയ പൊതുസ്ക്വയറുകളിൽ ഒന്നാണ്. ആയിരക്കണക്കിന് ആളുകളെ ഒരേസമയം ഉൾക്കൊള്ളാൻ കഴിയുന്ന ഈ തുറസ്സായ സ്ഥലം ചൈനയുടെ രാഷ്ട്രീയ-സാംസ്കാരിക ഹൃദയമായി കണക്കാക്കപ്പെടുന്നു.ആദ്യ കാഴ്ചയിൽ തന്നെ അതിന്റെ വലുപ്പം മനസ്സിനെ വിസ്മയിപ്പിച്ചു. മനുഷ്യർ ചെറുപുള്ളികളായി തോന്നുന്നത്ര വലിയ ഒരു ചത്വരം. ഭൂമിശാസ്ത്രത്തിന്റെ ഒരു പാഠപുസ്തകം തുറന്നുവെച്ചതുപോലെ. ഏകദേശം നൂറ് ഏക്കറിലധികം വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ സ്ഥലം, ഒരു രാജ്യത്തിന്റെ രാഷ്ട്രീയചിഹ്നം മാത്രമല്ല, ഒരു യുഗത്തിന്റെ പ്രതീകവുമാണ്.

മിംഗ് രാജവംശകാലത്താണ് ഇത് നിർമ്മിച്ചത്.

ചരിത്രത്തിന്റെ തുടക്കം

1420-ൽ യോഗിൾ ചക്രവർത്തിയുടെ ഭരണകാലത്ത് നിർമ്മിക്കപ്പെട്ട ഫോർബിഡൻ സിറ്റിയുടെ തെക്കുഭാഗത്താണ് ടിയാൻമെൻ കവാടം സ്ഥാപിക്കപ്പെട്ടത്. അന്നത്തെ കാലത്ത് ഇന്നത്തെ പോലെ വലിയൊരു ചത്വരം ഇവിടെ ഉണ്ടായിരുന്നില്ല. രാജകീയ കൊട്ടാരത്തെ ചുറ്റിപ്പറ്റിയ ഭരണകേന്ദ്രങ്ങളും മതിലുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

1644-ൽ മിങ് വംശത്തിന്റെ പതനവുമായി ബന്ധപ്പെട്ട യുദ്ധങ്ങളിൽ കവാടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും പിന്നീട് ഷുണ്ഴി രാജവംശത്തിന്റെ കാലത്ത് പുനർനിർമിക്കപ്പെട്ടു.

ആധുനിക ടിയാൻമെൻ സ്ക്വയറിന്റെ ജനനം :

1949 ഒക്ടോബർ 1-ന്മാവോ സെ തൂങ് ഇവിടെ നിന്നാണ് പീപ്പിൾസ് റിപ്പബ്ലിക് ഒഫ് ചൈനയുടെ രൂപീകരണം പ്രഖ്യാപിച്ചത്. അതിനുശേഷം പുതിയ ചൈനയുടെ ദേശീയ പ്രതീകമായി ഈ സ്ഥലം മാറി.

1950-കളിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ നേതൃത്വത്തിൽ ചത്വരം വിപുലീകരിക്കാനുള്ള പദ്ധതി ആരംഭിച്ചു. പ്രത്യേകിച്ച് 1958-59 കാലഘട്ടത്തിൽ വലിയ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നു. പഴയ കെട്ടിടങ്ങളും കവാടങ്ങളും നീക്കംചെയ്ത് പൊതു സമ്മേളനങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ചത്വരം വികസിപ്പിച്ചു.

പ്രധാന നിർമ്മിതികൾ

ടിയാൻമെൻ സ്ക്വയറിനെ ചുറ്റിപ്പറ്റി പിന്നീട് നിരവധി ദേശീയ സ്മാരകങ്ങൾ ഉയർന്നു:

1958:ജനനായകന്മാരുടെ സ്മാരക സ്തൂപം അഥവാ ജന വീരന്മാരുടെ സ്മാരകം (ചൈനയുടെ സ്വാതന്ത്ര്യത്തിനും വിപ്ലവങ്ങൾക്കുമായി ജീവത്യാഗം ചെയ്തവരെ അനുസ്മരിക്കുന്ന സ്മാരകം)

മേറ്റ് ഹാൾ ഒഫ് ദ പീപ്പിൾ (1959)ജന മഹാസഭാ മന്ദിരം (ചൈനയുടെ ദേശീയ ജനകീയ കോൺഗ്രസിൻ്റെ സമ്മേളനങ്ങൾ നടക്കുന്ന പ്രധാന സർക്കാർ മന്ദിരം)

നാഷണൽ മ്യൂസിയം ഓഫ് ചൈന (1959)ചൈനയുടെ ദേശീയ മ്യൂസിയം(ചൈനയുടെ ചരിത്രവും സംസ്കാരവും പൈതൃകവും പ്രദർശിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്ന്)

മാവോ സേദോങ് മ്യൂസോളിയം (1977)

മാവോ സേ ദോങ് സ്മാരക ശവ കുടീരം

(ചൈനയുടെ സ്ഥാപക നേതാവായ മാവോസേ ദോങ്ങിന്റെ ഭൗതികശരീരം സംരക്ഷിച്ചിരിക്കുന്ന സ്മാരക മന്ദിരം )

ഇത് സ്‌മൃതി മണ്ഡപം . ഇന്ന്, ചൈനയുടെ രാഷ്ട്രീയ-ചരിത്ര കേന്ദ്രമായി മാറി കഴിഞ്ഞു.

മുന്നിൽ ഉയർന്നുനിൽക്കുന്ന ടിയാൻമെൻ ഗേറ്റിലേക്കു നോക്കുമ്പോൾ, അതിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന മാവോ സേതുങിന്റെ ചിത്രം ശ്രദ്ധയിൽപ്പെട്ടു. “സ്വർഗീയ സമാധാനത്തിന്റെ കവാടം” എന്നാണ് ടിയാൻമെൻ എന്ന പേരിന്റെ അർഥം. എന്നാൽ ചരിത്രത്തിന്റെ വിരോധാഭാസം പോലെ, ഈ സമാധാനത്തിന്റെ കവാടം നേരത്തെ പരാമർശിച്ചതു പോലെ നിരവധി രാഷ്ട്രീയ സംഘർഷങ്ങൾക്കും സാമൂഹിക മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.

സ്ക്വയറിന്റെ തെക്കുഭാഗത്ത് ദേശീയ നായകരുടെ സ്മാരകം. പടിഞ്ഞാറ് ചൈനയുടെ മഹത്തായ ജനസഭാമന്ദിരം. കിഴക്ക് ദേശീയ മ്യൂസിയം. തെക്കോട്ട് മാവോ സേതുങിന്റെ സ്മാരകമന്ദിരം. ഓരോ കെട്ടിടവും ഒരു രാഷ്ട്രത്തിന്റെ കഥ പറയുന്ന മഹാഗ്രന്ഥങ്ങൾപോലെ തോന്നി.

ഓരോ കെട്ടിടവും ഓരോ ചരിത്രാധ്യായം.

ഓരോ ശിലയും ഓരോ ഓർമ്മ.

ഓരോ കാറ്റും ഓരോ കഥ.

ടിയാൻമെൻ സ്ക്വയർ ഒരു വിനോദസഞ്ചാരകേന്ദ്രമല്ലെന്ന് അപ്പോൾ മനസ്സിലായി. ഇത് ചൈനയുടെ ദേശീയ സ്മൃതിയുടെ കേന്ദ്രമാണ്.

അവിടെ നിന്നുകൊണ്ട് ഗൈഡ് പറഞ്ഞു:

“1949 ഒക്ടോബർ ഒന്നിന്, ഇതേ കവാടത്തിൽ നിന്നാണ് മാവോ സേതുങ് ജനകീയ റിപ്പബ്ലിക് ഓഫ് ചൈനയുടെ ജനനം പ്രഖ്യാപിച്ചത്.”

ആ വാക്കുകൾ കേൾക്കുമ്പോൾ ഞങ്ങളുടെ കണ്ണുകൾക്ക് മുന്നിൽ ചരിത്രം പുനർജനിക്കുന്നതുപോലെ തോന്നി. ലക്ഷക്കണക്കിന് ജനങ്ങൾ നിറഞ്ഞുനിന്ന ഒരു ദിവസം. നൂറ്റാണ്ടുകളുടെ സാമ്രാജ്യത്വവും ആഭ്യന്തര സംഘർഷങ്ങളും പിന്നിലാക്കി ഒരു പുതിയ രാഷ്ട്രം ലോകവേദിയിൽ ഉദിച്ചുയർന്ന നിമിഷം.ആ പ്രഖ്യാപനം ഒരു രാജ്യത്തിന്റെ രാഷ്ട്രീയ ഭൂപടം മാത്രമല്ല, ലോകചരിത്രത്തിന്റെ ഗതിയും മാറ്റി. അതിനുശേഷം ദേശീയ ദിന പരേഡുകളും ഔദ്യോഗിക ആഘോഷങ്ങളും ജനകീയ സംഗമങ്ങളും ഇവിടെ നടന്നുവരുന്നു.

സന്ധ്യ അടുക്കുകയായിരുന്നു.

ചുവപ്പും സ്വർണവും കലർന്ന വെളിച്ചത്തിൽ ടിയാൻമെൻ കവാടം കൂടുതൽ ഗംഭീരമായി. ദേശീയ പതാക കാറ്റിൽ പാറി. സന്ദർശകർ ചിത്രങ്ങൾ പകർത്തി. കുട്ടികൾ ഓടി ക്കളിച്ചു. ലോകത്തിന്റെ വിവിധ ഭാഷകൾ കാറ്റിൽ കലർന്നു.

അധികാരത്തിന്റെയും പ്രതീക്ഷയുടെയും.

അഭിമാനത്തിന്റെയും പ്രതിഷേധത്തിന്റെയും.

വിജയത്തിന്റെയും വിവാദത്തിന്റെയും.

എല്ലാം ഒരുമിച്ചു ജീവിക്കുന്ന ഒരു ചരിത്രവേദി

സ്ക്വയറിന്റെ നടുവിൽ നിന്നപ്പോൾ, ഒരു യാത്രികൻ മൃദുവായി പറഞ്ഞു:

“ഇവിടെ കാറ്റ് പോലും ചരിത്രത്തിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്.”

അത് ശരിയാണെന്ന് തോന്നി. ഈ വിശാലമായ മൈതാനത്തിലൂടെ നടന്നുപോയത് ലക്ഷക്കണക്കിന് മനുഷ്യരാണ്. അവരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രതിഷേധങ്ങളും വിജയങ്ങളും പരാജയങ്ങളും ഈ മണ്ണിൽ പതിഞ്ഞുകിടക്കുന്നു.

സൂര്യൻ പതുക്കെ പടിഞ്ഞാറോട്ട് നീങ്ങുമ്പോൾ, ചുവപ്പും സ്വർണനിറവും കലർന്ന വെളിച്ചം സ്ക്വയറിനു മുകളിലൂടെ പരന്നു. ചരിത്രവും വർത്തമാനവും ഒരേ ഫ്രെയിമിൽ നിൽക്കുന്ന ഒരു നിമിഷം. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യത്തിന്റെ ഹൃദയമിടിപ്പ് കേൾക്കാൻ കഴിയുന്ന സ്ഥലം. അധികാരത്തിന്റെയും ജനകീയതയുടെയും ദേശീയ അഭിമാനത്തിന്റെയും വിവാദങ്ങളുടെയും സംഗമഭൂമി.

തിരിച്ചുപോകാൻ ഒരുങ്ങുമ്പോൾ, ടിയാൻമെൻ സ്ക്വയർ ഞങ്ങളുടെ മനസ്സിൽ ഒരു സന്ദേശം എഴുതിവെച്ചിരുന്നു:

“ചരിത്രം വെറും പുസ്തകങ്ങളിൽ മാത്രമല്ല; ചില സ്ഥലങ്ങൾ തന്നെയാണ് ചരിത്രമായി മാറുന്നത്.”

അങ്ങനെ ബീജിംഗിന്റെ സായാഹ്നാകാശത്തിനു കീഴിൽ, ടിയാൻമെന്റെ വിശാലതയും അതിന്റെ കഥകളും ഹൃദയത്തിൽ സൂക്ഷിച്ചുകൊണ്ട് ഞങ്ങൾ മടങ്ങി. ഒരു ചത്വരം കണ്ടുവെന്ന സന്തോഷത്തേക്കാൾ, ഒരു രാജ്യത്തിന്റെ ആത്മാവിന്റെ ഒരു ഭാഗം സ്പർശിച്ചുവെന്ന അനുഭവമായിരുന്നു അത്.

തിരിച്ചുപോകാൻ ബസിൽ കയറുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരേയൊരു ചിന്ത മാത്രം അവശേഷിച്ചു:

“ചില സ്ഥലങ്ങൾ കാണാൻ പോകുന്നതല്ല; അവയെ അനുഭവിക്കാനാണ് പോകുന്നത്. ടിയാൻമെൻ സ്ക്വയർ അത്തരമൊരു അനുഭവമാണ്.”

ബീജിംഗിന്റെ സായാഹ്നാകാശം പിന്നിലേക്ക് മറയുമ്പോൾ, ഞങ്ങൾക്കൊപ്പം യാത്രചെയ്തത് ചിത്രങ്ങളോ ഓർമ്മച്ചിഹ്നങ്ങളോ മാത്രമായിരുന്നില്ല.

ഒരു രാജ്യത്തിന്റെ ചരിത്രം; ഒരു ജനതയുടെ സ്വപ്നങ്ങൾ ;ഒരു ലോകത്തിന്റെ ചോദ്യങ്ങൾ.അവയൊക്കെയായിരുന്നു.

ടിയാനൻമെൻ സ്‌ക്വയറിനെ കുറിച്ചുള്ള ഓർമകൾ ദീപ്തമാക്കുന്നത് 1989 ജൂൺ അഞ്ചിനു പകർത്തപ്പെട്ട ഒരു ചിത്രമാണ്. ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി എന്ന സൈന്യം നൂറുകണക്കിനു വിദ്യാർഥികളെ കൊന്നുതള്ളിയതിനു തൊട്ടടുത്ത ദിവസം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 കാരനായ യുവാവിന്റെ ചിത്രം. ലോകം അയാളെ ‘ടാങ്ക് മാൻ’ എന്ന് വിളിച്ചു.

ചരിത്ര സംഭവത്തിന്റെ പ്രതീകമായി ഇന്നും നിലകൊള്ളുന്ന ശക്തമായ ചിത്രമായി അത് മാറി. ആ വിദ്യാർഥി ആരാണ്? അയാൾ ജീവനോടെ ഉണ്ടോ? ഉണ്ടെങ്കിൽ എവിടെ? ചൈനീസ് സൈന്യം അയാളെ കൊലപ്പെടുത്തിയോ? തുടങ്ങിയ ചോദ്യങ്ങൾ ലോകം ചോദിക്കാൻ തുടങ്ങിയിട്ട് 37 വർഷം തികയുന്നു. സൈന്യം പ്രതിഷേധക്കാരെ നേരിടുന്നത് പകർത്താൻ സമീപത്തെ ഹോട്ടലിന്റെ ബാൽക്കണിയിൽ നിന്ന വിദേശ മാധ്യമപ്രവർത്തകരാണ് ആ ചിത്രം പകർത്തിയത്.

സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിന്‍ എന്ന പത്ര ഫോട്ടോഗ്രാഫര്‍ എടുത്ത ചിത്രം പിന്നീട് ടൈം മാഗസിന്റെ കവര്‍ ചിത്രമായി. ചാര്‍ലി കോള്‍ എന്ന ഫോട്ടോഗ്രഫർ ഈ ചിത്രത്തിന്റെ പേരിൽ 1990 ലെ വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡിന് അർഹനായി. ലോകം ചർച്ച ചെയ്യാൻ പോകുന്ന ചിത്രമാണ് ഇതെന്ന് കരുതിയില്ലെന്ന് സ്റ്റുവര്‍ട്ട് ഫ്രാങ്ക്ലിന്‍ പിന്നീട് ഓർത്തെടുത്തു. അയാൾ ടാങ്കിനെ പോവാൻ അനുവദിക്കാതെ ഒറ്റയ്ക്ക് തടഞ്ഞു നിർത്തി. അയാളെ മെതിച്ചുകൊണ്ട് കടന്നു പോവുന്നതിനുപകരം ആ പട്ടാള ടാങ്ക് അതിന്റെ എഞ്ചിൻ ഓഫ് ചെയ്ത് അവിടെ നിർത്തി. .” ടാങ്കിന്റെ മുകളിൽ കയറി പട്ടാളക്കാരോട് അയാൾ സംസാരിച്ചതായും വീണ്ടും യാത്രതുടങ്ങാൻ തുടങ്ങിയ ടാങ്കുകളുടെ വ്യൂഹത്തിനു നേരേ വീണ്ടും ചാടി വീണതായും ഫ്രാങ്ക്ലിന്‍ ഓർമിക്കുന്നു.

ഒടുവിൽ രണ്ടു പേർ ചേർന്ന് അയാളെ വലിച്ചിഴച്ചു കൊണ്ടു പോയതായും ഫ്രാങ്ക്ലിന്‍ സാക്ഷ്യപ്പെടുത്തുന്നു. ആ രണ്ടു പേർ ആരാണെന്നോ വലിച്ചിഴച്ചു കൊണ്ടു പോയ യുവാവ് ആരാണെന്നോ, എവിടെയാണന്നോ ആർക്കും അറിയില്ല. ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന്റെ ഓർമകളെ പോലും വല്ലാതെ ഭയപ്പെട്ട ചൈന അയാളെക്കുറിച്ച് പിന്നീട് ലോകത്തോട് ഒന്നും പറഞ്ഞുമില്ല.

തുടരും ……

നാളെ : ഓറിയന്റൽ പേൾ ടി.വി. ടവർ

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page