വസ്ത്രവ്യാപാരി ഭാര്യയേയും മകനെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി; കര്‍ണാടക സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് യാത്ര തന്റെ കച്ചവടം നഷ്ടമാക്കിയെന്ന് ആത്മഹത്യാ കുറിപ്പ്

ബംഗളൂരു: കര്‍ണാടക സര്‍ക്കാരിന്റെ സൗജന്യ ബസ് യാത്രാ പദ്ധതി കാരണം തന്റെ കച്ചവടത്തില്‍ നഷ്ടം വന്നുവെന്ന ആരോപണം ഉന്നയിച്ച് മകനെയും ഭാര്യയെയും കൊലപ്പെടുത്തി വ്യവസായി ജീവനൊടുക്കി. സ്വന്തം കടയില്‍ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ കര്‍ണാടക മാണ്ഡ്യയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 65-കാരനായ പ്രഭാകരന്‍ എന്ന വസ്ത്ര വ്യാപാരിയാണ് മരിച്ചത്. ഭാര്യ ജ്യോതി (55), മകന്‍ സന്തോഷ് (30) എന്നിവരെ വീട്ടില്‍ വെച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ശേഷം പുലര്‍ച്ചെ 3.30 ഓടെ നെഹ്‌റു നഗറിലുള്ള തന്റെ കടയില്‍ പോയി തൂങ്ങിമരിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. കടയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിലാണ് താന്‍ മരിക്കുന്നതിന്റെ കാരണം പറഞ്ഞിരിക്കുന്നത്. സ്ത്രീകള്‍ നാട്ടില്‍നിന്ന് തുണിത്തരങ്ങള്‍ വാങ്ങുന്നതിന് പകരം നഗരങ്ങളിലേക്ക് പോയി സാധനങ്ങള്‍ വാങ്ങാന്‍ തുടങ്ങിയതോടെ തന്റെ ബിസിനസില്‍ വന്‍ നഷ്ടമുണ്ടാക്കിയതെന്നും, ഇതേത്തുടര്‍ന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ പോയെന്നും കുറിപ്പില്‍ പറയുന്നു. മകന്‍ സന്തോഷിന്റെ വിവാഹം കഴിഞ്ഞിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. ദുരന്തം നടക്കുമ്പോള്‍ സന്തോഷിന്റെ ഭാര്യ നല്ല ഉറക്കത്തിലായിരുന്നു. രാവിലെ അമ്മായിയമ്മയെ വിളിക്കാന്‍ മുറിയില്‍ ചെന്നപ്പോഴാണ് ഇരുവരും മരിച്ചുകിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് അവര്‍ അയല്‍ക്കാരെയും ബന്ധുക്കളെയും വിവിരമറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാണ്ഡ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
ബിസിനസ്സ് പൊളിഞ്ഞതിനാല്‍ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തിന് ഭവനവായ്പയുടെ പലിശ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ഈ സ്ഥാപനത്തിലെ ഏജന്റുമാര്‍ വീട്ടിലെത്തി കുടുംബത്തെ മാനസികമായി പീഡിപ്പിക്കും. കുടുംബത്തിന്റെ അന്തസ്സിന് ഭംഗം വരുമെന്നും മാനഹാനി സംഭവിക്കുമെന്നും ഭയന്നാണ് താന്‍ ഈ കടുംകൈ ചെയ്തതെന്നുമാണ് വ്യാപാരിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page