‘മോഹന്‍ലാല്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ വ്യാജം’; തന്റെ സമ്മതമില്ലാതെ കാറിന്റെ നമ്പര്‍ ഉപയോഗിച്ചു, ദൃശ്യം 3 സിനിമയ്ക്കെതിരെ ഉടമയുടെ പരാതി

ഇടുക്കി: മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ദൃശ്യം 3 സിനിമയ്ക്കെതിരെ പരാതി. സിനിമയില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച വാഹന നമ്പര്‍ വ്യാജമെന്നാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് പൊലീസില്‍ പരാതി നല്‍കിയത്. അറിവോ സമ്മതമോ ഇല്ലാതെ തന്റെ വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്ന് രാജീവിന്റെ പരാതിയില്‍ പറയുന്നു. നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ജിത്തു ജോസഫ്, മോഹന്‍ലാല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.
സ്വന്തം വാഹനത്തിന്റെ ആര്‍.സി ബുക്കിന്റെപകര്‍പ്പ് സഹിതമാണ് മൂന്നാര്‍ ഡിവൈഎസ്പിക്ക് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. രാജീവിന്റെ വാഹനം മഹീന്ദ്ര സ്‌കോര്‍പിയോ ആണെങ്കിലും, ദൃശ്യം 3 എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നത് മറ്റൊരു ബ്രാന്‍ഡ് വാഹനമാണ്.
2023 ലായിരുന്നു രാജീവ് ഈ വാഹനം എടുത്തത്. ചിത്രം റിലീസ് ചെയ്ത് നാലഞ്ച് ദിവസം കഴിഞ്ഞാണ് വാഹന നമ്പര്‍ സിനിമക്കാര്‍ ഉപയോഗിച്ച കാര്യം അറിയുന്നത്. നെടുങ്കണ്ടത്ത് നില്‍ക്കുമ്പോള്‍ ദൃശ്യം അനുകരിക്കുകയാണോ എന്ന് ചിലര്‍ രാജീവിനോട് ചോദിച്ചു. ആദ്യം തമാശയാണെന്ന് കരുതി. പിന്നീടാണ് ചിത്രത്തില്‍ തന്റെ വണ്ടി നമ്പറാണ് ഉപയോഗിച്ചതെന്ന് മനസിലായത്. തുടര്‍ന്നാണ് പരാതി നല്‍കിയത്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തന്റെ വണ്ടി നമ്പര്‍ ഒഴിവാക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.
റീലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഈ മാസം പതിനെട്ടിന് ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് വിവരം. മോഹന്‍ലാലിനൊപ്പം മീന, എസ്തര്‍ അനില്‍, അന്‍സിബ, സിദ്ദിഖ്, ആശാ ശരത്, മുരളി ഗോപി എന്നിവരും ദൃശ്യം 3 യില്‍ അഭിനയിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page