ടെഹ്റാന്‍: ഇറാനിലുള്ളവര്‍ എത്രയും പെട്ടെന്ന് രാജ്യം വിടണമെന്നും ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യന്‍ പൗരന്മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി ടെഹ്‌റാനിലെ ഇന്ത്യന്‍ എംബസി.
ഇസ്രായേല്‍ – ഇറാന്‍ സംഘര്‍ഷം യുദ്ധത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നിര്‍ദേശം.
ഞായറാഴ്ച ഇസ്രയേലിനെതിരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇസ്രയേല്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ട് ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി ഉണ്ടാകുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇറാന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണം തങ്ങളുെട പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. ഏപ്രില്‍ എട്ടിന് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ശേഷം ഇരു രാജ്യങ്ങളും നടത്തിയ ശക്തമായ ആക്രമണമായിരുന്നു ഇത്. നിലവിലെ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ക്കും ഇസ്രായേല്‍ നടപടിക്കു പിന്നില്‍ അമേരിക്കയുടെ നിരുത്തരവാദപരമായ നിലപാടാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് ആരോപിച്ചു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായും തകരുകയും യുദ്ധം 100-ാം ദിവസത്തിലേക്ക് കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ എംബസി ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം എംബസി പുറപ്പെടുവിക്കുന്ന എട്ടാമത്തെ സുരക്ഷാ നിര്‍ദ്ദേശമാണിത്. ഇറാനില്‍ തുടരുന്നവര്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തണമെന്നും സുരക്ഷിത സ്ഥാനങ്ങളില്‍ തന്നെ തുടരണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഘര്‍ഷത്തിനിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു.







