സലിം കുമാറിന്റെ മരണം; തനിക്ക് നഷ്ടമായത് സഹോദരതുല്യന്‍; മുഖ്യമന്ത്രി

കൊച്ചി: സലിംകുമാര്‍ തന്റെ സഹോദര തുല്യനാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബം തന്റെ കുടുംബം കൂടിയാണെന്നും ഞങ്ങള്‍ അവരെ ചേര്‍ത്തുപിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പറവൂരില്‍ മത്സരിക്കാന്‍ തുടങ്ങിയ കാലം മുതല്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നത് അദ്ദേഹമാണ്.

ഉദ്ഘാടനം ചെയ്യേണ്ടത് തന്റെ അവകാശമാണെന്ന് അദ്ദേഹം പറയുമായിരുന്നു. പ്രചരണം ആരംഭിച്ചാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനം വരെ എപ്പോഴും അദ്ദേഹം ഒപ്പമുണ്ടാകും. പിന്നീട് വേണമെങ്കില്‍ താന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിക്കണമായിരുന്നു. ഒരാവശ്യത്തിനും ഒരിക്കലും അദ്ദേഹം തന്നെ സമീപിച്ചിട്ടില്ല.

മലയാള കലാസ്വാദകരെ എന്നും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ പ്രതിഭയായിരുന്നു സലിംകുമാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളികള്‍ക്ക് ഹാസ്യമെന്ന് പറഞ്ഞാല്‍ അത് സലിംകുമാറായിരുന്നു. തനിക്ക് നഷ്ടപ്പെട്ടത് സഹോദര തുല്യനെയാണ്, മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ദു:ഖ സൂചകമായി റീത്ത് സമര്‍പ്പിച്ച മുഖ്യമന്ത്രി സലിംകുമാറിന്റെ മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു.

പ്രിയനടന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ സിനിമാ മേഖലയിലേതുള്‍പ്പെടെയുള്ളവരെ മുഖ്യമന്ത്രി അഭിവാദ്യം ചെയ്തു. മരണവിവരമറിഞ്ഞ് ഇന്നലെ രാത്രി മുഖ്യമന്ത്രി അമൃത ആശുപത്രിയിലെത്തിയിരുന്നു.

സലിം കുമാറിന്റെ സിനിമകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ വ്യക്തിത്വവും എഴുത്തിനോടും വായനയോടുമുള്ള താല്‍പര്യവും മുഖ്യമന്ത്രിയെ അദ്ദേഹത്തോട് കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളില്‍ ഇരുവരും സംസാരിക്കാറുണ്ടെന്ന് നേരത്തെ തന്നെ ഇരുവരും പറഞ്ഞിരുന്നു. സലിം കുമാറിന്റെ പുകവലി ശീലം നിര്‍ത്താന്‍ വി.ഡി സതീശന്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സലിം കുമാറിന് അദ്ദേഹത്തെ ഭയവുമായിരുന്നു. ഇത് സലിംകുമാര്‍ സഹപ്രവര്‍ത്തകര്‍ അടക്കമുള്ളവരോട് പലതവണ തുറന്നുപറയുകയും ചെയ്തിരുന്നു.

സലിംകുമാറിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും; മതപരമായ ചടങ്ങുകള്‍ ഉണ്ടാകില്ല

തിരുവനന്തപുരം: അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

കേരള പൊലീസിന്റെ ബ്യൂഗിള്‍ സല്യൂട്ടിനായി ജില്ലാ പൊലീസ് മേധാവിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മതപരമായ ചടങ്ങുകള്‍ വേണ്ടെന്ന സലിം കുമാറിന്റെ ആഗ്രഹം അനുസരിച്ചായിരിക്കും അന്തിമ കര്‍മ്മങ്ങള്‍.

രാവിലെ ഒമ്പതു മണി മുതല്‍ പറവൂര്‍ ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിനുശേഷം ഉച്ചയോടെ ഭൗതിക ശരീരം വടക്കന്‍ പറവൂരിലെ വീട്ടിലെത്തിക്കും. മൃതദേഹം, വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

എറണാകുളം ചിറ്റാറ്റുകരയിലെ ഗംഗാധരന്റെയും കൗസല്യയുടെയും മകനായി 1969 ഒക്ടോബര്‍ 10 നായിരുന്നു സലിം കുമാറിന്റെ ജനനം. പേരു കേട്ടാല്‍ മതം തിരിച്ചറിയേണ്ട എന്നു കരുതി പിതാവ് നല്‍കിയ പേരാണ് സലിം. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അധ്യാപികയുടെ നിര്‍ബന്ധത്തിന് വഴങ്ങി കുമാര്‍ എന്ന് കൂടി പേരിനൊപ്പം ചേര്‍ത്തു. മാല്യങ്കര എസ്.എന്‍.എം കോളജിലായിരുന്നു പ്രീഡിഗ്രി വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിലായിരുന്നു ഡിഗ്രി പഠനം. സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രി അവതരിപ്പിച്ചു തുടങ്ങിയെങ്കിലും കോളേജില്‍ പഠിക്കുമ്പോഴാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുപ്രസിദ്ധ കവര്‍ച്ചാസംഘം അമ്പലത്തറയില്‍ പിടിയില്‍; വലയില്‍ വീണത് സൂപ്പര്‍ മാര്‍ക്കറ്റ് കുത്തിത്തുറന്ന് കവര്‍ച്ച നടത്തി രക്ഷപ്പെടുന്നതിനിടയില്‍, ചീമേനി, പാലക്കുന്ന് കവര്‍ച്ചാ കേസുകള്‍ക്കും തുമ്പായേക്കും

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page