കാസര്‍കോട്: ബസ് യാത്രക്കിടയില്‍ 19കാരിയെ ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിച്ച് മാനഹാനി വരുത്തിയെന്ന കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍, അഞ്ചരക്കണ്ടി, വെണ്‍മണല്‍, ഹാജറ മന്‍സിലിലെ ഇബ്രാഹിം കണ്ടോത്തി (43)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് നിന്നു തലപ്പാടിയിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരിയായിരുന്നു പരാതിക്കാരി. ബസ് കാസര്‍കോട് നിന്നു പുറപ്പെട്ടത് മുതല്‍ ഇബ്രാഹിം ശല്യം ആരംഭിച്ചിരുന്നതായി പറയുന്നു. യുവതി കടുത്ത രീതിയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചുവെങ്കിലും വകവെക്കാതെ ശല്യം തുടരുകയായിരുന്നുവത്രെ. ശല്യം സഹിക്കാന്‍ കഴിയാതെ പൊറുതിമുട്ടിയ യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബസ് ഉപ്പള ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ പിടികൂടി ഉപ്പള പൊലീസ് കണ്‍ട്രോള്‍ റൂമില്‍ ഏല്‍പ്പിക്കുകായിരുന്നു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ഇബ്രാഹിമിനെ കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയത്.






