അമരാവതി: ഡല്‍ഹി- ചെന്നൈ ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ് ട്രെയിന്റെ വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് അജ്ഞാത സംഘം നടത്തിയ ആക്രമണത്തില്‍ ലോക്കോ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലൂടെ കടന്ന് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് അക്രമം ഉണ്ടായത്. കഴിഞ്ഞദിവസമാണ് സംഭവം. എഞ്ചിനുള്ളില്‍ രക്തം തളം കെട്ടി കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
അജ്ഞാതര്‍ ട്രെയിനിന് നേരെ വലിച്ചെറിഞ്ഞ കല്ലും മറ്റും ട്രെയിന്റെ എഞ്ചിന്റെ വിന്‍ഡ്ഷീല്‍ഡില്‍ പതിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സീനിയര്‍ ലോക്കോ പൈലറ്റ് എം. ജയറാമിനു അടിയന്തിര ചികിത്സ നല്‍കിയതിനുശേഷം വിജയവാഡ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സംഭവത്തില്‍ റെയില്‍വേ ഉദ്യോഗസ്ഥരും ലോക്കല്‍ പൊലീസും അന്വേഷണം ആരംഭിച്ചു. ഓടുന്ന ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നത് അടുത്തിടെ പതിവായിരിക്കുകയാണ്. നിരവധി പേര്‍ക്ക് ഇത്തരം അക്രമണങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്.







