പ്രസവ സമയത്ത് പുറത്തെടുക്കവെ കുഞ്ഞിന്റെ കയ്യൊടിഞ്ഞു; കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ വീണ്ടും ആരോപണം

കോഴിക്കോട്: പ്രസവ സമയത്ത് പുറത്തെടുക്കവെ കുഞ്ഞിന്റെ കയ്യൊടിഞ്ഞതായി പരാതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിക്കെതിരെയാണ് വീണ്ടും ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
കക്കോടി ഒറ്റതെങ്ങ് സ്വദേശി സുജിന്‍-അമല ദമ്പതികളുടെ കുഞ്ഞിന്റെ വലതു കൈയിലെ എല്ലാണ് പൊട്ടിയത്.

പ്രസവശേഷം ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ കാണിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞിന്റെ കൈക്ക് പ്ലാസ്റ്റര്‍ ഇട്ടിരുന്നുവെന്നും രണ്ടാം ദിവസം അത് അഴിഞ്ഞ് വീണുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുട്ടി വേദനകൊണ്ട് കരഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്നും കുട്ടിയുടെ മാതാവ് അമല പറഞ്ഞു. മണിക്കൂറുകള്‍ കാത്തു നിന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഒരു ഡോക്ടര്‍ പോലും കുട്ടിക്ക് ചികിത്സ നല്‍കാന്‍ തയാറായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാല്‍ കുട്ടിയുടെ കൈയുടെ എല്ലിന്റെ സ്ഥാനം തെറ്റിയതായും ആരോപണമുണ്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് പൊലീസ് എന്നിവര്‍ക്ക് കുടുംബം പരാതി നല്‍കി.

വ്യാഴാഴ്ചയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം ഉയര്‍ന്നിരുന്നു. വൃക്കയിലെ കല്ല് നീക്കം ചെയ്യാനെത്തിയ രോഗി ചികിത്സാ പിഴവിനെ തുടര്‍ന്ന് മരിച്ചെന്നാണ് പരാതി. രണ്ട് കേസുകളിലും അന്വേഷണം നടക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കിയതായി പറയുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page