ഉപ്പളയില്‍ വൈദ്യശാലയില്‍ അതിക്രമിച്ചു കയറി അക്രമം; വയോധികനായ ഉടമയെ നിലത്തേയ്ക്ക് തള്ളിയിട്ട് ചവിട്ടി, മൊബൈല്‍ ഫോണ്‍ എറിഞ്ഞുടച്ചു, 3 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: നിസാര പ്രശ്‌നത്തെ ചൊല്ലി വൈദ്യശാലയില്‍ അതിക്രമിച്ചു കയറിയ സംഘം വയോധികനായ ഉടമയെ ക്രൂര മര്‍ദ്ദനത്തിനു ഇരയാക്കിയതായി പരാതി. പരാതിക്കാരന്റെ മൊബൈല്‍ ഫോണ്‍ നിലത്തേയ്ക്ക് എറിഞ്ഞ് തകർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.
ഉപ്പള റെയില്‍വെ സ്റ്റേഷന്‍ റോഡിലെ ധന്വന്തരി വൈദ്യശാല ഉടമ കയ്യാര്‍, കുണ്ടാച്ചക്കട്ട, ബിഡു ഹൗസിലെ കെ രവിചന്ദ്ര (75)യാണ് അക്രമത്തിനു ഇരയായത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ സവാദ്, കണ്ടാല്‍ അറിയാവുന്ന മറ്റു രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
ജൂണ്‍ മൂന്നിന് ഉച്ചയ്ക്ക് 12.30 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. വൈദ്യശാലയ്ക്കു സമീപത്താണ് ഉടമയായ രവിചന്ദ്രയുടെ കാര്‍ നിര്‍ത്തിയിട്ടിരുന്നത്. കാറിനടുത്തേയ്ക്ക് സംശയാസ്പദമായ സൗഹചര്യത്തില്‍ യുവാക്കള്‍ പോകുന്നതു കണ്ട രവിചന്ദ്ര ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നുവെന്നു പറയുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സംഘം വൈദ്യശാലയിലേയ്ക്ക് അതിക്രമിച്ചു കയറുകയും അസഭ്യം പറഞ്ഞു കൊണ്ട് മൊബൈല്‍ ഫോണ്‍ എറിഞ്ഞുടക്കാന്‍ ശ്രമിച്ചതായും പറയുന്നു. തടയാന്‍ ശ്രമിച്ചപ്പോള്‍ രവി ചന്ദ്രയെ നിലത്തേയ്ക്ക് തള്ളിയിട്ട് നെഞ്ചിലും പുറത്തും ചവിട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറഞ്ഞു. പ്രതികളെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചതായി മഞ്ചേശ്വരം പൊലീസ് വ്യക്തമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page