അതിതീവ്ര മഴയ്ക്ക് സാധ്യത; കാസര്‍കോട്ട് നാളെ റെഡ് അലര്‍ട്ട്

കാസര്‍കോട്: അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ഉള്‍പ്പെടെ അഞ്ചു ജില്ലകളില്‍ നാളെ (ശനി) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള മറ്റു ജില്ലകള്‍.
24 മണിക്കൂറില്‍ 204.4 മില്ലി ലിറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നതാണ് അതിതീവ്ര മഴയെന്നു പറയുന്നത്.
എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഇന്ന് (വെള്ളി) ഓറഞ്ച് അലര്‍ട്ടാണ്. റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
മണ്ണിടിച്ചല്‍, ഉരുള്‍പ്പൊട്ടല്‍, മലവെള്ളപ്പാച്ചില്‍, സാധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്ളവര്‍ സുരക്ഷിത പ്രദേശങ്ങളിലേയ്ക്ക് മാറണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി ക്യാമ്പുകളിലേയ്ക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യത ഉള്ളതിനാല്‍ അടച്ചുറപ്പ് ഇല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും അറിയിപ്പില്‍ പറഞ്ഞു.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നും വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേയ്ക്കുള്ള വിനോദ യാത്രകള്‍, മഴ മുന്നറിയിപ്പ് മാറുന്നതുവരെ ഒഴിവാക്കണമെന്നുംഅറിയിപ്പില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page