കാലവര്‍ഷം: ഇടിമിന്നലില്‍ നായ്ക്കാപ്പില്‍ രണ്ടു വീടുകള്‍ക്കു നാശം; വൈദ്യുതി ഉപകരണങ്ങള്‍ പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു

കുമ്പള: കാലവര്‍ഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രിയുണ്ടായ അതി ശക്തമായ ഇടിമിന്നലില്‍ കുമ്പള നായ്ക്കാപ്പില്‍ രണ്ടു വീടുകള്‍ക്കു നാശം നേരിട്ടു. 20 ദിവസം പ്രായമായ കൈക്കുഞ്ഞുള്‍പ്പെടെ വീട്ടിലുണ്ടായിരുന്നവര്‍ ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. വീടുകളിലെ വൈദ്യുതി ഉപകരണങ്ങളും സ്വിച്ച് ബോഡുകളും പൊട്ടിത്തെറിച്ചു. ഭിത്തികള്‍ക്കു വിള്ളല്‍ വീണു.
നായ്ക്കാപ്പ് രാമേശ്വര നഗറിലെ അയല്‍ക്കാരായ ശകുന്തള, യമുന എന്നിവരുടെ വീടുകള്‍ക്കാണ് രാത്രിയുണ്ടായ ഇടിമിന്നലില്‍ ആഘാതമേറ്റത്. ശകുന്തളയുടെ വീട്ടില്‍ മാതാവും മക്കളുമടക്കം അഞ്ചുപേര്‍ അപ്പോഴുണ്ടായിരുന്നു. 20 ദിവസം പ്രായമുള്ള കുട്ടിയും അക്കൂട്ടത്തിലുണ്ടായിരുന്നു. യമുനയുടെ വീട്ടില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നത്. ഇടിമിന്നലിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ ഞെട്ടി എഴുന്നേറ്റ് പുറത്തിറങ്ങിയതും അപകടവും ഒരേ സമയത്തായിരുന്നുവെന്നു രക്ഷപ്പെട്ടവര്‍ അനുസ്മരിച്ചു.
മഴയിലും ഇടിമിന്നലിലും മറ്റു സ്ഥലങ്ങളിലും അപകടങ്ങളുണ്ടായി, എരിയാല്‍ പൂക്കരയില്‍ അനൂപ്, സൗമ്യ, അമ്മാള്‍ എന്നിവരുടെ പറമ്പിന്റെ മതില്‍ മഴയില്‍ ഇടിഞ്ഞു വീണു. ഇതുമൂലം വലിയ നാശനഷ്ടമുണ്ടായിട്ടുണ്ട്. നായ്ക്കാപ്പില്‍ അപകടമുണ്ടായ വിവരമറിഞ്ഞുടനെ പഞ്ചായത്തുമെമ്പര്‍ അജിത് സ്ഥലത്തെത്തിയിരുന്നു. അടിയന്തര സഹായം അദ്ദേഹം ഉറപ്പാക്കി. എരിയാലില്‍ മതിലിടിഞ്ഞതു റവന്യു അധികൃതരെയും മറ്റും അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page