കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ കുമ്പള പഞ്ചായത്ത് ബസ്സ്റ്റാന്റ് ഇതാ, ഇങ്ങനെ; മഴ കടുക്കുമ്പോഴെന്തു ചെയ്യുമെന്ന വേവലാതിയില്‍ നാട്ടുകാര്‍

കുമ്പള: കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ത്തന്നെ കുമ്പളയിലെ ബസ്സ്റ്റാന്റ് വെള്ളത്തില്‍ മുങ്ങി. മഴ പെയ്യുമ്പോള്‍ നനയാതിരിക്കാന്‍ ബസ് സ്റ്റാന്റിനടുത്തുണ്ടാക്കിയ വിവാദ ബസ് വെയ്റ്റിംഗ് ഷെഡ്ഡേ ഉള്ളൂ. അതിനു മുന്നിലെ വെള്ളക്കെട്ടില്‍ ബസ് നിറുത്തുന്നില്ല. വെള്ളത്തിന് അപ്പുറവും ഇപ്പുറവുമാണ് ബസ്സുകള്‍ നിറുത്തുന്നത്. അവിടെയെത്തണമെങ്കില്‍ ഒന്നുകില്‍ കെട്ടി നില്‍ക്കുന്ന മഴവെള്ളത്തില്‍ ചാടി കടന്നുപോകണം. അല്ലെങ്കില്‍ മഴ നനഞ്ഞു കൊണ്ടു ബസ്സുകള്‍ നിറുത്തിയിരിക്കുന്നിടം വരെ ഓടണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വന്‍ തുക ചെലവഴിച്ചുണ്ടാക്കിയ റോഡിനു വശത്തു ഓവുചാലുണ്ട്. ഓവുചാലിനെക്കാള്‍ താഴ്ന്നു കിടക്കുന്ന റോഡില്‍ നിര്‍മ്മാണഘട്ടത്തില്‍. ഓവുചാലിന്റെ ഭാഗത്തു നിന്നു മണ്ണു എടുത്തു റോഡിലേക്കിട്ട് ഓവുചാലില്‍ വെള്ളം എത്താവുന്ന തരത്തില്‍ ലവല്‍ ചെയ്തിരുന്നുവെങ്കില്‍ ഒഴിവാക്കാമായിരുന്ന ചെറിയ പ്രശ്‌നമാണ് ഇപ്പോള്‍ യാത്രക്കാര്‍ക്കും ബസ്സുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രശ്‌നമായി മാറിയിട്ടുള്ളത്. ബസ് സ്റ്റാന്റ് ഓരോരുത്തരുടെ സൗകര്യത്തിനു മാറ്റി മറിക്കുന്ന പഞ്ചായത്ത് അധികൃതര്‍ക്കു ജനകീയ പ്രശ്‌നമൊന്നും ഒരു പ്രശ്‌നമേയാകുന്നില്ല. രാഷ്ട്രീയ പാര്‍ട്ടികളും വ്യാപാരി സംഘടനകളും ഇക്കാര്യത്തില്‍ മൗനികളായിരിക്കുന്നു. ജനങ്ങളുടെ പണം കൊണ്ട് ഓരോന്നുണ്ടാക്കാന്‍ തീരുമാനിക്കുന്ന രാഷ്ട്രീയക്കാരും ഭരണക്കാരും പാഴാവുന്നത് അവരുടെ പൈസ അല്ലല്ലോ എന്നു സമാധാനിക്കുകയാണെന്നു നാട്ടുകാര്‍ പരിഹസിക്കുന്നു.
റോഡില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഇപ്പോഴും ഒഴിവാക്കാവുന്നതേയുള്ളൂ. പക്ഷേ അതു ചെയ്യാനുള്ള മനസ്സുകൂടി പഞ്ചായത്തു ഭരിക്കുന്നവര്‍ക്കു വേണ്ടേ എന്നു നാട്ടുകാര്‍ പരസ്പരം ചോദിക്കുന്നു. ഇനി സഹിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലല്ലോ എന്ന് അവര്‍ സഹതപിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page